city-gold-ad-for-blogger

മാഹിൻച്ച കോണി കയറുമോ? അശ്വിനി താമര ചൂടുമോ? ഷാനവാസ് വെട്ടം തെളിക്കുമോ? കാസർകോട് മണ്ഡലത്തിൽ കാറ്റ് എങ്ങോട്ട് വീശും

Who Will Claim the Kasaragod Assembly Seat? A Look at the Fierce Triangular Contest
Photo: Arranged

● ജില്ലയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാർ നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമാണിത്.
● 1977 മുതൽ മുസ്ലിം ലീഗ് മാത്രം വിജയിച്ചുവരുന്ന മണ്ഡലത്തിൽ വിജയം നിലനിർത്താൻ യുഡിഎഫ് സജീവമാണ്.
● മുഖ്യധാരാ മുന്നണിയുടെ സ്ഥാനാർത്ഥിയായി ജില്ലയിൽ മത്സരിക്കുന്ന ഏക വനിതയാണ് എം എൽ അശ്വിനി.
● ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഷാനവാസ് പാദൂർ നടത്തിയ പ്രവർത്തനങ്ങളുടെ ബലത്തിൽ കളം പിടിക്കാൻ എൽഡിഎഫും ശക്തമായി രംഗത്തുണ്ട്.
● മൂന്ന് മുന്നണികൾക്കും കന്നിയങ്കക്കാരായ സ്ഥാനാർത്ഥികളായതിനാൽ കാസർകോടിന് പുതിയ എംഎൽഎയെ ലഭിക്കും.

-കുഞ്ഞിക്കണ്ണൻ മുട്ടത്ത് 

കാസർകോട്: (KasargodVartha) യുഡിഎഫ് ചരിത്രവിജയം നേടാറുള്ള കാസർകോട് നിയമസഭാ മണ്ഡലത്തിൽ ഇക്കുറി കാറ്റ് എങ്ങോട്ട് വീശുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കുടിവെള്ള പ്രശ്നമായിരുന്നു മണ്ഡലത്തിലെ പ്രധാന ചർച്ച. എന്നാൽ ബാവിക്കര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതോടെ ചർച്ച വികസനത്തിലേക്കും വന്യജീവി അക്രമത്തിലേക്കും എയിംസ് ഉൾപ്പെടെ ജില്ല നേരിടുന്ന അവഗണനയിലേക്കും വഴിമാറി. വികസനത്തെക്കുറിച്ച് സംസ്ഥാന രാഷ്ട്രീയക്കാർക്ക് മുൻപിൽ പലതവണ ആവർത്തിച്ചിട്ടും സാങ്കേതികക്കുരുക്കുകളിൽ അലിയുന്ന പരാതികൾക്കിടയിലും തിരഞ്ഞെടുപ്പ് ആവേശമൊട്ടും കുറയ്ക്കാതെ മുന്നണികൾ പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു.

ജില്ലാ അധ്യക്ഷന്മാർ നേർക്കുനേർ

ജില്ലയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാർ നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമെന്ന പ്രത്യേകതയും ഇക്കുറി കാസർകോടിനുണ്ട്. യുഡിഎഫ് ജില്ലാ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജി എന്ന മാഹിന്‍ച്ചയും, ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനിയുമാണ് പോർക്കളത്തിലെ പ്രധാന എതിരാളികൾ. മുഖ്യധാരാ മുന്നണിയുടെ സ്ഥാനാർത്ഥിയായി ജില്ലയിൽ മത്സരിക്കുന്ന ഏക വനിതയെന്ന പ്രത്യേകതയും അശ്വിനിക്കുണ്ട്. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തിൽ ഐഎൻഎല്ലിന് വിട്ടുനൽകിയ സീറ്റിൽ, അഭ്യൂഹങ്ങൾക്കൊടുവിൽ അവസാന നിമിഷമാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. മുൻ കോൺഗ്രസ് നേതാവായ ഷാനവാസ് പാദൂരിനെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്.

കോട്ട കാക്കാൻ യുഡിഎഫ്

തങ്ങളുടെ പൊന്നാപുരം കോട്ടയെന്ന് വിളിക്കുന്ന കാസർകോട്ട് വിജയം നിലനിർത്താൻ ലീഗും യുഡിഎഫും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. 1977 മുതൽ മുസ്ലിം ലീഗ് മാത്രമാണ് മണ്ഡലത്തിൽ വിജയിച്ചുവരുന്നത്. സാമൂഹിക-ജനസംഖ്യാ ഘടനയും പാർട്ടി സംഘടനയുടെ ശക്തിയുമാണ് ഈ ആധിപത്യത്തിന് പിന്നിൽ. ഗ്രാമീണ-നഗര മേഖലകളിൽ ഒരുപോലെ സ്വാധീനം പുലർത്തുന്ന ലീഗ്, സ്ഥിരതയാർന്ന വോട്ട് ബാങ്ക് നിലനിർത്തിയിട്ടുണ്ട്. കല്ലട്ര മാഹിൻ ഹാജിയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് സംഘടനാതലത്തിൽ വലിയ കരുത്ത് നൽകുന്നു. പരമ്പരാഗത വോട്ടുകളുടെ ഏകീകരണം തന്നെയാണ് അവരുടെ പ്രധാന ആയുധം.

