ഇവിഎം ഹാക്കിങ് തടയാൻ 40 ലക്ഷം ആവശ്യപ്പെട്ടെന്ന ആരോപണം; കോൺഗ്രസ് നേതാവിനെതിരെയുള്ള വിവാദം ചൂട് പിടിക്കുന്നു; കെട്ടിച്ചമച്ചതെന്ന് അഡ്വ. ബി എം ജമാൽ; താൻ പണം കൊടുത്തിട്ടില്ലെന്ന് കല്ലട്ര മാഹിൻ ഹാജി എംഎൽഎ
● ജർമൻ-ഇറ്റാലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹാക്കിങ് തടയാമെന്ന് അവകാശപ്പെട്ടതായി പരാതി
● വിഷയം യുഡിഎഫ് ജില്ലാ യോഗത്തിൽ ചർച്ചയായതായും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായും സൂചന
കാസർകോട്: (KasargodVartha) നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഇവിഎം ഹാക്കിങ് തടയാമെന്ന് അവകാശപ്പെട്ട് 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ഗുരുതര ആക്ഷേപവുമായി ബന്ധപ്പെട്ട് കാസർകോട്ടെ പ്രമുഖ കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സിഇഒയുമായ അഡ്വ. ബി എം ജമാലിനെതിരെ ഉയർന്ന ആരോപണം വിവാദമാകുന്നു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് ജില്ലാ യോഗത്തിൽ ഇതിനെക്കുറിച്ച് ഒന്നര മണിക്കൂറോളം ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ.
യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതി നൽകിയതായും സൂചനയുണ്ട്. കാസർകോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നിരിക്കുന്നത്. ഏപ്രിൽ ഒൻപതിന് നടന്ന വോട്ടെടുപ്പിന് ശേഷം ഫലപ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഉദുമ മണ്ഡലത്തിലെ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റായ ബി എം ജമാൽ പണം ആവശ്യപ്പെട്ടതെന്നാണ് ആരോപണം. യുഡിഎഫ് ജില്ലാ നേതൃത്വത്തെയും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും സമീപിച്ചാണ് ഇയാൾ പണം ആവശ്യപ്പെട്ടത്.
ജർമൻ-ഇറ്റാലിയൻ സാങ്കേതികവിദ്യയെന്ന് അവകാശവാദം
മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എ കെ എം അഷ്റഫ് ഏകദേശം 2,600 വോട്ടുകൾക്ക് പരാജയപ്പെടുമെന്നും ബിജെപി ഇവിഎം ഹാക്ക് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് ജമാൽ പറഞ്ഞതെന്നാണ് വിവരം. ഇത് തടയാൻ വിദഗ്ധരുടെ ഒരു സംഘം തന്റെ കൈവശമുണ്ടെന്നും അതിനായി 40 ലക്ഷം രൂപ ചെലവ് വരുമെന്നും, അതിൽ 15 ലക്ഷം രൂപ മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടതായി യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. ജർമൻ-ഇറ്റാലിയൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ബിജെപിയുടെ ഹാക്കിങ് പദ്ധതി ചെറുക്കാനാകുകയെന്നായിരുന്നു ജമാലിന്റെ അവകാശവാദം. സംഭാഷണത്തിനിടെ ചിലരെ ഫോണിൽ വിളിച്ച് ഈ വിഷയത്തിൽ സംസാരിക്കുകയും, സാങ്കേതിക വിവരങ്ങൾ അടങ്ങിയതായി പറഞ്ഞ ചില വീഡിയോകൾ കാണിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്.

ഉന്നത പദവികൾ വാഗ്ദാനം ചെയ്തു
വിഷയത്തിൽ ഉന്നത യുഡിഎഫ് നേതാക്കളുമായി ആലോചിച്ച ശേഷം ആരോപണങ്ങൾക്ക് യാതൊരു വിശ്വാസ്യതയും നൽകേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. എന്നാൽ പിന്നീട് ജമാൽ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കളെയും സമീപിച്ചു. തുടർന്ന് ലീഗ് നേതാക്കൾ എ കെ എം അഷ്റഫുമായി ബന്ധപ്പെട്ടപ്പോൾ ഇത് തട്ടിപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായും പറയുന്നു. കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥിയിൽ നിന്നും ഉദുമയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ സഹോദരനിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയതായും ആരോപണമുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ ഉന്നത പദവികൾ സ്വന്തമാക്കാൻ ജമാൽ ശ്രമിച്ചതായും മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പേഴ്സണൽ സ്റ്റാഫിനെ താനാണ് നിയമിക്കുന്നതെന്ന് പ്രചരിപ്പിച്ചതായും ജമാലിനെതിരെ ആക്ഷേപമുയർന്നിരുന്നു.
ആരോപണം നിഷേധിച്ച് ജമാൽ
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഡ്വ. ബി.എം. ജമാൽ കാസർകോട് വാർത്തയോട് പ്രതികരിച്ചു. തികച്ചും കെട്ടിച്ചമച്ച ആരോപണമാണിത്. തനിക്കെതിരെ കള്ളപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് യോഗത്തിലെ ചർച്ചകളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും തന്നോട് ചോദിക്കരുതെന്ന് മുൻ എംഎൽഎ എൻ എ നെല്ലിക്കുന്ന് കാസർകോട് വാർത്തയോട് പറഞ്ഞു. യോഗത്തിലെ കാര്യങ്ങളെ കുറിച്ച് പറയേണ്ടത് യുഡിഎഫ് ചെയർമാനും കൺവീനറുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജമാൽ തൻ്റെ കൈയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് കാസർകോട് എം എൽ എ കല്ലട്ര മാഹിൻ ഹാജി കാസർകോട് വാർത്തയോട് പ്രതികരിച്ചു. യുഡിഎഫ് യോഗത്തിൽ ആരോപണം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നോയെന്ന് അറിയില്ല. യോഗത്തിൻ്റെ തുടക്കത്തിൽ മാത്രമേ താൻ ഉണ്ടായിരുന്നുള്ളു. വ്യക്തിപരമായ പ്രധാനപ്പെട്ട ആവശ്യമുണ്ടായിരുന്നതിനാൽ യോഗത്തിൽ നിന്നും പെട്ടന്ന് പോകേണ്ടി വന്നുവെന്നും മാഹിൻ ഹാജി എംഎൽഎ കൂട്ടിചേർത്തു. ഇപ്പോൾ ഉയർന്ന ആരോപണത്തിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകുകയാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: A political controversy has erupted in Kasaragod following allegations that Congress leader Adv B M Jamal demanded Rs 40 lakhs from UDF candidates, claiming he could prevent EVM hacking using foreign technology, though Jamal and other leaders have completely denied the accusations.
#KasaragodNews #UDFKerala #EVMHackingAllegation #KeralaPolitics #BMJamal #CongressKerala #ElectionControversy #AparnaNews






