കാസർകോട് നഗരസഭ: ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ഷാഹിന സലീമിനും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കെ എം ഹനീഫിനും മുൻതൂക്കം
● ഡിസംബർ 21-ന് തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ നടക്കും.
● കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിന് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമുണ്ട്.
● വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിലവിലെ കൗൺസിലർ കെ എം ഹനീഫിനാണ് കൂടുതൽ സാധ്യത.
● ഹമീദ് ബെദിര, ഫിറോസ് എന്നിവരുടെ പേരുകളും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നു.
● കോൺഗ്രസിന് വൈസ് ചെയർമാൻ സ്ഥാനത്തിന് പകരം സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം നൽകാനാണ് ലീഗ് നേതൃത്വത്തിന്റെ ആലോചന.
കാസർകോട്: (KasargodVartha) തദ്ദേശ തെരഞ്ഞെടുപ്പിൽ ഇക്കുറി മിന്നും വിജയം സ്വന്തമാക്കിയതോടെ യുഡിഎഫ് ഭരണസാരഥികൾ ആരാകണമെന്ന ചർച്ചയിലേക്ക് കടന്നു. മുനിസിപ്പൽ കമ്മിറ്റി യോഗം ചേർന്നാണ് ഭരണസമിതിയിൽ ആര് വരണമെന്ന് തീരുമാനിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായവരുടെ സത്യപ്രതിജ്ഞ ഡിസംബർ 21-നാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. അത് കഴിഞ്ഞായിരിക്കും ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ സ്ഥാനത്തേക്കും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുക.
കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് രണ്ട് സീറ്റിൽ വിജയിച്ച് കരുത്ത് കാട്ടിയിട്ടുണ്ടെങ്കിലും വൈസ് ചെയർമാൻ സ്ഥാനം കൊടുക്കേണ്ടതില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം നൽകിയാൽ മതിയെന്നുമാണ് ലീഗ് നേതാക്കൾ പറയുന്നത്.
ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് ലീഗ് പരിഗണിക്കുന്നതെന്ന് മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട നേതാക്കൾ പറയുന്നു. മുൻ ചെങ്കള പഞ്ചായത്ത് പ്രസിഡൻ്റും തുരുത്തി വാർഡിൽ നിന്നും വിജയിക്കുകയും ചെയ്ത ഷാഹിന സലീമാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മുൻതൂക്കം കൽപ്പിക്കുന്നത്.
കഴിഞ്ഞ കൗൺസിലിലെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിരുന്ന, ഖാസി ലൈനിൽ നിന്നും വിജയിച്ച നൈമുന്നീസ, തായലങ്ങാടി വാർഡിൽ നിന്നും വിജയിച്ച മുൻ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ സെബീന മുജീബ് എന്നിവരെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പള്ളിക്കാൽ വാർഡിൽ നിന്നും വിജയിച്ച നിലവിലെ കൗൺസിലർ കെ എം ഹനീഫിനാണ് കൂടുതൽ സാധ്യത. മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയും ബെദിര വാർഡിൽ നിന്നും വിജയിക്കുകയും ചെയ്ത ഹമീദ് ബെദിര, അടക്കത്ത്ബയലിൽ നിന്നും വിജയിച്ച മുൻ കൗൺസിലർ ഫിറോസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്ന് മുനിസിപ്പൽ നേതൃത്വം കാസർകോട് വാർത്തയോട് പ്രതികരിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും മുനിസിപ്പൽ കമ്മിറ്റി യോഗം ചേർന്ന് ഭരണസാരഥികളെ തെരഞ്ഞെടുക്കുക.
ഈ വാർത്ത നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.
Article Summary: Kasaragod Municipality UDF leadership discussion for Chairperson (Shahina Saleem lead) and Vice Chairman (K M Haneef lead).
#KasaragodMunicipality #UDF #MuslimLeague #LocalBodyElection #ShahinaSaleem






