city-gold-ad-for-blogger

വെല്ലുവിളികൾ ഏറ്റെടുത്ത് കാസർകോട്: മണ്ണിടിച്ചിൽ മുതൽ ഗതാഗതക്കുരുക്ക് വരെ ശാശ്വത പരിഹാരങ്ങൾ

District Development Committee meeting in progress in Kasaragod.
Photo: PRD Kasargod

● കാസർകോട്ടെ ടാറ്റാ കോവിഡ് ആശുപത്രിയിലെ കണ്ടെയ്നറുകൾ നീക്കും.
● പുതിയ റോഡുകൾ ജല അതോറിറ്റിക്കായി കീറിമുറിക്കില്ല. 
● നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കും.
● ബ്യാരി ഭാഷക്കാർക്ക് കന്നഡ മാതൃഭാഷാ സർട്ടിഫിക്കറ്റ് നൽകും.

കാസർകോട്: (KasargodVartha) ജില്ലയിലെ തീരദേശ മേഖലകളിൽ രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് ശാശ്വത പരിഹാരമായി സമഗ്രമായ പദ്ധതി ആവിഷ്കരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, എം.രാജഗോപാലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

കടലാക്രമണത്തിന് ശാശ്വത പരിഹാരം തേടി

ജില്ലയിൽ കടലാക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിൽ, പ്രശ്നബാധിത മേഖലകൾക്കെല്ലാം ഒരു സമഗ്ര പദ്ധതി രൂപീകരിക്കേണ്ടതുണ്ടെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ. ചൂണ്ടിക്കാട്ടി. ലക്ഷങ്ങൾ ചെലവഴിച്ച് താൽക്കാലിക സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം, ജില്ലയുടെ കടൽ തീര സംരക്ഷണത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിൻ്റെ ഭാഗമായി, ജല വിഭവ വകുപ്പ് പഠനം പൂർത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. അജാനൂരിൽ ബണ്ട് നിർമ്മാണ പ്രവൃത്തിയും കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണ പ്രവൃത്തിയും പുരോഗമിക്കുകയാണെന്ന് മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. കൂടാതെ, തൃക്കണ്ണാട് ട്രെട്രാപോഡ് ഉപയോഗിച്ചുള്ള സംരക്ഷണ പ്രവൃത്തിക്കായി 50 കോടി രൂപയുടെ എസ്റ്റിമേറ്റും, കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണത്തിന് 23 ലക്ഷം രൂപയുടെ ഡി.പി.ആറും (വിശദമായ പദ്ധതി റിപ്പോർട്ട്), ജിയോബാഗ് സംരക്ഷണത്തിന് 30 ലക്ഷം രൂപയുടെ ഡി.പി.ആറും സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

വീരമലക്കുന്നിലെ മണ്ണിടിച്ചിൽ; സുരക്ഷാ ആശങ്കകൾ

വീരമലക്കുന്ന് മണ്ണിടിച്ചലിനെ തുടർന്ന് അത്യന്തം അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് എം.രാജഗോപാലൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും നിർമ്മാണ കമ്പനി ഗൗരവത്തിലെടുക്കാത്തതിൻ്റെ അനന്തരഫലമാണ് മണ്ണിടിച്ചലിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെറുവത്തൂർ പഞ്ചായത്തിലേക്കുള്ള ജലജീവൻ മിഷൻ്റെ 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമ്മാണം വീരമലയിൽ ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ച സ്ഥലവും ഈ പ്രവർത്തിയുടെ സ്ഥലവും തമ്മിൽ 30 മീറ്റർ അകലം മാത്രമാണുള്ളത്. ഇവിടെ ഇത്രയും ഭാരം കൂടി വരുമ്പോൾ സുരക്ഷിതമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

കോട്ടപ്പുറം പാലത്തിൻ്റെ അപ്രോച്ച് റോഡ് വലിയ തോതിൽ തകർന്നിട്ടുണ്ട്. നീലേശ്വരത്തിനും, ചെറുവത്തൂരിനുമിടയിൽ ദേശീയ പാതയിൽ ഗതാഗത തടസം വരുമ്പോൾ വഴി തിരിച്ച് വിടുന്നത് ഇതിലൂടെയാണെന്നും, ഇത് പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. പെരുമ്പട്ട ജി.എച്ച്.എസ്.എസിന് 1.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന് ചോർച്ച ഉണ്ടായതെങ്ങനെ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റ് വികസന വിഷയങ്ങളും തീരുമാനങ്ങളും

യോഗത്തിൽ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്തു. ബേഡഡുക്ക ആട് ഫാമിലേക്ക് കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ നിന്നും 200 ആടുകളെ കൊണ്ടുവരുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. നിലവിൽ ജീവനക്കാരെ പുനർവിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ചർച്ച നടന്നു വരികയാണെന്നും, കാഷ്വൽ തൊഴിലാളികളെ സജ്ജമാക്കുന്നതിനായി തദ്ദേശീയരായവർക്ക് നീലേശ്വരം വെറ്റിനറി ക്യാമ്പസിൽ പരിശീലനം നൽകിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ കോവിഡ് ആശുപത്രിലെ കണ്ടെയ്നറുകൾ സമയബന്ധിതമായി നീക്കം ചെയ്യാൻ ജില്ലാ നിർമ്മിതി കേന്ദ്രത്തിന് നിർദ്ദേശം നൽകി. നിലവിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സാങ്കേതികാനുമതി ലഭിച്ചു കഴിഞ്ഞുവെന്നും, പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപായി ഓഗസ്റ്റ് 30നകം കണ്ടെയ്നറുകൾ നീക്കം ചെയ്യണമെന്ന് എം.എൽ.എ. പറഞ്ഞു. ലൈഫ്മിഷൻ ഭവന സമുച്ചയവുമായി ബന്ധപ്പെട്ട് എം.എൽ.എ.യുടെ അധ്യക്ഷതയിൽ കരാറുകാരെയും ലൈഫ്മിഷൻ എഞ്ചിനീയറിങ് വിഭാഗത്തെയും ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും.

കാസർകോട്-കാഞ്ഞങ്ങാട്, ചെർക്കള-ജാൽസൂർ എന്നീ റോഡുകളിലെ കുഴി അടക്കുന്നതിനായി ക്വട്ടേഷൻ വിളിച്ചിട്ടുണ്ടെന്നും, മഴക്കാലമായതിനാൽ താൽക്കാലികമായി കുഴികൾ അടക്കുന്ന പ്രവൃത്തികളാണ് നടത്തുകയെന്നും, മഴയ്ക്ക് ശേഷം നവീകരണം നടത്തുമെന്നും പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പട്ടികജാതി പട്ടികവർഗ്ഗ അംബേദ്ക്കർ സെറ്റിൽമെന്റുകളിലെ പ്രവൃത്തി പുരോഗതി വിലയിരുത്തി. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, ഇരിയണ്ണി-ചൊട്ട റോഡിന് വനഭൂമി കൈമാറുന്നതിലെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു.

ട്രെയിനുകളിൽ റാഗിംഗ് തടയാൻ പോലീസ് സ്ക്വാഡ്

കാസർകോട് നിന്നും മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ വിദ്യാർത്ഥികളുടെ സംഘർഷവും റാഗിംഗും കണക്കിലെടുത്ത് റെയിൽവേ പോലീസ് നിതാന്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. പ്രമേയം അവതരിപ്പിച്ചു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ. പ്രമേയത്തെ പിന്താങ്ങി. ഇക്കാര്യത്തിൽ റെയിൽവേ പോലീസിന് നിർദേശങ്ങൾ കൊടുക്കുമെന്നും, പ്രശ്‌നവുമായി ബന്ധപ്പെട്ട് പോലീസ് സ്ക്വാഡ് ഉടൻ രൂപീകരിക്കുമെന്നും ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.

മുളിയാർ എ.ബി.സി. കേന്ദ്രം ഉദ്ഘാടനം ചെയ്തെങ്കിലും അനിമൽ വെൽഫെയർ ബോർഡ് അംഗീകാരം ലഭിക്കാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാരിൻ്റെ അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധി ജില്ലയിൽ എത്തുമെന്നും, പരിശോധിച്ച് അംഗീകാരം ലഭിച്ചാൽ ഉടൻ ശസ്ത്രക്രിയ ആരംഭിക്കാനാകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു. ഇവിടെ ഒരു ദിവസം 20 നായ്ക്കളെ വന്ധ്യംകരിക്കാൻ സാധിക്കും.

നഗരവികസനവും പ്രാദേശിക പ്രശ്നങ്ങളും

കാസർകോട് കസബ കടപ്പുറത്തെ മത്സ്യ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വെള്ളക്കെട്ട്, ശൗചാലയങ്ങളുടെ അപര്യാപ്തത, അംഗണവാടിക്ക് ചുറ്റുമതിൽ നിർമ്മിക്കൽ എന്നീ പ്രശ്നങ്ങൾക്കും, ബീരന്ത് ബയൽ സുനാമി ഫ്‌ളാറ്റിൽ താമസിക്കുന്നവർ നേരിടുന്ന ചോർച്ചയും വയറിങ് സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് കാസർകോട് നഗരസഭ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വികസന സമിതി യോഗത്തിൽ എം.എൽ.എ നിർദ്ദേശിച്ചതിനെ തുടർന്ന് നഗരസഭ അധികൃതർ കസബ കടപ്പുറം സന്ദർശിച്ചിരുന്നു. പ്രദേശം സന്ദർശിച്ച് സമഗ്ര റിപ്പോർട്ട് നൽകുന്നതിന് തദ്ദേശസ്വയംഭരണം ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

കാസർകോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിന്റെ വിവിധയിടങ്ങളിൽ മഴ മാറിയ ശേഷം സൈൻ ബോർഡുകൾ സ്ഥാപിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഗതാഗത പ്രശ്നപരിഹാരത്തിന് യോഗം വിളിക്കുമെന്ന് കളക്ടർ പറഞ്ഞു. താളിപ്പടപ്പ് മൈതാനം നഗരസഭക്ക് പാട്ടത്തിനു നൽകിയപ്പോഴുള്ള ഭൂമി നിലവിൽ കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനായി അളന്നു തിട്ടപ്പെടുത്താൻ കാസർകോട് തഹസിൽദാർക്ക് നിർദേശം നൽകി.

ബാങ്കോട് കെ.കെ. പുരം തീരദേശ റോഡ് കോൺക്രീറ്റ് ചെയ്യാൻ കാസർകോട് മുനിസിപ്പാലിറ്റി സി.ആർ.സെഡ് എൻ.ഒ.സി. നൽകുന്നതിനായി കെ.സി.എസ്.സെഡ്.എം.എക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് എൽ.ഐ.ഡി. ഇ.ഡബ്ല്യു. എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴയ റെയിൽവേ സ്റ്റേഷൻ തീരദേശ റോഡ് സംരക്ഷണ ഭിത്തിക്ക് കൂടുതൽ ഭൂമി ആവശ്യമാണെന്ന് തഹസിൽദാർ അറിയിച്ചു.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ പട്ടയം ലഭിച്ചവർക്ക് ഭൂമി കണ്ടെത്താൻ പറ്റാത്തത് സംബന്ധിച്ച് ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്ത് നടപടി സ്വീകരിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകിയതായി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഡിജിറ്റൽ സർവ്വേ പൂർത്തിയാകുന്നതോടെ ഭൂമി കണ്ടെത്തി അടയാളപ്പെടുത്തി നൽകാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു.

ഭാഷാ സർട്ടിഫിക്കറ്റും പുതിയ പദ്ധതികളും

ബ്യാരി ഭാഷ സംസാരിക്കുന്നവർക്ക് 'കന്നഡ മാതൃ ഭാഷ' സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതിന് നിലവിലെ സർക്കാർ ഉത്തരവ് അനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നേരത്തെ, ബ്യാരി ഭാഷ സംസാരിക്കുന്നവർ ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുമ്പോൾ നേരിടുന്ന സാങ്കേതിക തടസ്സം എ.കെ.എം അഷ്റഫ് എം.എൽ.എ. യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നായിരുന്നു ഈ നിർദ്ദേശം.

2025-26 സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ശിഹിത്തുവിലെ സുറുമത്തോടിന് കുറുകെ ചെറുപാലം പ്രവൃത്തിക്കായി ബജറ്റിൽ 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. പാലത്തിനും അപ്രോച്ച് റോഡിനും ഈ തുക മതിയാവില്ലെന്നും, സ്ട്രക്ചറൽ ഡിസൈൻ തയ്യാറാക്കൽ, സോയിൽ ഇൻവെസ്റ്റിഗേഷൻ എന്നിവയ്ക്കായി എസ്റ്റിമേറ്റ് തയ്യാറക്കിവരികയാണെന്നും ഹാർബർ എഞ്ചിനീയറിങ് എക്സിക്യുട്ടീവ് എഞ്ചിനീയർ പറഞ്ഞു. പ്രവൃത്തിക്ക് ആവശ്യമാകുന്ന തുക കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സംയുക്ത പദ്ധതിയായി നടപ്പാക്കാമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

പുത്തിഗെ കൃഷിഭവൻ പരിധിയിലുള്ള ഇലക്ട്രിക്കൽ സെക്ഷനുകളിലായി 828 ഉപഭോക്താക്കളുടെ കുടിശ്ശിക തുക 134 കോടി രൂപയാണെന്നും, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നിലവിലുള്ളതിനാൽ ഈ അവസരം വിനിയോഗിച്ച് കുടിശ്ശിക പൂർണ്ണമായും അടച്ചുതീർക്കുന്നതിന് കൃഷിഭവനും ഉപഭോക്താക്കൾക്കും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

കുമ്പള പഞ്ചായത്തിലെ കുമ്പള പുഴയ്ക്ക് കുറുകെയുള്ള കഞ്ചിക്കട്ട ഉപ്പുവെള്ള പ്രതിരോധ അണക്കെട്ട് പുനർ നിർമ്മിക്കുന്നതിന് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 2710.00 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്ന് മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ മച്ചമ്പാടിയിൽ തുടങ്ങാനുദ്ദേശിക്കുന്ന ഡബിൾ ചേംബർ ഇൻസിസിനേറ്റർ യൂണിറ്റ് സംബന്ധിച്ച് നാട്ടുകാരുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി ഓഗസ്റ്റ് അഞ്ചിന് യോഗം ചേരും.

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മെക്കാഡം റോഡുകൾ നിർമ്മാണത്തിനുശേഷം ജല അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കീറിമുറിക്കുന്നത് ഒഴിവാക്കാൻ തദ്ദേശസ്വയംഭരണം എൻജിനീയറിങ് വിഭാഗവും ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയറും ഏകോപിപ്പിച്ച് നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർദ്ദേശം നൽകി.

 

കാസർകോട് നേരിടുന്ന പ്രശ്നങ്ങൾക്ക് ഈ നിർദ്ദേശങ്ങൾ പരിഹാരമാകുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

Article Summary: Kasaragod DDC discusses solutions for sea erosion, landslides, and traffic issues.

#Kasaragod #Kerala #DistrictDevelopment #SeaErosion #TrafficCongestion #PublicIssues

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia