എ കെ ജിക്ക് വിപ്ലവഗാനം പാടിക്കൊടുത്ത ഓർമ്മകളിൽ കരിവെള്ളൂർ നാരായണൻ
● ഗാനരചയിതാവ്, കവി, നാടകകൃത്ത്, സംഗീതജ്ഞൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം രാഷ്ട്രീയത്തിൻ്റെ മുൻനിരയിൽ വരാതെ വ്യാപാരത്തിൽ ശ്രദ്ധിച്ചു.
● നാടകങ്ങൾ, സിനിമകൾ, ഹ്രസ്വ സിനിമകൾ, ഡോക്യുമെൻ്ററികൾ എന്നിവയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
● 1950 ജൂലായ് 11 ന് തൃക്കരിപ്പൂർ കൊയോങ്കരയിലാണ് ജനനം; 1960 ഏപ്രിൽ നാലിന് ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ചു.
● അരനൂറ്റാണ്ടിലേറെയായി അദ്ദേഹം റേഡിയോ ആർട്ടിസ്റ്റാണ്; അഞ്ച് മ്യൂസിക്ക് ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
● രാഷ്ട്ര കവി ഗോവിന്ദ പൈ മെമ്മോറിയൽ തുളുനാട് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കുഞ്ഞിക്കണ്ണൻ മുട്ടത്ത്
കരിവെള്ളൂർ: (KasargodVartha) ഉത്തരമലബാറിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കി പണിയെടുത്തവരുടെ പട്ടികയിൽ അടയാളപ്പെടുത്തേണ്ട ഒരു പേരുണ്ട്, ഗാനരചയിതാവും കവിയും നാടകകൃത്തും സംഗീതജ്ഞനുമെന്നിങ്ങനെ പല രംഗങ്ങളിലും കഴിവ് തെളിയിച്ച കരിവെള്ളൂർ നാരായണൻ. പാവങ്ങളുടെ പടത്തലവനായ എ കെ ജിക്ക് അദ്ദേഹത്തിൻ്റെ സ്വന്തം ടേപ്പ് റെക്കാർഡറിൽ വിപ്ലവഗാനം പാടിക്കൊടുത്ത ഓർമ്മകളിലാണ് അദ്ദേഹം ഇപ്പോൾ. തെരെഞ്ഞടുപ്പ് ഗാനങ്ങളിലും സ്വന്തം കൈയ്യൊപ്പ് ചാർത്തിയ കലാകാരനാണ് നാരായണൻ.
രാഷ്ട്രീയത്തിൻ്റെ മുൻനിരയിൽ വരാതെ വ്യാപാരത്തിൽ ശ്രദ്ധ ചെലുത്തിയ നാരായണൻ പാർട്ടിയുടെ സാംസ്കാരിക പരിപാടികളിലെല്ലാം ഒരു കാലത്ത് സജീവമായിരുന്നു. കവിതയെഴുത്തും പാട്ടും ജീവശ്വാസം പോലെ കൊണ്ടു നടന്നിരുന്ന അദ്ദേഹത്തിന് അക്കാലത്ത് നാടകങ്ങളിലും സിനിമകളിലും പ്രവർത്തിച്ചിരുന്നവരുമായി നല്ല സൗഹൃദം സ്ഥാപിക്കാൻ സാധിച്ചു. നിരവധി നാടകങ്ങളിൽ അഭിനയിച്ചും പാട്ടെഴുതിയും നേടിയ പരിചയം വലിയ നാടകാചാര്യൻമാരുമായി അടുപ്പമുണ്ടാക്കാൻ പ്രചോദനമായി.
ഗാനങ്ങൾ എഴുതി അവയ്ക്ക് ഉചിതമായ സംഗീതം നൽകി ആലപിക്കാനുള്ള സർഗാത്മകമായ കഴിവ് ഈ രംഗത്ത് തിളങ്ങി നിൽക്കാൻ നാരായണനെ സഹായിച്ചു. എന്നാൽ ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തികമായി മുന്നേറാനും കഴിയാത്ത ഒരു മേഖലയായിരുന്നു അക്കാലത്ത് കലാരംഗമെന്നതിനാൽ മറ്റു തൊഴിൽ തേടാൻ അദ്ദേഹം നിർബന്ധിതനായി.

