Conviction | അർജുൻ രക്ഷാദൗത്യത്തിലൂടെ കയ്യടി നേടിയ കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയിലിന് സ്ഥാനം നഷ്ടമാകുമോ?

● ഇരുമ്പ് അയിര് കടത്തിയ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ.
● രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചാൽ എംഎൽഎ സ്ഥാനം നഷ്ടമാകും.
● സെയിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
മംഗ്ളുറു: (KasargodVartha) ഷിരൂരിൽ മണ്ണിടിച്ചലിൽ മരണപ്പെട്ട മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിലൂടെ ശ്രദ്ധേയനായ കർണാടക കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ബെലെകേരി ഇരുമ്പ് അയിര് കടത്ത് കേസിൽ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചതോടെ എംഎൽഎ സ്ഥാനം നഷ്ടമാകാൻ സാധ്യത.
കോൺഗ്രസ് എംഎൽഎയായ സതീഷ് കൃഷ്ണ സെയിൽ അടക്കം ഏഴ് പ്രതികൾക്ക് ഏഴുവർഷം തടവിന് പുറമെ ഇവരിൽനിന്ന് 44.25 കോടി രൂപ പിഴയീടാക്കാനും ബെംഗ്ളൂറിലെ ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ഉത്തരവിട്ടിട്ടുണ്ട്. എംഎൽഎയെ കൂടാതെ പോർട്ട് ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന മഹേഷ് ജെ ബിലിയെ, വിവിധ ഖനന കമ്പനികളുടെ ഉടമകളായ ചേതൻ ഷാ, കെ വി നാഗരാജ്, കെ വി എൻ ഗോവിന്ദരാജ്, കെ മഹേഷ് കുമാർ, പ്രേംചന്ദ് ഗാർഗ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
എന്താണ് കേസ്?
കർണാടകയിലെ ബെല്ലാരി, ഹോസ്‌പേട്ട്, സന്ദൂർ, ചിത്രദുർഗ് തുടങ്ങിയ വനമേഖലകളിൽ നിന്ന് വൻതോതിൽ ഇരുമ്പയിര് അനധികൃതമായി ഖനനം ചെയ്ത് വിദേശത്തേക്ക് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2010-ൽ വനംവകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് കണ്ടുകെട്ടിയിരുന്നു.
ഈ അയിര് സംരക്ഷിക്കാൻ ബെലേകേരു തുറമുഖം കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പിന് വനംവകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ രണ്ടുലക്ഷം മെട്രിക് ടൺ അയിര് മാത്രമാണ് തുറമുഖത്തുണ്ടായിരുന്നത്. ഇതോടെ അയിര് കാണാതായതുമായി ബന്ധപ്പെട്ട് തുറമുഖ അതോറിറ്റിക്കും അയിര് ഷിപ്പിംഗ് കമ്പനികൾക്കും എതിരെ വനംവകുപ്പ് പരാതി നൽകി.
ഈ അനധികൃത പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് ലോകായുക്ത സർക്കാരിന് റിപ്പോർട്ട് നൽകി. തുടർന്ന് 2010 ജൂൺ 23ന് സർക്കാർ കേസ് സിഐഡിക്ക് കൈമാറി. 2011ൽ സുപ്രീം കോടതി കേസ് സിബിഐക്ക് വിട്ടു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം സിബിഐ 2009-2010 കാലഘട്ടത്തിലെ അനധികൃത ഖനനവും അയിര് കടത്തലും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിൽ സതീഷ് സെയിലിൻറെ ഉടമസ്ഥതയിലുള്ള കമ്പനി 7.23 ലക്ഷം മെട്രിക് ടൺ അയിര് ബെൽക്കേരി വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തതായി കണ്ടെത്തി.
സതീഷ് സെയിൽ പ്രതികളുമായി ഗൂഢാലോചന നടത്തി അനധികൃതമായി അയിര് കയറ്റുമതി ചെയ്തിരുന്നുവെന്നാണ് സിബിഐ കേസ്. ഇതിൽ സതീഷ് സെയിലിൻറെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് പ്രധാന പങ്കു വഹിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആകെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആറ് കേസുകളിലും ശിക്ഷിക്കപ്പെട്ട എംഎൽഎ സതീഷ് സെയിൽ ഇപ്പോൾ ജയിലിലാണ്.
എംഎൽഎ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത
തടവ് ശിക്ഷ കാരണം സതീഷ് സെയിലിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഭരണഘടനയിലെ 190-ാം വകുപ്പ് ഒരു ജനപ്രതിനിധിയുടെ അയോഗ്യതയെ സംബന്ധിച്ച പ്രധാന വ്യവസ്ഥകൾ നിർവചിക്കുന്നു. ഈ വകുപ്പിന്റെ 3-ാം ഉപവകുപ്പ് പ്രകാരം, രണ്ട് വർഷത്തിലധികം കാലത്തേക്ക് ഒരു വ്യക്തിക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ടാൽ നിയമസഭാംഗത്വമോ പാർലമെന്റ് അംഗത്വമോ നഷ്ടമാവും.
അതായത്, ഒരു കോടതി ഒരു വ്യക്തിക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ വിധിച്ചാൽ, ആ വ്യക്തിക്ക് തിരഞ്ഞെടുക്കപ്പെട്ട പദവിയിൽ തുടരാൻ അർഹത നഷ്ടപ്പെടും. സെയിലിന് ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചതെന്നതിനാൽ അദ്ദേഹത്തിന്റെ പദവി അപകടത്തിലാണ്. സതീഷ് കൃഷ്ണ സെയിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ നിയമസഭാ സ്പീക്കർ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സെയിൽ ഈ വിധിക്ക് എതിരെ ഹൈകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നു. ഹൈകോടതി അപ്പീൽ അംഗീകരിച്ച് ശിക്ഷ സ്റ്റേ ചെയ്താൽ സെയിലിന്റെ എംഎൽഎ സ്ഥാനം നിലനിർത്താൻ സാധിക്കും. എന്നാൽ, ഹൈകോടതി വിധി അനുകൂലമല്ലെങ്കിൽ സെയിൽ എംഎൽഎ സ്ഥാനം നഷ്ടമായേക്കാം. അങ്ങനെ സംഭവിച്ചാൽ കാർവാർ നിയമസഭാ മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ ഒരു ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
#KarnatakaPolitics #Corruption #IronOreSmuggling #IndianPolitics #JusticeForArjun #KarwarMLA