Criticism | പെരിയയിലെ ഇരട്ടക്കൊലയ്ക്ക് പിന്നിൽ പി ജയരാജനാണെന്ന് കെ മുരളീധരൻ
● 'ജയിലിൽ സന്ദർശിച്ചതോടെ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്'
● 'സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ഇന്നത്തെ പ്രധാന വിഷയം'
● വിമർശനം മഹിളാ കോൺഗ്രസിന്റെ മഹിളാ സാഹസ് കേരള യാത്രയിൽ
കാസർകോട്: (KasargodVartha) കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഎം നേതാവ് പി ജയരാജനാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. കോടതി ശിക്ഷിച്ച പ്രതികളെ ജയരാജൻ ജയിലിൽ സന്ദർശിച്ചതോടെ കൊലയുടെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തിരിക്കുകയാണ്.
ടി പി ചന്ദ്രശേഖരൻ, ഷുക്കൂർ എന്നിവരെയെല്ലാം കൊലപ്പെടുത്തിയത് ജയരാജന്മാരുടെ ബ്ലൂപ്രിൻ്റ് പ്രകാരമാണ്. അതിൻ്റെ തലച്ചോറ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരൻ ആരോപിച്ചു. ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ ബദിയഡുക്കയിലെ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലപാതകവും കോടതി വിധിയും വാർത്തയാകാതിരിക്കാനാണ് സനാതന ധർമ സിദ്ധാന്തവുമായി മുഖ്യമന്ത്രി ഇറങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ഇന്നത്തെ പ്രധാന വിഷയം. സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കാൻ മഹിളാ കോൺഗ്രസ് നടത്തുന്ന മഹിള സാഹസ് കേരള യാത്ര വൻ മുന്നേറ്റം സൃഷ്ടിക്കുകയാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
#KeralaNews #PeriyaMurder #PoliticalUpdates #CongressNews #CPMNews #WomenYatra