നല്ല രീതിയിൽ ജീവിക്കണമെങ്കിൽ മുഴുവൻ സമയവും കലാരംഗത്ത് ഇഴുകി ചേർന്ന് നിൽക്കാനാവില്ലെന്ന് നാരായണൻ തിരിച്ചറിഞ്ഞു. കുടുംബ ബാധ്യതകളും പ്രശ്നങ്ങളും കാരണം അദ്ദേഹം വ്യാപാര മേഖലകളിലേക്ക് ശ്രദ്ധ വെച്ചു. അതോടൊപ്പം രക്തത്തിൽ അലിഞ്ഞു ചേർന്ന കലാപ്രവർത്തനങ്ങൾ പാടെ ഒഴിവാക്കാനുമായില്ല. ജോലി കഴിഞ്ഞും അവധി ദിവസങ്ങളിലെ ഇടവേളകളിലും കലാ പ്രവർത്തനങ്ങൾ സമാന്തരമായി കൊണ്ടു പോയ നാരായണന് നിരവധി വേദികളിൽ തൻ്റെ ഗാനം ആലപിക്കാനും നാടകങ്ങളിൽ അഭിനയിക്കാനും സാധിച്ചു.
വിപ്ലവഗാനങ്ങളിലെ കൈയ്യൊപ്പ്
നാടകങ്ങൾക്ക് പുറമെ നിരവധി സിനിമകളിലും ഹൃസ്വ സിനിമകളിലും ഡോക്യുമെൻ്ററികളിലും ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ. തെരഞ്ഞെടുപ്പിനായി നിരവധി രാഷ്ട്രീയ ഗാനങ്ങൾ ഒരു കാലത്ത് നാരായണൻ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ യോഗങ്ങൾക്ക് ശേഷം പ്രത്യേകം തയാറാക്കിയ ഗാനങ്ങളും കവിതകളും സ്വയം ആലപിച്ചും മറ്റുള്ളവരൊപ്പം ചേർന്ന് ആലപിച്ചും അനുവാചകരുടെ കൈയ്യടി നേടാനായി. ഒപ്പം കണ്ണൂർ കാസർകോട് ജില്ലകളിലെയും സംസ്ഥാനത്തെയും പേരെടുത്ത നേതാക്കളുടെ പ്രശംസയും പ്രോൽസാഹനവും നേടാൻ നാരായണന് കഴിഞ്ഞു.
ഒരിക്കൽ ഇങ്ങനെ സ്വന്തമായി ചിട്ടപ്പെടുത്തിയ ഒരു വിപ്ലവഗാനം ടാപ്പ് റെക്കോർഡിൽ പകർത്തിയത് പാവങ്ങളുടെ പടത്തലവനും പ്രമുഖ കമ്യൂണിസ്റ്റുമായ എ കെ ജി യെന്ന എ കെ ഗോപാലനായിരുന്നുവെന്ന് കരിവെള്ളൂർ നാരായണൻ ഓർക്കുന്നു. കരിവെള്ളൂരിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ താൻ സ്വയം ചിട്ടപ്പെടുത്തിയെടുത്ത ഗാനം എ കെ ജിയാണ് അദ്ദേഹം തന്നെ കൊണ്ടുവന്ന ടേപ്പ് റെക്കോർഡറിൽ പകർത്തിയത്. ഈ ഗാനം പിന്നീട് മറ്റുള്ള സ്ഥലങ്ങളിലുള്ളവർക്ക് കേൾക്കാൻ അവസരമൊരുക്കിയത് എ കെ ജിയെന്ന വലിയ നേതാവായിരുന്നുവെന്ന് നാരായണൻ അഭിമാനത്തോടെ ഓർക്കുന്നുണ്ട്.
അരനൂറ്റാണ്ടിലെ കലാജീവിതം
അരനൂറ്റാണ്ടുകാലത്തോളം കവിതയും പാട്ടും ജീവിതചര്യപോലെ കൊണ്ടു നടക്കുന്ന നാരായണൻ ഇപ്പോൾ സ്വന്തം വീടിനോട് ചേർന്ന് ഒരു സംഗീതാലയം തന്നെ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായി കാവ്യസപര്യയും ഗാനാലാപനവുമായി അദ്ദേഹം സായൂജ്യം കണ്ടെത്തുകയാണ്. കലാരംഗത്തുള്ള ഒരുപാട് പേർ ഇവിടെയെത്തി സംഗീത പഠനത്തിൽ പരിശീലനം നടത്തുന്നു. ഇദ്ദേഹത്തിൻ്റെ കരിവെള്ളൂർ നാരായണൻ ഗാനമേള ട്രൂപ്പ് ഇപ്പോഴും ഗാനമേളകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.
കിഴക്കേവീട്ടിൽ കണ്ണൻ്റെയും പുതിയടവൻ ചിരിയമ്മയുടേയും മകനായി 1950 ജൂലായ് 11 ന് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കൊയോങ്കരയിലാണ് കരിവെള്ളൂർ നാരായണൻ്റെ ജനനം. ഫ്രഥമിക വിദ്യാഭ്യാസം കരിവെള്ളൂർ മാന്യഗുരു യു പി സ്‌കൂളിലായിരുന്നു. 1960 ഏപ്രിൽ നാലിന് ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ചു.
