Naxal Conflict | കർണാടക നക്സൽ വിമുക്തം! മാവോയിസ്റ്റ് നേതാവ് രവിയും കീഴടങ്ങി; വർഷങ്ങൾ നീണ്ട ഒളിപ്പോരാട്ടം അവസാനിക്കുന്നു

● 15-ൽ അധികം കേസുകൾ രവിക്കെതിരെ നിലവിലുണ്ട്.
● മുഖ്യമന്ത്രി സിദ്ധാരാമയ്യ രവിയുടെ കീഴടങ്ങലിൽ സന്തോഷം പ്രകടിപ്പിച്ചു.
● 22 പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ പ്രഖ്യാപിച്ചു.
ബെംഗളൂരു: (KasargodVartha) വർഷങ്ങൾ നീണ്ട ഒളിപ്പോരാട്ടത്തിന് വിരാമമിട്ട്, മാവോയിസ്റ്റ് നേതാവ് കൊട്ടേഹോണ്ട രവി ഒടുവിൽ കീഴടങ്ങി. വെള്ളിയാഴ്ച രാത്രി ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരിയിൽ വെച്ചായിരുന്നു രവിയുടെ കീഴടങ്ങൽ. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഓഫീസ് ആണ് ഇക്കാര്യം ശനിയാഴ്ച പുറത്തുവിട്ടത്. ജനുവരി എട്ടിന് ആറ് മാവോയിസ്റ്റുകൾ കീഴടങ്ങിയെങ്കിലും രവി അവരോടൊപ്പം ഉണ്ടായിരുന്നില്ല. ഇയാളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ അധികൃതർ തുടർന്ന് വരികയായിരുന്നു.
കഴിഞ്ഞ നവംബറിൽ മാവോവാദി നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടതിന് ശേഷം രവിയെ കണ്ടെത്താനായിരുന്നില്ല. കേരളത്തിലെ വയനാട്ടിൽ സജീവമായിരുന്ന എട്ട് മാവോവാദികളുടെ സംഘത്തിൽ നിന്ന് വർഷങ്ങൾക്ക് മുമ്പാണ് രവി കർണാടകയിലേക്ക് മാറിയത്. 15-ൽ അധികം കേസുകൾ രവിക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ 17 വർഷമായി മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്ന രവിയും കീഴടങ്ങിയതോടെ കർണാടകയിൽ സായുധ പോരാട്ടം നടത്തുന്നവർ ആരുമില്ലാതായി എന്നും, നക്സൽ പ്രസ്ഥാനം അവസാനിച്ചെന്നുമാണ് കരുതുന്നത്.
കർണാടകയിൽ മാവോവാദി സാന്നിധ്യം ഏറെക്കുറെ ഇല്ലാതായെന്ന് സർക്കാരും അറിയിച്ചു. രവിയുടെ കീഴടങ്ങലോടെ മാവോവാദി രഹിത കർണാടകം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. കീഴടങ്ങൽ നടപടികൾ പൂർത്തിയാക്കാൻ രവിയെ ചിക്കമഗളൂരുവിലേക്ക് കൊണ്ടുപോകുകയാണ് അധികൃതർ. ഇതോടൊപ്പം ദീർഘകാലമായി ഒളിവിൽ കഴിയുന്ന തോമ്പാട്ട് ലക്ഷ്മി ഞായറാഴ്ച ചിക്കമഗളൂരുവിലോ ഉഡുപ്പിയിലോ കീഴടങ്ങുമെന്നും സൂചനകളുണ്ട്.
'നക്സൽ കീഴടങ്ങൽ' ഓപ്പറേഷൻ പൂർത്തിയായതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ നക്‌സൽ വിമുക്തമാക്കാൻ അക്ഷീണം പ്രയത്നിച്ച 22 പൊലീസ് ഉദ്യോഗസ്ഥർക്കും സംഘത്തിനും മുഖ്യമന്ത്രിയുടെ മെഡൽ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം എട്ടിന് മാവോവാദികൾ കീഴടങ്ങിയപ്പോൾ ബംഗളൂരുവിൽ റോസാപ്പൂക്കളും ഭരണഘടനയുടെ പകർപ്പുകളും കൈമാറിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അവരെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്തത്. അതോടെ കർണാടകയെ ഇടതുപക്ഷ തീവ്രവാദം ഇല്ലാത്ത സംസ്ഥാനമായി സർക്കാർ പ്രഖ്യാപിച്ചു.
മുണ്ടഗറു ലത, വനജാക്ഷി, സുന്ദരി, മരപ്പ ജയണ്ണ അരോളി, വസന്ത, എൻ. ജീഷ എന്നിവരാണ് നേരത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കീഴടങ്ങിയത്. 'കർണാടകയിൽ നക്സലിസം ഇല്ലാതാക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്', എന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Maoist leader Ravi's surrender signals the end of Naxalism in Karnataka, marking a significant victory for state law enforcement and authorities.
#KarnatakaNews #MaoistSurrender #NaxalismEnd #MaoistLeaderRavi #KarnatakaPolitics #CrimeNews