ജനതാദൾ-എസ് സംസ്ഥാന ഘടകം പുതിയ പാർട്ടി രൂപീകരിച്ചു: 'ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ' പിറന്നു
● കേരളത്തിൽ എൽഡിഎഫിൽ തുടരുന്നതിനെതിരെ മുന്നണിയിൽ അപസ്വരം ഉയർന്നിരുന്നു.
● തദ്ദേശ തെരഞ്ഞെടുപ്പിലെ ചിഹ്നം സംബന്ധിച്ച നിയമപ്രശ്‌നമാണ് അടിയന്തര നീക്കത്തിന് വഴിയൊരുക്കിയത്.
● പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനും പുതിയ പാർട്ടി രൂപീകരണം ലക്ഷ്യമിടുന്നു.
● രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി; നവംബർ ആദ്യം എറണാകുളത്ത് പ്രഖ്യാപനമുണ്ടാകും.
തിരുവനന്തപുരം: (KasargodVartha) കേന്ദ്രത്തിൽ എൻഡിഎയോടൊപ്പം തുടരുന്ന ജനതാദൾ-എസ് കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമായി തുടരുന്നതിനെതിരെ ഇടതുമുന്നണിയിൽ അപസ്വരം ഉയർന്നതോടെ സംസ്ഥാന ഘടകം പുതിയ പാർട്ടി രൂപവത്കരിച്ചു. 'ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ' എന്നാണ് പുതിയ പാർട്ടിയുടെ പേര്.
ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 'ഇലയോടുകൂടിയ ചക്രം' ചിഹ്നത്തിൽ മത്സരിക്കാൻ കഴിയില്ലെന്നതടക്കമുള്ള നിയമപ്രശ്നം വന്നതോടെയാണ് പുതിയ പാർട്ടി രൂപവത്കരിക്കാൻ പ്രധാന കാരണം. ഇലയോടുകൂടിയ ചക്രം തന്നെ ചിഹ്നമായി ലഭിക്കാനാണ് പുതിയ പാർട്ടി ശ്രമം നടത്തുന്നത്.
പാർട്ടി കേന്ദ്രത്തിൽ എൻഡിഎയോടൊപ്പം തുടരുന്നതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ പുതിയ പാർട്ടി രൂപീകരിക്കാൻ നേതാക്കൾക്കിടയിൽ സമ്മർദ്ദവും ശക്തമായിരുന്നു. പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാൻ കൂടിയാണ് ഇപ്പോൾ പുതിയ സംസ്ഥാന ഘടകം രൂപവത്കരിച്ചത്.
അതിനിടെ, കേന്ദ്രത്തിൽ എൻഡിഎയോടൊപ്പവും കേരളത്തിൽ എൽഡിഎഫിനോടൊപ്പവും നിൽക്കുന്ന ജനതാദൾ-എസിനെ ഇടതുമുന്നണിയുടെ ഭാഗമായി തുടരണോ എന്നത് ഇടതുമുന്നണിക്കുള്ളിൽത്തന്നെ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇത് ഇടത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായം ഇടതുമുന്നണി നേതാക്കൾക്കുണ്ടായിരുന്നു. ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണ് ജനതാദൾ-എസ് സംസ്ഥാന ഘടകം 'ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ' രൂപവത്കരിച്ചത്.
പുതിയ പാർട്ടിയുടെ രജിസ്‌ട്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. നവംബർ ആദ്യം എറണാകുളത്താണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം. പാലക്കാട് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന നേതൃയോഗം പുതിയ പാർട്ടി രൂപവത്കരണത്തിനും അതിലേക്കുള്ള ലയനത്തിനും അംഗീകാരം നൽകി. നിലവിൽ മാത്യു ടി തോമസ് എംഎൽഎയാണ് ജനതാദൾ-എസ് സംസ്ഥാന പ്രസിഡന്റ്.
ജനതാദൾ-എസ്സിന്റെ പുതിയ രാഷ്ട്രീയ നീക്കത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? വാർത്ത ഷെയർ ചെയ്യുക.
Article Summary: Janata Dal (S) Kerala unit splits to form 'Indian Socialist Janata Dal' over central NDA alliance and election symbol issues.
#JDS #KeralaPolitics #IndianSocialistJanataDal #LDF #NDA #MathewTThomas






