Response | ശശി തരൂരിൻ്റെ വാഴ്ത്തുപാട്ടിൽ പ്രതികരിച്ച് കെ സുധാകരൻ; വിളിച്ച് 'നല്ല ഉപദേശം' കൊടുത്തിട്ടുണ്ടെന്ന് മറുപടി

● 'വ്യക്തികൾക്ക് പല അഭിപ്രായങ്ങളുമുണ്ടാകും'
● 'കോൺഗ്രസ് പാർടിക്ക് പാർടിയുടേതായ അഭിപ്രായമുണ്ട്'
● 'പാർടിയുടെ നിലപാടാണ് ഔദ്യോഗികമായി എല്ലാവരും അനുസരിക്കേണ്ടത്'
ഉദുമ: (KasargodVartha) പിണറായി സർകാരിൻ്റെ വ്യവസായ നയത്തെയും മോദി - ട്രംപ് കുടിക്കാഴ്ചയെയും പ്രകീർത്തിച്ച തിരുവനന്തപുരം എംപി ശശി തരൂരിന് താൻ 'നല്ല ഉപദേശം' കൊടുത്തിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എന്താണ് ആ ഉപദേശമെന്ന് താൻ പറയുന്നില്ലെന്നും നിങ്ങൾ വായിച്ചെടുത്താൽ മതിയെന്നും സുധാകരൻ കാസർകോട്ട് വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാഴ്ത്തുപാട്ടിൽ തരൂരിനെതിരെ പാർടിയുടെ സകല മേഖലയിൽ നിന്നും രൂക്ഷമായ വിമർശനം വന്നതിന് പിന്നാലെയാണ് കെ സുധാകരൻ്റെ പ്രതികരണം. ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികൾക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. കോൺഗ്രസ് പാർടിക്ക് പാർടിയുടേതായ അഭിപ്രായമുണ്ട്. പാർടിയുടെ നിലപാടാണ് ഔദ്യോഗികമായി എല്ലാവരും അനുസരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
ശശി തരൂരിനെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈകമാൻഡ് ആണ് തീരുമാനിക്കേണ്ടത്. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാർടിയുള്ളത്. അതിൽ ഞങ്ങൾക്ക് അഭിപ്രായമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
ശനിയാഴ്ച ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് പാത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പിണറായി സർകാരിനു കീഴിൽ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂർ പുകഴ്ത്തിയത്. ഇത് കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമർശനമാണ് പിന്നാലെ ഉയർന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തിൽ തരൂർ പറഞ്ഞിരുന്നത്.
K Sudhakaran responded to Shashi Tharoor’s praise of Kerala’s industrial policies, stating that he has given Tharoor ‘good advice’ without revealing details.
#ShashiTharoor #KSudhakaran #Congress #KeralaPolitics #PoliticalNews #Controversy