city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവഗണനയിൽ നട്ടംതിരിഞ്ഞ് കാസർകോട്: എം പി മുഖ്യമന്ത്രിക്ക് മുന്നിൽ

Rajmohan Unnithan meeting Kerala Chief Minister
Photo Credit: Facebook/ Rajmohan Unnithan

● ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാണ്.
● പരിയാരം മെഡിക്കൽ കോളേജിലെ എംആർഐ സ്കാനിങ് സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാണ്.
● കാണിയൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി വേണം.
● ദേശീയപാത വികസനത്തിലെ അശാസ്ത്രീയ നിർമ്മാണം മണ്ണിടിച്ചിലിന് കാരണമായി.

തിരുവനന്തപുരം: (KasargodVartha) കാസർകോട് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് നടന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ജില്ലയിലെ ആരോഗ്യമേഖല, ദേശീയപാത വികസനം, തീരദേശ-റെയിൽവേ മേഖലകൾ, ഉദ്യോഗസ്ഥ ക്ഷാമം, വിദേശയാത്ര പ്രശ്‌നങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചത്. കാസർകോടിന്‍റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ആരോഗ്യ മേഖലയിലെ പ്രതിസന്ധി

കാസർകോട് ജില്ലയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് എംപി ചൂണ്ടിക്കാട്ടി. എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികളിൽ കാസർകോടിനെ ഉൾപ്പെടുത്തി പ്രൊപ്പോസൽ വീണ്ടും സമർപ്പിക്കണം. എയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേര് ചേർക്കാത്തത് കാസർകോടിനോടുള്ള തുടർച്ചയായ അവഗണനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയും ജനറൽ ആശുപത്രിയും താലൂക്ക് ആശുപത്രികളും, കമ്മ്യൂണിറ്റി, കുടുംബാരോഗ്യ, പ്രൈമറി ഹെൽത്ത് സെന്ററുകളും ജീവനക്കാരില്ലാത്ത അവസ്ഥയിൽ കടുത്ത ദുരിതത്തിലാണ്. പ്രത്യേകിച്ച് സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാണ്.

ജില്ലയിൽ പൂർണമായി പ്രവർത്തിക്കുന്ന രണ്ട് ഡെലിവറി പോയിന്റുകൾ മാത്രമാണുള്ളത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട് വനിതാ-കുട്ടികളുടെ ആശുപത്രിയിൽ ഡെപ്യൂട്ടേഷൻ ജീവനക്കാരുമായി മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്; സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം ഇപ്പോഴും അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. വെള്ളരിക്കുണ്ട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ഇതുവരെ ഒരു പ്രസവ പരിചരണ കേന്ദ്രമായി പ്രവർത്തിക്കുന്നില്ല. കാസർകോട് ജില്ലയ്ക്ക് ഇതുവരെ ഒരു റേഡിയോളജിസ്റ്റ് തസ്തിക പോലും അനുവദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ജില്ല നിലവിൽ മെഡിക്കൽ ഓഫീസർ തസ്തികകളിൽ 30-40% ഒഴിവ് നേരിടുന്നു, ഇത് ജനസംഖ്യാനുപാതികമായി ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനെ സാരമായി ബാധിക്കുന്നു. പൈവളികെ പഞ്ചായത്തിലെ ബായാറിലുള്ള കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് രണ്ട് വർഷമായിട്ടും തുറന്ന് പ്രവർത്തിച്ചിട്ടില്ലെന്നും എംപി പരാതിപ്പെട്ടു.

പരിയാരം മെഡിക്കൽ കോളേജിലെ പ്രശ്‌നങ്ങൾ

കാസർകോട് മണ്ഡലത്തിൽപ്പെട്ട കണ്ണൂർ/പരിയാരം മെഡിക്കൽ കോളേജിലെ ഭരണസംവിധാനം പൂർണമായും അടിതെറ്റിയ നിലയിലാണെന്നും എംപി ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ എംആർഐ സ്കാനിങ് മെഷീൻ പോലും സ്വകാര്യ കമ്പനിയുടേതാണ്. അതിനാൽ പരിശോധനയ്ക്കായി സാധാരണക്കാർ വലിയ തുക മുടക്കേണ്ട സ്ഥിതിയാണ്. കോബോട്ട് തെറാപ്പി യന്ത്രം പണിമുടക്കിയിട്ട് നാലുവർഷമായിട്ടും 18 കോടി രൂപ ചെലവിൽ പുതിയ യന്ത്രം വരുമെന്ന് പറഞ്ഞിട്ടും ഇതുവരെ എത്തിയിട്ടില്ല. എട്ട് ശസ്ത്രക്രിയകൾ നടത്താവുന്ന ആശുപത്രി പല ഭാഗങ്ങളും അടച്ചിട്ടിരിക്കുകയാണ് കഴിഞ്ഞ ആറുമാസങ്ങളായി. ഫാർമസിയിൽ സൗജന്യ മരുന്നുകൾ പലതും ലഭ്യമല്ല, പുറത്തുനിന്ന് വൻവില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. പ്രതിദിനം 100 ഡയാലിസുകൾ നടത്തുന്നിടത്ത് ഇപ്പോൾ അത്യാവശ്യ രോഗികൾക്ക് മാത്രമാണ് ഡയാലിസിസ് സൗകര്യം ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിനു ശേഷം ജോലിചെയ്യുന്ന ആൾക്കാരെ മുഴുവൻ സർക്കാർ ജീവനക്കാരായി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഇത് പ്രവർത്തനത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും എംപി യോഗത്തിൽ പറഞ്ഞു.

റെയിൽവേ മേഖലയിലെ ആവശ്യങ്ങൾ

കാണിയൂർ റെയിൽപാത ആരംഭിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ തുടർപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. മറ്റു പുതിയ റെയിൽ പാതകളേക്കാൾ താരതമ്യേന പരിസ്ഥിതി ആഘാതം കുറഞ്ഞതും സാമ്പത്തിക ബാധ്യത കുറഞ്ഞതുമായ പ്രൊപ്പോസലാണ് കാണിയൂർ പാതയെന്നും ഇത് 70 കിലോമീറ്ററിലധികം ദൂരം ലാഭിക്കാൻ വഴിയാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്താൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

വടക്കൻ മലബാറിലെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കാസർകോട് വരെയെങ്കിലും നീട്ടാനും, ചെറുവത്തൂരിൽ നിന്നും മംഗലാപുരം വരെ പോകുന്ന പാസഞ്ചർ ട്രെയിനിന് പകരം ഒരു മെമു (MEMU) റേക്കുകൾ ഓടിക്കാനും നടപടികൾ സ്വീകരിക്കണം. കോവിഡിന് മുൻപുണ്ടായിരുന്ന ദീർഘദൂര ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കപ്പെടണമെന്നും എംപി ആവശ്യപ്പെട്ടു. തിരുവനന്തപുരം പേട്ടയിൽ സ്ഥാപിക്കുമെന്ന് റെയിൽവേ ബഡ്ജറ്റിൽ പറഞ്ഞിരുന്ന റെയിൽവേ മെഡിക്കൽ കോളേജ്, ഏറെ സ്ഥലസൗകര്യമുള്ള കാസർകോട് സ്ഥാപിക്കാൻ പ്രൊപ്പോസൽ നൽകാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ കുറവാണെന്ന കാരണത്താൽ 2018-ൽ നിർത്തലാക്കിയ കണ്ണൂർ-ബൈന്ദൂർ ട്രെയിൻ പുതിയ സമയക്രമത്തോടെ പുനഃസ്ഥാപിക്കുന്നതിന് സർക്കാർ തലത്തിൽ പ്രൊപ്പോസൽ നൽകണമെന്നും എംപി ആവശ്യപ്പെട്ടു.

ദേശീയപാത വികസനത്തിലെ പ്രശ്‌നങ്ങൾ

കാസർകോട് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിലടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് ചരിത്രത്തിലെ കനത്ത മഴയാണ്. മഴക്കെടുതിമൂലം ഉണ്ടായ നാശനഷ്ടങ്ങൾ ഭീകരമാണ്. നിരവധി വീടുകൾക്കും സ്വത്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് പ്രൊജക്റ്റിൽ ആവശ്യമായ മാറ്റം വരുത്താൻ സർക്കാർ തലത്തിൽ ഇടപെട്ട് ജനങ്ങളുടെ ആശങ്ക ദുരീകരിക്കണം. കാസർകോട് രണ്ടാമത്തെയും മൂന്നാമത്തെയും റീച്ചിലുണ്ടായ മണ്ണിടിച്ചിലും ഗതാഗത തടസ്സവും നിർമാണപ്രവർത്തനങ്ങളിൽ കരാർ കമ്പനി കാണിച്ച അനാസ്ഥയുടെ ബാക്കിപത്രമാണ്. ബെവിഞ്ച, വീരമല, കുപ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും രൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടു വർഷം മുൻപ് പെരിയയിൽ പാലം തകർന്നു വീണതും എംപി ഓർമ്മിപ്പിച്ചു.

കർണാടകയിൽ ശ്രീരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾത്തന്നെ മുന്നറിയിപ്പുണ്ടായിട്ടും അത് ഗൗരവത്തിലെടുക്കാത്തതാണ് ഇവിടുത്തെ മണ്ണിടിച്ചിലിനും കാരണമെന്ന് എംപി പറഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വിലകൽപ്പിക്കാതെ മുന്നോട്ട് പോയതുകൊണ്ടാണ് കാലവർഷം ആരംഭിച്ചപ്പോൾ ജനങ്ങൾ എല്ലാത്തരത്തിലും ദുരിതത്തിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, മണ്ണിടിച്ചിലും മറ്റും കാരണം നാശനഷ്ടം നേരിട്ട ജനങ്ങൾക്ക് ദേശീയപാത അതോറിറ്റിയും നിർമ്മാണ കരാർ കമ്പനികളും നഷ്ടപരിഹാരം നൽകണം. മണ്ണിന്റെ ഘടന പോലും പഠിക്കാതെ നടത്തിയ അശാസ്ത്രീയമായ നിർമ്മാണവും കരാർ കമ്പനികളുടെ അനാസ്ഥയും കാരണം ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

തീരദേശ മേഖലയുടെ വികസനം

കാസർകോട് ജില്ലയിലെ തീരദേശ മേഖലകളിൽ ആവശ്യമായ വികസനം നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു. ഉദാഹരണമായി, മഞ്ചേശ്വരത്തെ കൺവതീരം, കുമ്പള, ബേക്കൽ, പള്ളിക്കര, ഉദുമ, നീലേശ്വരം, കാഞ്ഞങ്ങാട്-അജാനൂർ തുടങ്ങിയ കടലാക്രമണം രൂക്ഷമാകുന്ന സ്ഥലങ്ങളിൽ കടൽഭിത്തി പോലുള്ള സംവിധാനങ്ങൾ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കണം. നിലവിൽ കേന്ദ്രത്തിന് നൽകിയിട്ടുള്ള പ്രൊപ്പോസലുകളിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. കടൽക്ഷോഭം രൂക്ഷമായ കൺവതീർത്ഥ, കോയിപ്പാടി, ഷിറിയ എന്നിവിടങ്ങളിൽ ജിയോബാഗ് സ്ഥാപിക്കുന്നതിനുള്ള ജില്ലയിൽനിന്നുള്ള പ്രൊപ്പോസൽ ഉടനടി നടപ്പിലാക്കണം. അജാനൂർ കടപ്പുറത്തെ ഫിഷ് ഹാർബർ യാഥാർഥ്യമാക്കണമെന്നും എംപി ശക്തമായി യോഗത്തിൽ ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളും ഉദ്യോഗസ്ഥ ക്ഷാമവും

കണ്ണൂർ എയർപോർട്ടിൽനിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ 'പോയിന്റ് ഓഫ് കോൾ' അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കു പലതവണ എഴുതുകയും പാർലമെന്റിൽ ചോദ്യം ഉന്നയിക്കുകയും ചെയ്തെങ്കിലും കേന്ദ്രസർക്കാരിൽനിന്ന് അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ ഈ വിഷയത്തിൽ ആവശ്യമാണെന്ന് എംപി കൂട്ടിച്ചേർത്തു.

