Closure | നിർണായക നീക്കം; കർണാടകയിലെ 9 സർവകലാശാലകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം

● ബിജെപി ഭരണകാലത്താണ് ഈ സർവകലാശാലകൾ സ്ഥാപിച്ചത്.
● മന്ത്രിസഭാ ഉപസമിതിയുടേതാണ് തീരുമാനം
● വിദ്യാർത്ഥികളുടെ ഭാവി പ്രധാനമെന്ന് ഡി കെ ശിവകുമാർ
ബെംഗ്ളുറു: (KasargodVartha) മുൻ ബിജെപി സർക്കാരിന്റെ കാലത്ത് സ്ഥാപിതമായ പത്ത് സർവകലാശാലകളിൽ ഒമ്പതെണ്ണം അടച്ചുപൂട്ടാൻ കർണാടക സംസ്ഥാന മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അധ്യക്ഷനായ ഉപസമിതിയുടെ ആദ്യ യോഗത്തിലാണ് ഈ നിർണായക തീരുമാനം. സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും വികസനമില്ലായ്മയുമാണ് ഇതിലേക്ക് നയിച്ച പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ഹാസൻ, ചാമരാജനഗർ, ഹാവേരി, കൊടഗു, കൊപ്പൽ, ബാഗൽകോട്ട്, ബെംഗളൂരുവിലെ മഹാറാണി ക്ലസ്റ്റർ, മാണ്ഡ്യ, നൃപതുംഗ എന്നീ സർവകലാശാലകളാണ് അടച്ചുപൂട്ടാൻ സാധ്യതയുള്ളവ. ബിജെപി ഭരണകാലത്ത് ആരംഭിച്ച 10 പുതിയ സർവകലാശാലകളിൽ ഒരെണ്ണം മാത്രമാണ് പൂർണമായി പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒമ്പതെണ്ണം അടച്ചുപൂട്ടാൻ സർക്കാർ തീരുമാനമെടുത്തത്.
ഈ വിഷയത്തിൽ വ്യക്തിപരമായ അജണ്ടകളില്ലെന്നും വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനം, സാമ്പത്തിക സ്ഥിതി എന്നിവ പഠിക്കാൻ രൂപീകരിച്ച കാബിനറ്റ് ഉപസമിതിയുടെ തീരുമാനങ്ങൾ സംസ്ഥാനത്തിന്റെയും സർവകലാശാലകളുടെയും വിദ്യാർത്ഥികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ സർവകലാശാലയ്ക്കും രണ്ട് കോടി രൂപ മാത്രമാണ് ബിജെപി സർക്കാർ അനുവദിച്ചിരുന്നത്. ഭൂമി നൽകിയിരുന്നില്ല. മാണ്ഡ്യയിലും ചാമരാജനഗറിലും മൈസൂർ സർവകലാശാലയ്ക്ക് മുൻഗണന നൽകിയത് മറ്റ് സർവകലാശാലകളിലെ പ്രവേശനത്തെ പ്രതികൂലമായി ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ആഭ്യന്തര റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് പഠിക്കാൻ എന്റെ അധ്യക്ഷതയിൽ ഒരു കാബിനറ്റ് കമ്മിറ്റി രൂപീകരിച്ചു.
ഞങ്ങൾ ശുപാർശകൾ അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ ഇതുവരെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ല. അദ്ദേഹത്തിന് ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം കാബിനറ്റ് യോഗത്തിൽ വിഷയം അവതരിപ്പിക്കും. അതിനുശേഷം വിശദാംശങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ബിദാർ സർവകലാശാല പൂർണമായി പ്രവർത്തിക്കുന്നതും 150 അഫിലിയേറ്റഡ് കോളജുകളുള്ളതും നല്ല വരുമാനം നേടുന്നതുമാണ്. അതിനാൽ ഈ സർവകലാശാല തുടർന്നും പ്രവർത്തിക്കും. എന്നാൽ മറ്റ് ഒമ്പത് സർവ്വകലാശാലകൾക്കും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഭൂമിയുടെയും ഫണ്ടിന്റെയും ലഭ്യതക്കുറവുണ്ടെന്ന് കണ്ടെത്തി.
കർണാടക സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച റിപ്പോർട്ടിൽ, പുതിയ സർവകലാശാലകൾ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഓരോ പുതിയ സർവകലാശാലയ്ക്കും കുറഞ്ഞത് 100 ഏക്കറും പരമാവധി 200 ഏക്കർ വരെ ഭൂമി ആവശ്യമാണെന്നും, ഫണ്ടായി ആദ്യ അഞ്ച് വർഷത്തേക്ക് 342 കോടി രൂപ ആവശ്യമാണെന്നും കണക്കാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപസമിതി രൂപീകരിച്ചത്.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 2023 മാർച്ച് 23-ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് പുതിയ സർവകലാശാലകൾ ഉദ്ഘാടനം ചെയ്തത്. കർണാടകയിലെ പൊതു സർവകലാശാലകളിൽ അധ്യാപകരുടെയും അനധ്യാപകരുടെയും ക്ഷാമം രൂക്ഷമാണെന്നും 10 സർവകലാശാലകളിൽ ഒരു സ്ഥിര ജീവനക്കാരൻ പോലുമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം സർക്കാർ തീരുമാനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. ബിജെപി സ്ഥാപിച്ച സർവ്വകലാശാലകൾ അടച്ചുപൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചലവാടി നാരായണസ്വാമി ആരോപിച്ചു. സർവകലാശാലകൾ അടച്ചുപൂട്ടുന്നതിലുള്ള അന്തിമ തീരുമാനം കർണാടക മന്ത്രിസഭയാണ് കൈകൊള്ളേണ്ടത്. ഉപസമിതിയുടെ ശുപാർശകൾ മന്ത്രിസഭ പരിഗണിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Karnataka government decided to close nine out of ten universities established during the previous BJP regime due to financial constraints and lack of development. The final decision rests with the state cabinet.
#KarnatakaUniversities #EducationNews #UniversityClosure #BJP #Congress #KarnatakaGovernment