city-gold-ad-for-blogger

'അജ്ഞാത സ്പോൺസറെ വെളിപ്പെടുത്തണം'; മുഖ്യമന്ത്രി വി ഡി സതീശനെതിരെ ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ

BJP National Secretary K Surendran demands CM V D Satheesan to reveal unknown sponsors behind chartered flight travels
KasargodVartha Photo

● 10 വർഷം അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നതിൻ്റെ ആർത്തിയിലാണ് യുഡിഎഫെന്നും പരിഹാസം
● മന്ത്രി കെ എം ഷാജി സുഹൃത്തിൻ്റെ റേഞ്ചറോവർ കാർ ഉപയോഗിച്ചതിനെയും സുരേന്ദ്രൻ വിമർശിച്ചു
● ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് സമ്പൂർണ പരിചയക്കുറവാണെന്ന് കുറ്റപ്പെടുത്തൽ
● ദേവസ്വം മന്ത്രി കെ മുരളീധരനെ നിലാവത്തഴിച്ചുവിട്ട കോഴിയോടുപമിച്ചു

കാസർകോട്: (KasargodVartha) ചാർട്ടേഡ് വിമാനത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ അജ്ഞാതരായ സ്പോൺസർമാർ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്പോൺസർമാരുടെ പേര് വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ അവർ കളങ്കിതരാണോയെന്ന് സംശയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നിൽ ഉപകാരസ്മരണയുണ്ടോയെന്നും സംശയിക്കേണ്ടതുണ്ടെന്ന് കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്രൻ ആരോപിച്ചു.

മന്ത്രിമാർക്കും യുഡിഎഫിനും പരിഹാസം

പത്ത് വർഷമായി അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നതിൻ്റെ ആർത്തിയിലാണ് ഇപ്പോൾ യുഡിഎഫെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷം കൊണ്ട് പിണറായി സർക്കാർ ചെയ്ത കാര്യങ്ങൾ വെറും മൂന്ന് മാസം കൊണ്ട് ചെയ്യാനാണ് യുഡിഎഫ് നിലവിൽ ശ്രമിക്കുന്നത്. മന്ത്രിമാർ വിദേശത്ത് സുഹൃത്തുക്കളുടെ ചെലവിൽ പോകുന്നത് ആരാണെന്ന് പറഞ്ഞാലല്ലേ അത് തന്തവൈബ് ആണോ കുട്ടി വൈബ് ആണോയെന്ന് അറിയാൻ സാധിക്കൂവെന്നും സുരേന്ദ്രൻ പരിഹസിച്ചു.

മന്ത്രി കെ എം ഷാജി സുഹൃത്തിൻ്റെ റേഞ്ചറോവർ കാർ ഉപയോഗിച്ചതിന് പിന്നിലും ഉപകാരസ്മരണയാണോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ഇത്രമാത്രം ആളുകൾ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും സ്നേഹിക്കുന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രഹണി പിടിച്ച പിള്ളേർ ചക്കകൂട്ടാൻ കണ്ടത് പോലെയാണ് മന്ത്രിമാരുടെയും യുഡിഎഫ് നേതാക്കളുടെയും പ്രവർത്തികളെന്നും സുരേന്ദ്രൻ പരിഹസിച്ചു.

നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ ദേവസ്വം മന്ത്രി

ശബരിമല മണ്ഡലകാല ഒരുക്കങ്ങളെയും കെ സുരേന്ദ്രൻ വിമർശിച്ചു. ശബരിമല വിഷയത്തിൽ സർക്കാരിന് സമ്പൂർണ പരിചയക്കുറവാണെന്ന് അദ്ദേഹം ആരോപിച്ചു. ദേവസ്വം മന്ത്രി കെ മുരളീധരന് വാചകമടി മാത്രമാണെന്നും മണ്ഡലകാലം ആരംഭിക്കാൻ 50 ദിവസം മാത്രം ശേഷിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പുരോഗതിയില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ കുറ്റപ്പെടുത്തുക മാത്രമാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ്റെ പണിയെന്നും, മന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇത്തവണത്തെ ശബരിമല തീർഥാടനം പൂർണമായും അലങ്കോലമാകുമെന്നും, ആവശ്യമായ സമയത്തിനുള്ളിൽ അരവണ തയ്യാറാക്കാൻ ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തി നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ നടക്കുകയാണ് മന്ത്രി കെ മുരളീധരനെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഇഡി കേസിലും അനാസ്ഥ

ഇഡി കേസുമായി ബന്ധപ്പെട്ട് കേസെടുക്കാനായി ലഭിച്ച കത്തിൽ സർക്കാർ നടപടിയും സ്വീകരിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കത്ത് ലഭിച്ചിട്ട് 15 ദിവസം കഴിഞ്ഞിട്ടും സർക്കാർ ഇടപെടുന്നില്ല. വിഷയത്തിൽ നിയമോപദേശം ലഭിച്ചിട്ടും തുടർനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും, നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് നടപടി വൈകുന്നതെന്ന് വിശദീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റില്‍ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: K Surendran slams CM VD Satheesan over chartered flight and UDF ministers.

#KasargodVartha #KSurendran #VDSatheesan #KMuraleedharan #KeralaPolitics #BJPKerala #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia