ഭാഷാ വിവാദം കാസർകോട്ട് വീണ്ടും കത്തുന്നു; സിദ്ധരാമയ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി
കാസർകോട്: (KasargodVartha) ഭാഷാ വിവാദം കാസർകോട് ജില്ലയിൽ വീണ്ടും ശക്തമാകുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എക്സ് (X) പോസ്റ്റിന് പിന്നാലെ വിഷയം ഏറ്റെടുത്ത് ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. നിയമസഭ പാസാക്കിയ മലയാളം ഭാഷാ ബിൽ - 2025 മുഖേന സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മേൽ മലയാളം അടിച്ചേൽപ്പിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷാവകാശങ്ങൾ സംരക്ഷിക്കണമെന്നും നിയമസഭ പാസാക്കിയ ബില്ലുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകൾ അകറ്റണമെന്നും ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തും ജില്ലാ പ്രസിഡന്റ് എം എൽ അശ്വനിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് ജില്ലയിലെ അഞ്ച് എംഎൽഎമാരെയും ശ്രീകാന്ത് രൂക്ഷമായി വിമർശിച്ചു. ജില്ലയുടെ ഭാഷാ വൈവിധ്യം അറിയാത്തവരാണോ ഇവരെന്ന് ചോദിച്ച അദ്ദേഹം, നിയമസഭയിൽ ബിൽ ചർച്ച ചെയ്യുന്നതിൽ ജനപ്രതിനിധികൾ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി.
2025 ഒക്ടോബറിൽ നിയമസഭ പാസാക്കിയ മലയാളം ഭാഷാ ബിൽ, കന്നഡ സംസാരിക്കുന്ന കാസർകോട് ജില്ലയിലെ ജനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എതിർപ്പ് അറിയിച്ചിരുന്നു. ബിൽ പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോട് കത്ത് മുഖേന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് കർണാടക അതിർത്തി വികസന അതോറിറ്റി അംഗങ്ങൾ മംഗളൂരു സന്ദർശനത്തിനിടെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് നിവേദനവും നൽകിയിരുന്നു.
ശനിയാഴ്ച കാസർകോട്ടെ മാധ്യമങ്ങളോട് സംസാരിക്കവെ, ഭാഷാ ന്യൂനപക്ഷങ്ങൾ കുടിയേറ്റക്കാരല്ലെന്നും സ്വന്തം ഭാഷയും സംസ്കാരവുമുള്ള ഇവിടുത്തെ തദ്ദേശീയരായ ജനങ്ങളാണെന്നും കെ ശ്രീകാന്ത് പറഞ്ഞു. ‘മലയാളത്തോടോ സംസ്ഥാന സർക്കാരിന്റെ മലയാളം പഠിപ്പിക്കാനുള്ള നീക്കത്തോടോ ബിജെപിക്ക് എതിർപ്പില്ല.
എന്നാൽ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മാതൃഭാഷയിൽ പഠിക്കാനുള്ള അവകാശം നിഷേധിക്കരുത്’ എന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ മൂലം വലിയൊരു വിഭാഗം ഭാഷാ ന്യൂനപക്ഷങ്ങൾ ഇതിനകം കർണാടകയിലേക്ക് കുടിയേറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ധരാമയ്യയുടെ നിലപാടിനെക്കുറിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കർണാടകയിൽ തന്നെ അവിടുത്തെ ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന അവസ്ഥയെക്കുറിച്ച് സിദ്ധരാമയ്യ അറിയണമെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷ വിഷയങ്ങൾ ഉയർത്തുന്ന എൽഡിഎഫും യുഡിഎഫും ഭാഷാ ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി കാണാത്തതിനാലാണ് അവരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.
വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ കന്നഡ ഭാഷയിൽ അപേക്ഷാ ഫോമുകൾ ലഭ്യമാക്കാത്തതിനാൽ നിരവധി കന്നഡ സംസാരിക്കുന്ന വോട്ടർമാർ ഒഴിവാക്കപ്പെട്ടുവെന്ന ആരോപണവും ശ്രീകാന്ത് ഉന്നയിച്ചു. ഇതിൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ടായിരുന്നുവെന്നും അവർ ആവശ്യമായ ശ്രമങ്ങൾ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, കാസർകോട് മേഖലകളിൽ ദേശീയപാതയ്ക്ക് സമീപം സ്ഥാപിക്കുന്ന ദിശാബോർഡുകളിൽ കന്നഡ സൈൻബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പായില്ല. ഇക്കാര്യം എൻഎച്ച്എഐ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടല്ല ബിജെപി ഈ വിഷയം ഉന്നയിക്കുന്നതെന്നും മുൻപ് പിഎസ് സി കന്നഡ ഭാഷയിൽ പരീക്ഷ നടത്തില്ലെന്ന ഉത്തരവ് വന്നപ്പോഴും ബിജെപി ശക്തമായി പ്രതിഷേധിച്ചിരുന്നുവെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ആർ സുനിൽ, എൻ ബാബുരാജ് എന്നിവരും പങ്കെടുത്തു.
കാസർകോട്ടെ ഭാഷാ വിവാദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ. വാർത്ത ഷെയർ ചെയ്യൂ.
Article Summary: BJP protests in Kasaragod against the Malayalam Language Bill 2025, following a tweet by Karnataka CM Siddaramaiah.
#Kasaragod #LinguisticControversy #BJP #Siddaramaiah #MalayalamLanguageBill #KeralaPolitics