1964 ൽ ദേശാഭിമാനി കലാസമിതിയിലൂടെ നടനായും ഗായകനായും സ്റ്റേജ് ഷോകളിൽ അദ്ദേഹം തിളങ്ങി. 1967 ൽ സഖാവ് ഇ എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചെറുവത്തൂർ റെയിൽവേസ്റ്റേഷന് സമീപം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഗാനമാലപിച്ച് ജനശ്രദ്ധ നേടി. റേഡിയോ നാടകങ്ങൾ, സ്റ്റേജ് നാടകങ്ങൾ ഇവയിൽ ഗായകനായും ഹാർമോണിസ്റ്റായും പ്രവർത്തിച്ചു. ഗാനരചയിതാവ്, എഴുത്തുകാരൻ, സംഗീത സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.
ദേശാഭിമാനി കലാസമിതി, ഭാവന തിയറ്റേഴ്‌സ്, സ്വാതി സംഗീത ഇൻസ്റ്റിറ്റ്യൂട്ട്, കാകളി തിയറ്റേഴ്സ്, തേജസ്വിനി തിയറ്റേഴ്സ്, ശ്രീഹരി തിയറ്റേഴ്‌സ്, കൈരളി തിയറ്റേഴ്‌സ്, അപ്‌സര തിയറ്റേഴ്‌സ്, സെൻട്രൽ ആർട്സ് ക്ലബ്ബ് കണ്ണൂർ, മെലഡീസ് ഓർക്കസ്ട്ര, കൊച്ചിൻ നൈസ് ഓർക്കസ്ട്ര എന്നീ ട്രൂപ്പുകളിൽ അഭിനേതാവായും ഗായകനായും പ്രവർത്തിച്ചു. നൂറ് കണക്കിന് മികവുറ്റ കഥാപാത്രങ്ങൾക്ക് റേഡിയോയിൽ ശബ്ദം നൽകി. ദൂരദർശനിൽ ഗായകനായും കലാസാംസ്‌കാരിക പ്രവർത്തകനായും പങ്കെടുത്തു. അരനൂറ്റാണ്ടായി അദ്ദേഹം റേഡിയോ ആർട്ടിസ്റ്റാണ്.
രചനയും സംഗീതവും നൽകി അഞ്ച് മ്യൂസിക്ക് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിന്നെക്കാണാൻ, പ്രണയിനി, ദർശനം, കരിവെള്ളൂരിൻ്റെ ശബ്ദം, അകലെയാണെങ്കിലും (ഡി വി ഡി) എന്നിവയാണവ. ജി വേണുഗോപാൽ, വിധു പ്രതാപ്, ചെങ്ങന്നൂർ ശ്രീകുമാർ, ജയദേവൻ, മഞ്ജരി, അനിത, ഡോ സുറുമി, സുമിത്രാ രാജൻ, കരിവെള്ളൂർ നാരായണൻ, വീണാ നാരായണൻ എന്നിവരാണ് ആൽബങ്ങളിലെ ഗായകർ. ഒരു സ്റ്റേജ് പ്രോഗ്രാമിലെ ഏതാനും നാടകഗാനങ്ങൾ കോർത്തിണക്കി മലയാളത്തിൻ്റെ ഉണർത്തു പാട്ട് എന്ന സി.ഡിയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.
ഇപ്പോൾ തൃക്കരിപ്പൂർ കൊയോങ്കര സംഗീത ഗ്രാമത്തിൽ താമസിക്കുന്ന കരിവെള്ളൂർ നാരായണന് രാഷ്ട്ര കവി ഗോവിന്ദ പൈ മെമ്മോറിയൽ തുളുനാട് അവാർഡ്, കാഞ്ഞങ്ങാട് പുരന്ദരദാസ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി മംഗളപത്രങ്ങളും ആദരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ മാധവി; മക്കൾ: ഷീജ, ഷീബ, ഷിജു. ബന്ധപ്പെടേണ്ട നമ്പർ: 9847941482.
എ കെ ജിയുമായുള്ള കരിവെള്ളൂർ നാരായണൻ്റെ ഓർമ്മകൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Karivellur Narayanan remembers singing a revolutionary song for AKG on his personal tape recorder, highlighting his long artistic career.
#KarivellurNarayanan #AKG #MalayalamArt #CommunistParty #KeralaArtist #RadioArtist






