city-gold-ad-for-blogger

കാഞ്ഞങ്ങാട് നഗരസഭയില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തിനായി സിപിഎം; ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് മൂന്നു പ്രമുഖർ മത്സരരംഗത്തേക്ക്

Kanhangad municipality office building.
Photo: Special Arrangement

● പുതിയ നാലു വാർഡുകൾ എൽഡിഎഫിന് ഗുണം ചെയ്യില്ല.
● നിലവിലെ ഘടനയിൽ സിപിഎം വിജയം എളുപ്പമാകില്ല.
● യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നങ്ങൾ ഇടതുമുന്നണിക്ക് തുണയായേക്കും.
● യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ്.
● ഈ മാസം അവസാനത്തോടെ സംവരണ നറുക്കെടുപ്പ് നടക്കും.

കാഞ്ഞങ്ങാട്: (KasargodVartha) യു.ഡി.എഫിന് മുൻതൂക്കമുള്ള കാഞ്ഞങ്ങാട് നഗരസഭയില്‍ മൂന്നാം തവണയും ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സി.പി.എം. വാർഡ് വിഭജനം പൂർത്തിയായപ്പോൾ നാല് വാർഡുകൾ വർധിച്ചതോടെ നഗരസഭയിലെ ആകെ വാർഡുകളുടെ എണ്ണം 43-ൽനിന്ന് 47 ആയി. 

20-ാം വാർഡായ മോനാച്ച, 34-ാം വാർഡായ ഒഴിഞ്ഞവളപ്പ്, 37-ാം വാർഡായ കല്ലൂരാവി, 42-ാം വാർഡായ കാഞ്ഞങ്ങാട് കടപ്പുറം എന്നിവയാണ് പുതുതായി വന്ന വാർഡുകൾ.

വാർഡ് വിഭജനം എൽ.ഡി.എഫിന് ഗുണം ചെയ്യില്ലെന്ന് സി.പി.എം നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. പുതിയ നാലു വാർഡുകളിൽ രണ്ടെണ്ണം ശക്തമായ മത്സരത്തിലൂടെ പിടിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. 

എന്നാൽ, മറ്റ് രണ്ട് വാർഡുകൾ യു.ഡി.എഫിന് നിർണായക സ്വാധീനമുള്ള പ്രദേശങ്ങളാണ്. വാർഡ് വിഭജനത്തിൽ ഏകദേശം നീതി പുലർത്തിയതായാണ് പൊതുവെയുള്ള വിലയിരുത്തൽ. കാര്യമായ എതിർപ്പില്ലാതെ വാർഡ് വിഭജനം പൂർത്തിയാക്കാൻ കഴിഞ്ഞത് കാഞ്ഞങ്ങാട് നഗരസഭയിൽ മാത്രമാണ്.

Kanhangad municipality office building.

നിലവിലെ ഘടനയിൽ മത്സരം നടന്നാൽ സി.പി.എമ്മിന് ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം അത്ര എളുപ്പമാകില്ല. നഗരസഭയില്‍ യു.ഡി.എഫിന് തന്നെയാണ് നേരിയ മുൻതൂക്കമുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ യു.ഡി.എഫിനാണ് മേൽക്കൈ. കിഴക്കൻ മേഖലയിൽ ഇടതുമുന്നണിക്ക് മേൽക്കൈയുണ്ടെങ്കിലും വാർഡ് വിഭജനത്തിൽ നേരിയ തിരിച്ചടി വരാൻ സാധ്യതയുണ്ട്. നഗരമധ്യമുൾപ്പെടെ ബി.ജെ.പിക്ക് മേൽക്കൈയുള്ള നിരവധി വാർഡുകളുണ്ട്.

മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പി.എ ആയിരുന്ന എം. രാഘവൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. രാജ്‌മോഹൻ, പി.കെ. നിശാന്ത് എന്നിവരാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രമുഖർ. ഇവർക്കാർക്കും മുൻപ് പാർലമെന്ററി പദവികൾ ഉണ്ടായിരുന്നില്ല. ഈ നേതാക്കൾ തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയാൽ പാർട്ടിയെ നയിക്കാൻ നേതാക്കളില്ലെന്ന വസ്തുതയും സി.പി.എമ്മിനെ അലട്ടുന്നുണ്ട്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സി.പി.എമ്മിന് തുണയായതെന്ന വിലയിരുത്തലുണ്ട്. മുസ്‌ലിം ലീഗിലും കോൺഗ്രസിലും ഇപ്പോഴും ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്നതിനാലാണ് സി.പി.എം മൂന്നാം തവണയും ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നത്.

യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന കാഞ്ഞങ്ങാട് നഗരസഭാ ഭരണം എൽ.ഡി.എഫിലെത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി.വി. രമേശനായിരുന്നു. അത് വിജയിക്കുകയും രമേശൻ തന്നെ ചെയർമാനാവുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.വി. സുജാതയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിപ്പിച്ച് രണ്ടാം തവണയും സി.പി.എം ഭരണം പിടിച്ചെടുത്തു. 

കഴിഞ്ഞ തവണ 25 സീറ്റിൽ മത്സരിച്ച സി.പി.എം 19 സീറ്റുകളാണ് നേടിയത്. സി.പി.ഐയും എൽ.ജെ.ഡിയും ഓരോ സീറ്റ് വീതവും ഐ.എൻ.എൽ മൂന്നു സീറ്റുകളുമാണ് നേടിയത്. മുസ്‌ലിം ലീഗിന് 11 സീറ്റും കോൺഗ്രസിന് രണ്ടു സീറ്റും മാത്രമാണ് ലഭിച്ചത്. ബി.ജെ.പി ആറു സീറ്റിൽ വിജയിച്ചു.

ഇത്തവണ യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുമെന്ന വിശ്വാസം പുലർത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ ഭരണത്തിൽനിന്ന് അകറ്റിനിർത്താൻ ബി.ജെ.പി വോട്ടുകൾ മറിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. 

കോൺഗ്രസ് സ്ഥാനാർഥികളെയായിരുന്നു ഇത്തരത്തിൽ പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരും പരാജയത്തിന്റെ മറ്റൊരു ഘടകമായി മാറിയിരുന്നു. എന്നാൽ, ഇത്തവണ ബി.ജെ.പി എന്ത് തന്ത്രമാകും പയറ്റുകയെന്ന് ഇരുമുന്നണികളും ഉറ്റുനോക്കുകയാണ്. പരമാവധി സീറ്റ് നേടാൻ ആരുമായാണ് രഹസ്യധാരണ ഉണ്ടാക്കുകയെന്നതും സ്ഥാനാർഥി നിർണയത്തോടെ മാത്രമേ വ്യക്തമാകൂ.

മുൻപ് സി.പി.എം കാഞ്ഞങ്ങാട്ട് 'കോലീബി' സഖ്യമെന്ന ആരോപണമുയർത്തിയിരുന്നു. പിന്നീട് ഈ ആരോപണം കോൺഗ്രസ് സി.പി.എമ്മിനെതിരെയും ഉന്നയിച്ചു. എന്നാൽ, തങ്ങൾ ആരുമായും ധാരണകൾ ഉണ്ടാക്കാറില്ലെന്നും ഇത്തരം ആരോപണങ്ങൾ ഭരണം ലഭിക്കാത്തവർ ഉന്നയിക്കുന്നതാണെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്. ഈ മാസം അവസാനത്തോടെ വാർഡുകളുടെ സംവരണം സംബന്ധിച്ച നറുക്കെടുപ്പ് ഉണ്ടാകും. അതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

നഗരത്തിലെ വാർഡുകളും പേരും ജനസംഖ്യയും

ബല്ലാ കടപ്പുറം വെസ്റ്റ്: 1654, 2. ബല്ലാ കടപ്പുറം ഈസ്റ്റ്: 1529, 3. ആവിക്കര: 1575, 4. കാഞ്ഞങ്ങാട് ടൗൺ: 1404, 5. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ: 1654, 6. കാരാട്ടുവയൽ: 1696, 7. അതിയാമ്പൂർ: 1410, 8. നെല്ലിക്കാട്ട്: 1532, 9. ബല്ലാ ഈസ്റ്റ്: 1562, 10. എ.സി. നഗർ: 1684, 11. അടമ്പിൽ: 1678, 12. ബല്ലത്ത്: 1663, 13. എൻ.ജി.ഒ. ക്വാർട്ടേഴ്സ്: 1611, 14. ലക്ഷ്മിനഗർ: 1556, 15. കവ്വായി: 1462, 16. കണിയാംകുളം: 1532, 17. നിലാങ്കര: 1706, 18. അരയി കാർത്തിക: 1617, 19. പനങ്കാവ്: 1572, 20. മോനാച്ച: 1404, 21. മധുരംങ്കൈ: 1404, 22. ചതുരക്കിണർ: 1425, 23. ദിവ്യംപാറ: 1471, 24. വാഴുന്നോറടി: 1477, 25. പുതുക്കൈ: 1508, 26. ഐങ്ങോത്ത്: 1489, 27. പടന്നക്കാട്: 1477, 28. തീർഥങ്കര: 1614, 29. അനന്തംപള്ള: 1703, 30. മരക്കാപ്പ് കടപ്പുറം: 1465, 31. കരുവളം: 1550, 32. കുറുന്തൂർ: 1678, 33. ഞാണിക്കടവ്: 1672, 34. ഒഴിഞ്ഞവളപ്പ്: 1593, 35. പുഞ്ചാവി: 1404, 36. മൂവാരിക്കുണ്ട്: 1499, 37. കല്ലൂരാവി: 1477, 38. മുറിയനാവി: 1590, 39. കാഞ്ഞങ്ങാട് സൗത്ത്: 1517, 40. കല്ലൻചിറ: 1636, 41. ആവിയിൽ: 1654, 42. കാഞ്ഞങ്ങാട് കടപ്പുറം: 1544, 43. ഹൊസ് ദുർഗ് കടപ്പുറം: 1526, 44. കുശാൽ നഗർ: 1687, 45. മുനിസിപ്പൽ ഓഫീസ്: 1529, 46. എസ്.എൻ. പോളി: 1602, 47. മീനാപ്പീസ്: 1648.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.


Article Summary: LDF aims for a third term in Kanhangad Municipality.

#Kasaragod #Kanhangad #KeralaPolitics #LocalBodyElection #CPMKerala #UDF

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia