city-gold-ad-for-blogger

സ്ഥാനാർത്ഥി കുപ്പായമിട്ട് പലരും രംഗത്ത്! പാർട്ടിയിൽ നിന്നും അകന്ന് പോയവരെ ചേർത്ത് പിടിക്കാനുള്ള നീക്കവും പൊളിഞ്ഞു; കാസർകോട്ട് തിരയിളക്കം; ലീഗിനെതിരെയുള്ള ഒരു നീക്കവും വിലപ്പോകില്ലെന്ന് നേതൃത്വം

A photo of the Kasaragod Municipal Office building, symbolizing the upcoming local body elections.
Image Credit: Facebook/ Indian Union Muslim League

● കാസർകോട് നഗരസഭയിൽ വാർഡുകളുടെ എണ്ണം 39 ആയി.
● 19 വാർഡുകൾ ലീഗിന് ഉറപ്പുള്ളതാണ്.
● വിമതരുടെ നിലപാട് തിരഞ്ഞെടുപ്പിൽ നിർണായകമായേക്കാം.
● ഒന്നിലധികം സ്ഥാനാർത്ഥികൾ പല വാർഡുകളിലും ഉണ്ടായേക്കും.

കാസർകോട്: (KasargodVartha) തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർത്ഥി കുപ്പായമിട്ട് പലരും രംഗത്തെത്തുന്നത് കാസർകോട്ടെ മുസ്ലീം ലീഗിനകത്ത് ചർച്ചയാകുന്നു. അതേസമയം, പാർട്ടി വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടത് പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾക്ക് ഇടയാക്കി. 

ഫോർട്ട് റോഡ്, ഹൊന്നമൂല എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കളെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് പാളിയത്. മുനിസിപ്പൽ-മണ്ഡലം നേതൃത്വത്തിന് വിമതരെ തിരികെ കൊണ്ടുവരാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിലും, ജില്ലാ നേതൃത്വത്തിലെ ചിലരുടെ ഇടപെടൽ കാരണം ആ നീക്കം നടന്നില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

വിമതവിഭാഗം നിർദേശിക്കുന്നവരെ സ്ഥാനാർഥിയാക്കി പ്രശ്നം പരിഹരിക്കാമെന്ന് നേരത്തെ ധാരണയായിരുന്നു. എന്നാൽ, ജില്ലാ നേതൃത്വത്തിലെ ചിലർ ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് അനുരഞ്ജന ചർച്ചകൾ പൊളിഞ്ഞത്.

നേരത്തെ 38 വാർഡുകളുണ്ടായിരുന്ന കാസർകോട് നഗരസഭയിൽ, വാർഡ് പുനർനിർണയത്തിന് ശേഷം വാർഡുകളുടെ എണ്ണം 39 ആയി വർദ്ധിച്ചിട്ടുണ്ട്. ഇതിൽ 19 വാർഡുകൾ മുസ്ലീം ലീഗിന് ഉറപ്പുള്ളതാണ്. 

രണ്ട് വാർഡുകൾ ലീഗ് വിമതരുടെ കൈവശമാണ്. ബി.ജെ.പിക്ക് 15 വാർഡുകളിൽ സ്വാധീനമുണ്ട്. രണ്ട് വാർഡുകളിൽ കോൺഗ്രസും ബി.ജെ.പിയും തുല്യ ശക്തികളാണ്. സി.പി.എമ്മിന് ഒരു വാർഡ് കാലങ്ങളായി ലഭിച്ചു വരുന്നു.

ഈ സാഹചര്യത്തിൽ, ലീഗിന് ഭരണം ലഭിക്കുമെങ്കിലും, വിമതരുടെ നിലപാട് നിർണായകമായേക്കാം. ബി.ജെ.പിക്ക് 17 സീറ്റുകൾ ലഭിക്കുകയും, വിമതർ ജയിച്ച് ബി.ജെ.പിക്ക് പിന്തുണ നൽകുകയും ചെയ്താൽ ഭരണസമിതി രൂപീകരണത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനിടെ, ലീഗിനെതിരെയുള്ള ഒരു നീക്കവും വിജയിക്കില്ലെന്ന് മുസ്ലീം ലീഗ് മണ്ഡലം നേതാവ് പ്രതികരിച്ചു.

എന്തൊക്കെയായാലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തീപാറുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിൽ ചിലർ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർത്ഥി കുപ്പായമിട്ട് രംഗത്തെത്തിയത് ലീഗിന് തലവേദനയായിട്ടുണ്ട്.

സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം മധ്യത്തോടെ നടക്കാനിരിക്കുകയാണ്. എന്നാൽ, അതിനുപോലും കാത്തുനിൽക്കാതെ ചിലർ സ്വന്തം നിലയിൽ റോഡിലെ കുഴികൾ അടച്ചും കേടായ തെരുവുവിളക്കുകൾ നന്നാക്കിയും രംഗത്തെത്തുന്നുണ്ടെന്ന് ലീഗ് പ്രവർത്തകരും നേതാക്കളും പറയുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വാർഡ് വർക്കിംഗ് കമ്മിറ്റിയാണ് സ്ഥാനാർത്ഥികളെ യോഗം ചേർന്ന് തീരുമാനിക്കുക. ഒറ്റ സ്ഥാനാർത്ഥിയാണെങ്കിൽ മുനിസിപ്പൽ, മണ്ഡലം കമ്മിറ്റികൾ അംഗീകരിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറും. ഒന്നിലധികം പേരുണ്ടെങ്കിൽ മുനിസിപ്പൽ കമ്മിറ്റി ചർച്ച ചെയ്യും. 

അവിടെയും പരിഹാരമായില്ലെങ്കിൽ മണ്ഡലം, ജില്ലാ കമ്മിറ്റികൾ ഇടപെട്ട് അന്തിമ തീരുമാനം എടുക്കും. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് പല വാർഡുകളിലും ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലീഗ് നേതൃത്വം വിലയിരുത്തുന്നു. സ്ഥാനാർത്ഥി നിർണയ യോഗങ്ങളിൽ മേൽക്കമ്മിറ്റിയിൽ നിന്നുള്ള മൂന്ന് ഭാരവാഹികളും പങ്കെടുക്കും.

 

ഈ തിരഞ്ഞെടുപ്പ് നീക്കങ്ങളെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Muslim League in Kasaragod faces challenges with rebel factions and candidate aspirants before local body elections.

#Kasaragod #MuslimLeague #LocalBodyElections #KeralaPolitics #PoliticalNews #KasaragodVartha

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia