city-gold-ad-for-blogger

ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; കാസർകോട് പൂർണ സജ്ജം, മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്: കളക്ടർ

Kasaragod fully prepared for Assembly Elections on April 9; Webcasting in all 1146 booths: District Collector
Photo: Achu Kasargod

● സുരക്ഷയ്ക്കായി ബിഎസ്എഫ് അടക്കം 16 കമ്പനി കേന്ദ്രസേനയെ ജില്ലയിൽ വിന്യസിച്ചു.
● 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ 'വീട്ടിലെ വോട്ട്' 98.11% പൂർത്തിയായി.
● സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന അഞ്ച് പിങ്ക് ബൂത്തുകളും ഒരു ഭിന്നശേഷി സൗഹൃദ ബൂത്തും ജില്ലയിലുണ്ട്.
● 238 ക്രിട്ടിക്കൽ ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരുടെയും കേന്ദ്രസേനയുടെയും പ്രത്യേക നിരീക്ഷണമുണ്ടാകും.
● ഏപ്രിൽ 7 വൈകീട്ട് 6 മുതൽ ഏപ്രിൽ 9 വൈകീട്ട് 6 വരെ ജില്ലയിൽ മദ്യനിരോധനം.

കാസർകോട്: (KasargodVartha) ഏപ്രിൽ ഒൻപതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് വരണാധികാരികൾ, ഉപ വരണാധികാരികൾ, 23 വിവിധ നോഡൽ ഓഫീസർമാർ തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്.

പോളിംഗ് സമയവും ക്രമീകരണങ്ങളും

2026 ഏപ്രിൽ 9 വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 5.30ന് മോക് പോൾ ആരംഭിക്കും. പോളിംഗ് ദിനത്തിൽ ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധിയാണ്. നിലവിൽ ആറ് വിഎഫ്സികൾ പോസ്റ്റൽ വോട്ട് ചെയ്യാനുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന ദിവസം കൂടുതൽ വിഎഫ്സികൾ സജ്ജീകരിക്കുമെന്നും ജില്ലയിലെ മുഴുവൻ ആളുകളും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി വോട്ട് രേഖപ്പെടുത്തണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ പറഞ്ഞു.

ബൂത്തുകളിലെ സൗകര്യങ്ങൾ

പോളിംഗ് ബൂത്തുകളിൽ മൊബൈൽ അനുവദനീയമല്ലാത്തതിനാൽ ഫോണുകൾ വെക്കാനുള്ള പൗച്ചുകൾ ക്രമീകരിക്കും. ബൂത്തിനുള്ളിലും പുറത്തും ക്യാമറയോട് കൂടിയ വെബ്കാസ്റ്റിംഗ് സംവിധാനമാണുണ്ടാവുക. സ്ത്രീകൾ മാത്രം പോളിംഗ് ഉദ്യോഗസ്ഥരായിട്ടുള്ള അഞ്ച് പിങ്ക് ബൂത്തുകളും ഒരു ഭിന്നശേഷി സൗഹൃദ ബൂത്തും ജില്ലയിലുണ്ട്. 20% റിസർവോടെ 5504 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 60% സ്ത്രീകളാണ്. ജില്ലയിൽ 116 സെക്ടറൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

പോലീസും കേന്ദ്രസേനയും സുരക്ഷയ്ക്ക്

പോളിംഗ് ദിനത്തിന് 72 മണിക്കൂർ സമയത്ത് അതീവ ജാഗ്രത പാലിച്ചാണ് പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്. അനിഷ്ട സംഭവങ്ങളിൽ പ്രതികരിക്കുന്നതിന് ക്വിക്ക് റെസ്‌പോൺസ് സ്കീം പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സെൻട്രൽ ആംഡ് ഫോഴ്സിന്റെ 780 ഉദ്യോഗസ്ഥരെയും വിനിയോഗിക്കുന്നുണ്ട്. കൂടാതെ ബിഎസ്എഫ് അടക്കം 16 കമ്പനി കേന്ദ്രസേന ജില്ലയിലെത്തി വിവിധ പ്രദേശങ്ങളിൽ റൂട്ട് മാർച്ച് നടത്തിയിട്ടുണ്ട്.

വോട്ടർമാരും സ്ഥാനാർത്ഥികളും

കാസർകോട് ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെ 11,03,618 വോട്ടർമാരുണ്ട്. ഇതിൽ 5,44,543 പുരുഷന്മാരും 5,59,063 സ്ത്രീകളും 12 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. ജില്ലയിൽ 1141 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ജില്ലയിൽ വിവിധ മണ്ഡലങ്ങളിലേക്കായി 32 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മഞ്ചേശ്വരം മണ്ഡലത്തിലാണ് (11). കാസർകോട് (5), ഉദുമ (6), കാഞ്ഞങ്ങാട് (4), തൃക്കരിപ്പൂർ (6) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ എണ്ണം.

