Complaint | 'സർക്കാരിന്റെ ജനകീയ ഹോട്ടലിന് പ്രിയദർശിനി എന്ന് പേര്', ചെമ്മനാട് പഞ്ചായത്ത് തീരുമാനം രാഷ്ട്രീയ അൽപത്തരമെന്ന് എൽഡിഎഫ്
പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നാക്കമെന്ന് ആരോപണം
കോളിയടുക്കം: (KasargodVartha) സംസ്ഥാന സർക്കാരിന്റെ ജനകീയ ഹോട്ടലിന് രാഷ്ട്രീയ പാർട്ടി നേതാവിനെ സ്മരിക്കുന്ന പേര് നൽകാൻ തീരുമാനിച്ചത് രാഷ്ട്രീയ അൽപത്തരമെന്ന് എൽഡിഎഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി. ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്തുളള ജനകീയ ഹോട്ടലിന് പ്രിയദർശിനി എന്ന പേരിടാൻ ഭരണസമിതി എൽഡിഎഫിന്റെ എതിർപ്പിനെ മറികടന്നാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് എൽഡിഎഫ് പരാതി നൽകി.
പഞ്ചായത്തിലെ പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ദയനീയമായ ഭരണമാണ് ചെമ്മനാട് പഞ്ചായത്തിൽ നടക്കുന്നതെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. പൊതു ശ്മശാനം നടപ്പിലാക്കുന്നതിൽ താർപര്യമില്ലാത്ത അവസ്ഥയാണ് ഉള്ളത്. പഞ്ചായത്ത് ഉടമസ്ഥതയിൽ ഏക്കർ കണക്കിന് സ്ഥലമുള്ള തദ്ദേശ സ്ഥാപനമാണ് ചെമ്മനാട്.
ഇത്തരം ജനകീയ കാര്യങ്ങളിൽ ഇടപെടാൻ താൽപര്യം കാണിക്കാതെ സംസ്ഥാന സർക്കാർ സ്ഥാപനത്തെ ഭരണസമിതിയിലെ ഭൂരിപക്ഷം കൊണ്ട് രാഷ്ട്രീയവത്കരിക്കാനുള്ള തീരുമാനം പ്രതിഷേധാഹമാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. യോഗത്തിൽ ചന്ദ്രൻ കൊക്കാൽ അധ്യക്ഷനായി. ഇ മനോജ് കുമാർ, തുളസീധരൻ ബളാനം, ടി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു.