Verdict | കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ മുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി
● മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നിർണായക വിധി
● എസ്‌സി-എസ്‌ടി അതിക്രമം തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
● കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കാസർകോട്: (KasargodVartha) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസിൽ നിന്നും ഒഴിവാക്കണമെന്ന് കാട്ടി മുഖ്യപ്രതി കെ സുരേന്ദ്രനുൾപ്പെടെ നൽകിയ വിടുതൽ ഹർജിയിലാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി.
നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ തട്ടികൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി പണവും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസ്.
കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശനാണ് കോടതിയെ സമീപിച്ചത്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്‌സി-എസ്‌ടി അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
#KeralaPolitics #BJP #KSurendran #Manjeshwaram #CourtVerdict #SCSTAct