കോട്ട പിടിക്കാൻ എൻഡിഎയും എൽഡിഎഫും

പച്ചക്കോട്ട കാവിക്കോട്ടയാക്കാനാണ് എൻഡിഎയുടെ തീവ്രമായ പടയൊരുക്കം. ബിജെപി ജില്ലാ പ്രസിഡന്റിന്റെ സ്ഥാനാർത്ഥിത്വം എൻഡിഎയ്ക്ക് പുതുമയും ശ്രദ്ധയും നൽകുന്നു. യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് അവർ നടത്തുന്നത്. ഭൂരിപക്ഷ സമുദായ വോട്ടുകൾക്കൊപ്പം യുഡിഎഫിൽ നിന്നുള്ള അസംതൃപ്ത വോട്ടുകൾ കൂടി പെട്ടിയിലാക്കാനാണ് എൻഡിഎയുടെ ശ്രമം.

എന്നും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ഐഎൻഎല്ലും ഇടതുമുന്നണിയും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഷാനവാസ് പാദൂർ നടത്തിയ പ്രവർത്തനങ്ങളുടെ ബലത്തിൽ കളം പിടിക്കാൻ ശക്തമായി രംഗത്തുണ്ട്. മുൻ കോൺഗ്രസ് നേതാവെന്ന നിലയിൽ യുഡിഎഫ് വോട്ടുകളിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസമാണ് ഇടതുമുന്നണിക്കുള്ളത്. വ്യക്തിപരമായ വോട്ടുകളും ഇവിടെ നിർണ്ണായകമാകും.

കാത്തിരിപ്പ് ജനവിധിക്ക്

കോണി ചിഹ്നത്തിൽ മത്സരിക്കുന്ന കല്ലട്ര മാഹിൻ ഹാജി കോണി കയറുമോ? താമര ചിഹ്നത്തിൽ മത്സരിക്കുന്ന എം.എൽ അശ്വിനി താമര ചൂടുമോ? അതോ ടോർച്ച് ചിഹ്നത്തിൽ മത്സരിക്കുന്ന ഷാനവാസ് പാദൂർ എം.എൽ.എ കസേരയിലേക്ക് വെട്ടം തെളിക്കുമോ എന്ന ചോദ്യമാണ് വോട്ടർമാരിൽ നിന്നുയരുന്നത്. കന്നിയങ്കക്കാർ ഏറ്റുമുട്ടുന്ന ഈ മത്സരത്തിൽ ആരു ജയിച്ചാലും നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ പുതിയൊരാൾ വരുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. വോട്ട് വിഭജനം തള്ളിക്കളയാനാകില്ലെന്നതും, നിശബ്ദ വോട്ടർമാരുടെയും കന്നി വോട്ടർമാരുടെയും നിലപാടുകളും വിജയത്തിൽ നിർണ്ണായകമാകും. എല്ലാ ഘടകങ്ങൾ പരിഗണിക്കുമ്പോഴും യുഡിഎഫ് സുരക്ഷിത സ്ഥാനത്താണെങ്കിലും മുൻകാലത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രാഥമിക വിലയിരുത്തൽ. ചരിത്രം ആവർത്തിക്കുമോ, അതോ കാസർകോട് പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കുമോ എന്നറിയാൻ ജനവിധി വരും വരെ കാത്തിരിക്കണം.

ഈ നിർണ്ണായക തിരഞ്ഞെടുപ്പ് വിശകലനം നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകളും വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ ത്രികോണപ്പോരാട്ടത്തിൽ ആർക്കാണ് മുൻതൂക്കമെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.

Article Summary: The Kasaragod assembly constituency is set for a fierce triangular contest featuring three debutant candidates. Muslim League District President Kallatra Mahin Haji (UDF), BJP District President M.L. Ashwini (NDA), and LDF-backed independent Shanavas Padur are battling for the seat. While UDF aims to defend its traditional stronghold held since 1977, NDA and LDF are vigorously campaigning to rewrite history, making it a highly anticipated electoral battle.

#KasaragodElection #KeralaAssemblyElection #UDFKerala #NDAKerala #LDFKerala #KallatraMahinHaji #MLAshwini #ShanavasPadur #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia