കാസർകോട് നഗരസഭയിൽ വ്യാജ വോട്ടർമാരെ തിരുകിക്കയറ്റാൻ ലീഗ് ശ്രമമെന്ന് സിപിഎം; കലക്ടർക്ക് പരാതി നൽകി
● കാസർകോട് നഗരസഭയിലെ 22, 24 വാർഡുകളിലാണ് നൂറിലധികം അപേക്ഷകൾ രണ്ട് ദിവസത്തിനുള്ളിൽ എത്തിയത്.
● അപേക്ഷകൾ മുമ്പ് ഹിയറിങ്ങിന് ശേഷം തള്ളിയവയാണ്.
● ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി വോട്ടുചേർക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും സി പി എം ആരോപിച്ചു.
● താമസം മാറിപ്പോയവരും സ്ഥിരതാമസക്കാരല്ലാത്തവരുമാണ് പുതിയ അപേക്ഷകരായി കൂട്ടത്തോടെ എത്തിയിട്ടുള്ളത്.
● തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കമാണിതെന്ന് സി പി എം പറയുന്നു.
കാസർകോട്: (KasargodVartha) തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വോട്ടുചേർക്കാൻ നൽകിയ അവസരം മുതലെടുത്ത് വ്യാജ വോട്ടർമാരെ തിരുകിക്കയറ്റാൻ മുസ്ലിംലീഗ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സി പി എം കലക്ടർക്ക് പരാതി നൽകി. കാസർകോട് നഗരസഭയിലെ 22, 24 വാർഡുകളിലാണ് നൂറിലധികം അപേക്ഷകൾ രണ്ട് ദിവസത്തിനുള്ളിൽ എത്തിയത്. ഇതേ അപേക്ഷകൾ മുമ്പ് ലഭിച്ചത് ഹിയറിങ്ങിന് ശേഷം തള്ളിയതാണ്. ഇവരുടെ പേരുകളാണ് വീണ്ടും അപേക്ഷയായി എത്തിയിട്ടുള്ളതെന്നാണ് സി പി എം നേതൃത്വം പറയുന്നത്.
ഹിയറിങ് മാത്രമല്ല, ഉദ്യോഗസ്ഥർ നേരിട്ട് പ്രദേശം സന്ദർശിച്ച് ഇവർ സ്ഥിരതാമസക്കാരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മുമ്പ് അപേക്ഷകൾ തള്ളിയത്. ഇപ്പോൾ നൽകിയ അപേക്ഷയിൽ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി വരുതിയിലെത്തിക്കുകയാണ് ലീഗ് ലക്ഷ്യമിടുന്നതെന്നും സി പി എം ആരോപിക്കുന്നു. ഈ വാർഡുകളിൽനിന്ന് താമസം മാറിപ്പോയതിനെ തുടർന്ന് മുമ്പ് പട്ടികയിൽനിന്നും പേര് നീക്കംചെയ്‌തവരും വേറെ സ്ഥലങ്ങളിൽ സ്ഥിരതാമസക്കാരുമായവരും പുതിയ അപേക്ഷകരായുണ്ട്.
ഇത്തരത്തിൽ മുമ്പ് നീക്കംചെയ്‌തവരും ഹിയറിങ്ങിന് ശേഷം തള്ളപ്പെട്ടവരും കൂട്ടത്തോടെ അപേക്ഷയുമായെത്തിയത് തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സി പി എം കാസർകോട് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ കലക്ടർക്ക് പരാതി നൽകി.
മറ്റ് വാർഡുകളിൽനിന്ന് വ്യത്യസ്‌തമായി 22, 24 വാർഡുകളിൽ ഇത്രയേറെ അപേക്ഷകൾ വന്നതിന് പിന്നിൽ വൻ ഗൂഢാലോചന നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് വ്യക്തമാണെന്നും സി പി എം നേതൃത്വം പറയുന്നു. അനധികൃതമായി കൂട്ടിച്ചേർക്കാൻ നൽകിയ അപേക്ഷകളും നീക്കംചെയ്യാൻ നൽകിയ അപേക്ഷകളും നിരസിക്കണമെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ സി പി എം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ എന്ത് നടപടികളാണ് വേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: CPM alleges Muslim League attempted to add bogus voters in Kasaragod Municipality.
#VoterFraud #Kasaragod #Election2025 #CPMVSParti #LocalBodyElections #MuslimLeague