കൂടാതെ, കേരളത്തിൽനിന്ന് കംബോഡിയ, ഉഗാണ്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോയി ഡ്രഗ് മാഫിയകളുടെ വലയിൽ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോർക്ക വകുപ്പ് ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്ക്/ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകണം. അതുപോലെ, യൂറോപ്യൻ നാടുകളിലേക്ക് വിനോദയാത്ര പോകുന്നവരുടെ പാസ്‌പോർട്ട് അടക്കം ലഗേജുകൾ കൊള്ളയടിക്കപ്പെടുകയും അവിടെ കുടുങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ട്. യാത്രക്കാർക്ക് നിയമസഹായവും അടിയന്തര സാമ്പത്തിക സഹായവും ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ നടപടി എടുക്കണം. ഇത്തരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശവും നൽകേണ്ടതാണ്. വിദേശ രാജ്യത്തു മരണപ്പെടുന്ന പാവപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കാലതാമസം വരാതെ നോക്കണം. കൂടാതെ, പാവപ്പെട്ടവർക്ക് ഐ.സി.ഡബ്ല്യു.എഫ് (ICWF) പോലുള്ള ഫണ്ടിൽനിന്ന് നിർബന്ധമായും പണം അനുവദിക്കാൻ സർക്കാർ തലത്തിൽ ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു.

ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ, പ്രത്യേകിച്ച് റവന്യു, പഞ്ചായത്ത് വകുപ്പുകളിലും ബ്ലോക്ക് ഓഫീസുകളിലും നിയമിക്കപ്പെടുന്നവരിൽ അധികവും, എൻജിനീയർമാർ, ബിഡിഒമാർ, സെക്രട്ടറിമാർ എന്നിവരൊക്കെ 2 അല്ലെങ്കിൽ 3 ആഴ്ച കൊണ്ട് സ്ഥലം മാറി പോകുന്ന അവസ്ഥയാണുള്ളത്. ഇത് കാരണം എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ പോലും സമയബന്ധിതമായി നടപ്പാക്കാൻ കഴിയുന്നില്ല. വിവിധ സർക്കാർ ഓഫീസുകളിൽ സ്ഥലം മാറിയും ഉദ്യോഗക്കയറ്റം ലഭിച്ചും എത്തുന്ന ജീവനക്കാർ സ്ഥലം മാറിപ്പോകുകയോ നീണ്ട അവധിയിൽ പ്രവേശിക്കുകയോ ചെയ്യുന്നതിനാൽ എംപി ഫണ്ട് വിനിയോഗം അടക്കം സർക്കാർ പദ്ധതികളെല്ലാം താളം തെറ്റുകയാണ്. ജീവനക്കാരെ ഇവിടെത്തന്നെ നിലനിർത്താൻ ആവശ്യമായ നിയമനിർമാണം നടത്തണം. പ്രൊമോഷൻ ലഭിച്ചാൽ കാസർകോടിനെപ്പോലുള്ള ജില്ലകളിൽ കുറഞ്ഞത് 3 വർഷമെങ്കിലും ജോലി ചെയ്യാൻ തയാറാകുന്നവർക്കു മാത്രം സ്ഥാനക്കയറ്റം നൽകണം; അല്ലാത്തവരെ പരിഗണിക്കാതിരിക്കണമെന്നും എങ്കിൽ മാത്രമേ ഈ അവസ്ഥക്ക് സ്ഥിരം പരിഹാരം സാധ്യമാകൂ എന്നും എംപി പറഞ്ഞു.

ഉപ്പള പോസ്റ്റ് ഓഫീസിൽ പാസ്പോർട്ട് സേവാ കേന്ദ്രം, മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം എന്നിവ കൂടാതെ സി.പി.സി.ആർ.ഐയിൽ (CPCRI) ഒരു കാർഷിക കോളേജ് എന്നിങ്ങനെയുള്ള വർഷങ്ങളായുള്ള ആവശ്യങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തലത്തിൽ ഉടനടി പ്രൊപ്പോസൽ നൽകണം. യാത്ര ദുരിതം പരിഹരിക്കാൻ ജില്ലയിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ആരംഭിക്കണം. ഉൾപ്രദേശങ്ങളിൽ യാത്രാസൗകര്യം തീരെ ഇല്ലാത്ത സ്ഥിതിയുണ്ട്. ആയത് പരിഗണിച്ച് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകളും സ്റ്റോപ്പുകളും അനുവദിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!

Article Summary: Kasaragod MP urges CM to address district's neglect.

#Kasaragod #KeralaPolitics #HealthcareCrisis #Infrastructure #MPDemands

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia