കാസർകോട്ട് വൻ മുന്നേറ്റം; യുഡിഎഫിൻ്റെ ചരിത്രവിജയത്തിന് പിന്നാലെ ജില്ലയിൽ കോൺഗ്രസ് 1987-ലെ സുവർണ കാലഘട്ടത്തിലേക്ക് തിരിച്ചെത്തിയെന്ന് പി കെ ഫൈസൽ
● മഞ്ചേശ്വരത്ത് എ കെ എം അഷ്റഫും കാസർകോട് കല്ലട്ര മാഹിൻ ഹാജിയും ചരിത്ര ഭൂരിപക്ഷം സ്വന്തമാക്കി.
● സിപിഎം കുത്തകയായിരുന്ന ഉദുമ മണ്ഡലം കെ നീലകണ്ഠനിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു.
● തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ നേടിയ അട്ടിമറി വിജയം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചു.
● എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള ഏകോപിത പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് യുഡിഎഫ് 102 സീറ്റുകൾ നേടിയ ചരിത്രവിജയത്തിന് പിന്നാലെ ജില്ലയിൽ യുഡിഎഫിന് ഉണ്ടായ നേട്ടം വലിയ ജനവിധിയുടെ പ്രതിഫലമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡൻ്റ് പി കെ ഫൈസൽ കാസര്‍കോട് ഡിസിസി ഓഫീസില്‍ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ നടന്ന ജനദ്രോഹ ഭരണത്തിനെതിരെ ജനങ്ങൾ നൽകിയ മറുപടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ യുഡിഎഫിന് വലിയ മുന്നേറ്റമാണ് ഉണ്ടായത്. മഞ്ചേശ്വരത്തും കാസർകോട്ടും മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. മഞ്ചേശ്വരത്ത് എ കെ എം അഷ്റഫും കാസർകോട്ട് കല്ലട്ര മാഹിൻ ഹാജിയും ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയിൽ വൻ മുന്നേറ്റം ഉണ്ടാക്കി കോൺഗ്രസ് 1987-ലെ സുവർണ കാലഘട്ടത്തിലേക്ക് തിരിച്ചെത്തിയെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. ഉദുമ മണ്ഡലത്തിൽ 1987-ൽ കെ പി കുഞ്ഞിക്കണ്ണനും കാഞ്ഞങ്ങാട്ട് മനോഹരൻ മാസ്റ്ററും വിജയിച്ചതാണ് കോൺഗ്രസിൻ്റെ സുവർണ കാലഘട്ടം. ഇതിന് ശേഷം സിപിഎം കൈവശം വെച്ചിരുന്ന ഉദുമ മണ്ഡലത്തിൽ കെ നീലകണ്ഠൻ നേടിയ തിളക്കമാർന്ന വിജയം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമങ്ങൾ ഉള്ള തൃക്കരിപ്പൂർ മണ്ഡലം രൂപീകരണത്തിന് ശേഷം തുടർച്ചയായി സിപിഎം വിജയിച്ചിരുന്ന സാഹചര്യത്തിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ നേടിയ അട്ടിമറി വിജയം പാർട്ടിക്ക് അടിത്തറയുണ്ടാക്കും.
ഇതോടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാല് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുകയും, കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫ് ഭൂരിപക്ഷം പകുതിയോളമായി കുറക്കാനും കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിജയം സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തെയും വികസന മുരടിപ്പിനെതിരായ ജനവിധിയാണെന്നും ഡിസിസി പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ സംഘടനാതലത്തിലുള്ള ഏകോപിത പ്രവർത്തനമാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കം ബൂത്ത് തലത്തിലും വാർഡ് തലത്തിലും മണ്ഡലം - ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിൽ വരെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ചതും യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനവും വിജയത്തിന് നിർണായകമായതായി അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളുടെ വ്യക്തിപരമായ സ്വീകാര്യതയും ജനങ്ങളുമായി പുലർത്തിയ ബന്ധവും വിജയം ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തന്നെ യുഡിഎഫിന് ലഭിച്ച മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും തുടർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേശ്വരത്ത് എ കെ എം അഷ്റഫ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തിയതായും അദ്ദേഹം വിലയിരുത്തി.
ജില്ലയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും വോട്ടർമാരോടും നന്ദി രേഖപ്പെടുത്തുകയും, ഭാവിയിൽ വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി കെ ഖാലിദും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളും അപ്ഡേറ്റുകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ വാർത്തയ്ക്ക് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: DCC President P.K. Faisal stated that the Congress has returned to its golden era of 1987 in Kasaragod, citing the UDF's massive victory in the district as a strong public mandate against the LDF government.
#KasaragodNews #KeralaElections2026 #UDFKerala #CongressKerala #PKFaisal #ElectionResults2026






