കോൺഗ്രസ് ഓഫീസിലെ അടി; വീഡിയോ പകർത്തിയത് താനല്ലെന്ന് സഫ്‌വാൻ കുന്നിൽ; 'പാർട്ടി മാറില്ല'
● തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
● ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും, ഡി കെ ഡി ടി എഫ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലുള്ള കൂട്ടയടിയാണ് നടപടിക്ക് ആധാരം.
● 18 വർഷത്തെ പ്രവർത്തനത്തിൽ ഇത്രയും വലിയ അപമാനം ആദ്യമായിട്ടാണ് നേരിടുന്നതെന്നും സഫ്‌വാൻ പറഞ്ഞു.
● വീഡിയോ പകർത്തിയത് വെളുത്ത ഷർട്ടും പാന്റും ധരിച്ച ഒരാളാണെന്ന് സംശയിക്കുന്നതായി സഫ്‌വാൻ വെളിപ്പെടുത്തി.
● അച്ചടക്ക നടപടിക്കെതിരെ കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ടെന്നും താൻ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട്: (KasargodVartha) ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിൽ നടന്ന ‘അടി’യുടെ വീഡിയോ പകർത്തിയത് ആസൂത്രിതമായിരുന്നുവെന്ന് സസ്‌പെൻഷനിലായ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സഫ്‌വാൻ കുന്നിൽ ആരോപിച്ചു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സഫ്‌വാൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ഈ മാസം 20-ന് ഡിസിസി വൈസ് പ്രസിഡൻ്റ് ജെയിംസ് പന്തമാക്കനും, ഡി കെ ഡി ടി എഫ് ജില്ലാ പ്രസിഡൻ്റ് വാസുദേവനും തമ്മിൽ ഉണ്ടായ കൂട്ടയടി സംഭവവുമായി ബന്ധപ്പെടുത്തിയാണ് തനിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചതെന്ന് സഫ്‌വാൻ പറഞ്ഞു. 18 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുകയാണെന്നും സസ്‌പെൻഷന് പിന്നാലെ നിരപരാധിയായ തന്നെ ധാരാളം പ്രവർത്തകർ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇത്ര വലിയ അപമാനം ആദ്യമായി'
“ഇതുപോലൊരു തിക്താനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ആരോപണം എൻ്റെ തലയിൽ കെട്ടിവെച്ച് പുറത്താക്കുന്നതിന് മുമ്പ് ഒരു ചോദ്യം പോലും ഡിസിസി പ്രസിഡൻ്റ് എന്നോട് ചോദിച്ചില്ല” – സഫ്‌വാൻ കുന്നിൽ ആരോപിച്ചു. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ഒന്നും താൻ ജീവിതത്തിൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി പ്രസിഡൻ്റിൻ്റെ നടപടി തനിക്ക് മനോവിഷമത്തിന് കാരണമായെന്നും സഫ്‌വാൻ പറഞ്ഞു.
'വീഡിയോ ഞാൻ എടുത്തിട്ടില്ല; ഫോൺ പരിശോധിക്കട്ടെ'
സംഭവദിവസം മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ സീറ്റ് സംബന്ധമായ ചർച്ചയ്ക്കാണ് താൻ ഡിസിസി ഓഫിസിൽ പോയതെന്ന് സഫ്‌വാൻ വിശദീകരിച്ചു. 'ഞാൻ ഒരു മാധ്യമ പ്രവർത്തകനല്ല, വീഡിയോ എടുത്തിട്ടില്ല. എൻ്റെ ഫോൺ പരിശോധിച്ചിട്ടാണ് നടപടി സ്വീകരിക്കേണ്ടിയിരുന്നത്'- എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. സസ്‌പെൻഡ് ചെയ്ത ശേഷം അന്വേഷണത്തിന് ആളെ നിയമിക്കുന്നത് പാർട്ടിയിൽ കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ് എന്നും, അന്വേഷണം നടത്തുന്നവരും മുൻവിധിയോടെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഒന്ന് വിളിച്ചു ചോദിക്കാനുള്ള മര്യാദ പോലും നേതൃത്വം കാണിച്ചില്ല' എന്നും സഫ്‌വാൻ കൂട്ടിച്ചേർത്തു.
വീഡിയോ പകർത്തിയത് ആസൂത്രിതം
വീഡിയോ പകർത്തിയത് ആരാണെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, 'അടി നടക്കുമ്പോൾ ഓഫീസിൽ ഉണ്ടായിരുന്ന വെളുത്ത ഷർട്ടും പാന്റും ധരിച്ച ആളാണ് വീഡിയോ പകർത്തിയതെന്ന് സംശയിക്കുന്നു' എന്ന് സഫ്‌വാൻ മറുപടി നൽകി. ഒരു മിനുട്ട് മാത്രം നീളുന്ന സംഭവത്തെ കൃത്യമായി ഫ്രെയിം ചെയ്ത് പകർത്തിയതാണ്. അത് മുൻകൂട്ടി ആസൂത്രണം ചെയ്തവർക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു സഫ്‌വാൻ്റെ വിലയിരുത്തൽ. ജെയിംസ് പന്തമാക്കൻ തന്നെ 'അടിയും ദൃശ്യം പകർത്തലും ആസൂത്രിതം' എന്ന് പറഞ്ഞതോടെയാണ് സംശയം കൂടുതൽ ശക്തമായതെന്നും അദ്ദേഹം പറഞ്ഞു.
ജെയിംസ് പന്തമാക്കനെ പുറത്താക്കാനുള്ള പഴയ തിരക്കഥയുടെ ഭാഗമാണോ ഈ സംഭവമെന്ന ചോദ്യത്തിന് 'അങ്ങനെയും സംശയിക്കാം, അതിൽ കൂടുതൽ എനിക്ക് അറിയില്ല' എന്നായിരുന്നു സഫ്‌വാൻ്റെ മറുപടി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും പാർട്ടിയെ മോശമായി ചിത്രീകരിക്കാൻ കൂട്ട് നിൽക്കില്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാലും തനിക്ക് പാർട്ടി മാറാൻ താൽപര്യമില്ലെന്നും സഫ്‌വാൻ കുന്നിൽ വ്യക്തമാക്കി.
കോൺഗ്രസ് ഓഫീസിലെ സംഭവത്തിൽ സഫ്‌വാൻ കുന്നിലിൻ്റെ വാദങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Congress Block Secretary Safwan Kunnil alleges conspiracy in his suspension.
#CongressBrawl #SafwanKunnil #KasaragodCongress #PoliticalConspiracy #KPCC #KeralaPolitics