മണ്ഡലം തിരിച്ച് വോട്ടർമാരുടെ എണ്ണം (പുരുഷന്മാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ആകെ എന്ന ക്രമത്തിൽ):

  • മഞ്ചേശ്വരം: 115801, 114312, 0, 230113

  • കാസർകോട്: 105524, 105399, 0, 210923

  • ഉദുമ: 112166, 116342, 4, 228512

  • കാഞ്ഞങ്ങാട്: 109008, 114966, 6, 223980

  • തൃക്കരിപ്പൂർ: 102044, 108044, 2, 210090

വീട്ടിലെ വോട്ട് കണക്കുകൾ

ജില്ലയിൽ വോട്ടെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി സമ്മതിദായകർ വോട്ട് രേഖപ്പെടുത്തുന്ന 'വീട്ടിലെ വോട്ട്' സേവനം പൂർത്തിയായി. 98.11 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ വീട്ടിൽ വോട്ട് ചെയ്തത് 6679 പേരാണ്.

ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടായിരുന്നത്. ജില്ലയിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ള 3189 വോട്ടർമാരും ഭിന്നശേഷിക്കാരായ 3490 വോട്ടർമാരും വീട്ടിൽ വോട്ട് ചെയ്തു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ള 341 പേരും ഭിന്നശേഷിക്കാരായ 642 പേരും വോട്ട് ചെയ്തു. കാസർകോട് (85+ പ്രായമുള്ളവർ: 344, ഭിന്നശേഷിക്കാർ: 540), ഉദുമ (85+ പ്രായമുള്ളവർ: 648, ഭിന്നശേഷിക്കാർ: 879), കാഞ്ഞങ്ങാട് (85+ പ്രായമുള്ളവർ: 923, ഭിന്നശേഷിക്കാർ: 718), തൃക്കരിപ്പൂർ (85+ പ്രായമുള്ളവർ: 933, ഭിന്നശേഷിക്കാർ: 711) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്കുകൾ.

രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് ഉദ്യോഗസ്ഥൻ, ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിലെത്തിയത്. 85 വയസ്സ് കഴിഞ്ഞ 3281 പേർക്കും ഭിന്നശേഷിക്കാരായ 3529 പേർക്കുമാണ് ജില്ലയിൽ വീട്ടിൽ വോട്ട് അനുവദിച്ചിരുന്നത്. മരണപ്പെട്ടവർ, സ്ഥലം മാറ്റം തുടങ്ങിയ കാരണങ്ങളാൽ ചിലർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല.

സി വിജിൽ പരാതികൾ പരിഹരിച്ചു

കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സി വിജിൽ കൺട്രോൾ റൂമിൽ 2026 ഏപ്രിൽ 7 ചൊവ്വാഴ്ച രാവിലെ 11.30 വരെ ലഭിച്ച 1094 പരാതികളും പരിഹരിച്ചു. കൂടുതൽ പരാതികളും സ്വയമേധയാ എടുത്തവയാണ്. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചിലവ് എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൺട്രോൾ റൂം കൈകാര്യം ചെയ്യുന്നത്. 30 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാകുന്നുണ്ട്.

പോളിംഗ് സാമഗ്രികളുടെ വിതരണം

വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം 2026 ഏപ്രിൽ 8 ബുധനാഴ്ച രാവിലെ എട്ട് മുതൽ ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ ആരംഭിക്കും. 1141 വോട്ടിംഗ്-വിവിപാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 20% കൂടുതൽ ബാലറ്റ്-കൺട്രോൾ യൂണിറ്റുകളും (228), 30% കൂടുതൽ വിവിപാറ്റുകളും (342) റിസർവായി വേണം. 1426 ബാലറ്റ് യൂണിറ്റുകളും 1426 കൺട്രോൾ യൂണിറ്റുകളും 1538 വിവിപാറ്റ് യൂണിറ്റുകളും ജില്ലയിൽ പ്രവർത്തന സജ്ജമാണ്. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾക്കുള്ള സാമഗ്രികൾ കാസർകോട് ഗവ. കോളേജിലും, ഉദുമയിലേത് തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലും, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലേത് കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിലുമാണ് വിതരണം ചെയ്യുക.

ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ

ജില്ലയിലാകെ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെയുള്ള 1146 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വോട്ടർമാരെ സഹായിക്കുന്നതിനായി ബിഎൽഒമാരുടെ പ്രത്യേക ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. റാംപ് സൗകര്യം, തടസ്സമില്ലാത്ത വൈദ്യുതി, കുടിവെള്ളം, ഫീഡിംഗ് മുറികൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

പ്രത്യേക പരിഗണനയും ഹരിതച്ചട്ടവും

ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വീൽചെയർ സൗകര്യവും, സഹായിക്കാൻ പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കന്നിവോട്ടർമാരെ മധുരം നൽകി സ്വീകരിക്കും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഭക്ഷണ സൗകര്യങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പൂർണ്ണമായും ഹരിതച്ചട്ടം പാലിച്ചാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാലിന്യരഹിത തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ 1146 ബൂത്തുകളിലായി ഹരിതകർമ്മ സേനയുടെ 1500 ഓളം അംഗങ്ങളെ വിന്യസിച്ചു.

വെബ് കാസ്റ്റിംഗ്

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലുള്ള 1146 ബൂത്തുകളിലും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 2026 ഏപ്രിൽ 9 വ്യാഴാഴ്ച രാവിലെ മോക്പോൾ ആരംഭിക്കുന്നത് മുതൽ വോട്ടിംഗ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നത് വരെയുള്ള നടപടികൾ കളക്ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും.

ക്രിട്ടിക്കൽ ബൂത്തുകളും സുരക്ഷയും

ജില്ലാതലത്തിൽ ആകെ 238 ക്രിട്ടിക്കൽ ബൂത്തുകളാണുള്ളത്. ഇവിടെയെല്ലാം സുരക്ഷ ശക്തമാക്കും. മഞ്ചേശ്വരം (36), കാസർകോട് (57), ഉദുമ (34), കാഞ്ഞങ്ങാട് (45), തൃക്കരിപ്പൂർ (66) എന്നിങ്ങനെയാണ് ക്രിട്ടിക്കൽ ബൂത്തുകളുടെ എണ്ണം. കേന്ദ്രസേനകളായ ബിഎസ്എഫ്, സിഐഎസ്എഫ്, തമിഴ്നാട് സ്പെഷ്യൽ പോലീസ്, മഹാരാഷ്ട്ര സ്പെഷ്യൽ പോലീസ്, എസ്എസ്ബി എന്നീ ഫോഴ്സുകളുടെ സേവനം ജില്ലയിലുണ്ട്. 171 മൈക്രോ ഒബ്സർവർമാർ ക്രിട്ടിക്കൽ ബൂത്തുകൾ നിരീക്ഷിക്കും.

സ്ട്രോങ് റൂമുകൾ

കാസർകോട് ഗവ. കോളേജിലാണ് കാസർകോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ ഒരുക്കിയിട്ടുള്ളത്. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിൽ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളും പ്രവർത്തിക്കും.

മാതൃകാ, വനിതാ ബൂത്തുകൾ

വോട്ടർമാർക്ക് മികച്ച പോളിംഗ് അനുഭവം നൽകുന്നതിനായി അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. പൈവളിഗെ നഗർ ഗവ. എച്ച്എസ്എസ്, വിദ്യാഗിരി എസ്എബിഎം യുപി സ്കൂൾ, ബാരെ ജിഡബ്ല്യു എൽപി സ്കൂൾ, രാവണേശ്വരം ജിഎച്ച്എസ്എസ്, നീലേശ്വരം ഗവ. എൽപി സ്കൂൾ എന്നിവയാണവ. കൂടാതെ കുമ്പള ഹോളി ഫാമിലി ബേസിക് സ്കൂൾ, കാസർകോട് ഗവ. കോളേജ്, കുണ്ടംകുഴി ഗവ. എച്ച്എസ്എസ്, അജാനൂർ മാണിക്കോത്ത് യുപി സ്കൂൾ, പിലിക്കോട് ഗവ. യുപി സ്കൂൾ എന്നീ അഞ്ച് ബൂത്തുകളുടെ പൂർണ്ണ നിയന്ത്രണം വനിതകൾക്കായിരിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിലെ മൂന്നാം നമ്പർ ബൂത്ത് പൂർണ്ണമായും ഭിന്നശേഷി സൗഹൃദ ബൂത്താണ്.

തിരിച്ചറിയൽ രേഖകൾ

വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡിന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റ് രേഖകളും ഉപയോഗിക്കാം. ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്പോർട്ട്, പെൻഷൻ രേഖ, സർവീസ് ഐഡി കാർഡ്, എംപി/എംഎൽഎ ഔദ്യോഗിക കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.

പ്രചാരണം അവസാനിച്ചു, ഇനി ഡ്രൈഡേ

വോട്ടെടുപ്പിന് മുന്നോടിയായി 2026 ഏപ്രിൽ 7 ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ ജില്ലയിൽ പരസ്യപ്രചാരണം അവസാനിച്ചു. വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തുന്നതിനാൽ, ഏപ്രിൽ 7 വൈകീട്ട് ആറ് മുതൽ ഏപ്രിൽ 9 വ്യാഴാഴ്ച വൈകീട്ട് ആറ് വരെ ജില്ലയിൽ ഡ്രൈഡേ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് സംബന്ധിച്ച ഈ സമഗ്ര വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. തിരഞ്ഞെടുപ്പ് അപ്‌ഡേറ്റുകളും പ്രാദേശിക വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. കാസർകോട് ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.

Article Summary: Kasaragod District Collector Arjun Pandian announced that the district is fully prepared for the upcoming assembly elections on April 9, 2026. Extensive arrangements including 1146 polling booths with webcasting, deployment of central forces for security, green protocol compliance, and 'home voting' for the elderly and disabled have been completed for over 11 lakh voters.

#KasaragodElection #KeralaAssemblyElection2026 #PollingReady #KasaragodNews #ElectionCommission #Webcasting #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia