സി പി എം ബി ജെ പിയേയും എസ് ഡി പി ഐയേയും ഒരുപോലെ വാരിപ്പുണരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്; തരംതാണ പ്രവര്‍ത്തനങ്ങള്‍ സി പി എമിനെ നാശത്തിലെത്തിക്കും; ബി ജെ പിയെ എൽ ഡി എഫ് ഘടക കക്ഷിയാക്കുന്നതാണ് നല്ലതെന്ന് മുസ്ലിം ലീഗ്; നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യൂത് ലീഗും രംഗത്ത്
Jan 8, 2021, 12:52 IST
കാസർകോട്: (www.kasargodvartha.com 08.01.2021) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പുകളിലും സി പി എം - ബിജെപി കൂട്ട് കെട്ട് മറനീക്കി പുറത്ത് വന്നതായി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി എ അബ്ദുൽ റഹ് മാൻ ആരോപിച്ചു. ഈ സാഹചര്യത്തിൽ ബി ജെ പിയെ ഇടത് മുന്നണിയിലെ ഘടക കക്ഷിയാക്കി ഉൾപ്പെടുത്തുന്നതായിരിക്കും ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക ധ്രുവീകരണം നടത്തി അധികാര തുടർച്ച സ്വപ്നം കാണുന്ന സി പി എം ലക്ഷ്യത്തിലെത്താൻ ഏത് തരംതാണ രാഷ്ട്രിയ നിലപാടും സ്വീകരിക്കുമെന്നതിൻ്റെ തെളിവാണ് ബി ജെ പിയുമായുള്ള കൂട്ടുകെട്ട്. മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ച് അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ സി പി എം നടത്തുന്ന ഇത്തരം ഹീന പ്രവർത്തനങ്ങൾ സി പി എമിനെ നാശത്തിലെത്തിക്കുമെന്നതിൽ സംശയമില്ല. ചെങ്കള, എടനീർ, ദേലംപാടി, പുത്തിഗെ ഡിവിഷനുകളിലും കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിലെ ചില വാർഡുകളിലും മഞ്ചേശ്വരം, വൊർക്കാടി, കുമ്പള, പുത്തിഗെ, മൊഗ്രാൽപുത്തൂർ, ബദിയടുക്ക പഞ്ചായത്തുകളിലും ബി ജെ പിയുമായി കൂട്ടുകെട്ടുണ്ടാക്കി സി പി എം നേട്ടം കൊയ്തിട്ടുണ്ട്.
ചിലയിടങ്ങളിൽ എസ് ഡി പി ഐയുമായി കൂട്ടുകൂടാൻ സി പി എമിന് മടിയുണ്ടായിട്ടില്ല. ബി ജെ പിയേയും എസ് ഡി പി ഐയേയും ഒരുപോലെ വാരിപ്പുണരുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടാണ്. ജില്ലയിലെ ചില പഞ്ചായത്തുകളിൽ സി പി എം - ബി ജെ പി - എസ് ഡി പി ഐ സമ്പാർ മുന്നണിയാണ് അധികാരം കൈയ്യാളുന്നതെങ്കിൽ പൈവളിഗയിൽ സി പി എം അംഗം ജയന്തി പ്രസിഡണ്ടും ബി ജെ പി അംഗം പുഷ്പ ലക്ഷ്മി വൈസ് പ്രസിഡണ്ടുമായാണ് ഭരണം നടത്തുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച് സി പി എം, ബി ജെ പി ജില്ലാ കമ്മിറ്റികൾ മൗനം പാലിക്കുകയാണ്.
ജില്ലയിലെ ജനാധിപത്യ മതേതര വിശ്വാസികൾ സി പി എമിൻ്റെ ഇത്തരം തരംതാണ രാഷ്ട്രീയ പ്രവർത്തനം തിരിച്ചറിയണമെന്നും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്നും അബ്ദുർ റഹ് മാൻ ആവശ്യപ്പെട്ടു.
അതേസമയം സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലെ സി.പി.എം- ബി.ജെ.പി കൂട്ട്കെട്ടിനെ കുറിച്ച് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് യൂത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക ഗ്രാമ പഞ്ചായത്തുകളിൽ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാൻ വിളിച്ച് ചേർത്ത യോഗങ്ങളിൽ ബി ജെ പി അംഗങ്ങൾക്ക് സി പി എം അംഗങ്ങളും സി പി എം അംഗങ്ങൾക്ക് ബി ജെ പി അംഗങ്ങളും വോട് നൽകിയിരുന്നതായും
യു ഡി എഫിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ ലഭിക്കാതിരിക്കാനും കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ രഹസ്യമായി ഇരുവിഭാഗവും ഉണ്ടാക്കിയ ധാരണയുടെ പ്രതിഫലനവുമാണ് ഇതിലൂടെ പുറത്ത് വന്നതെന്നും മുസ്‌ലിം യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അശ്റഫ് എടനീരും ജനറൽ സെക്രടറി ടി ഡി കബീറും അഭിപ്രായപ്പെട്ടു.
സഖാവ് ഭാസ്കര കുമ്പളയെ വെട്ടി ക്കൊലപ്പെടുത്തിയ ബി ജെ പിക്ക് കുമ്പളയുടെ മണ്ണിൽ തന്നെ വോട്ടുകൾ നൽകുക വഴി സി പി എം രക്ത സാക്ഷികളെയും അണികകളയും വഞ്ചിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെട്ട സി പി എം - ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിനെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനങ്ങൾ ചെറുത്ത് തോൽപിക്കുമെന്നും യൂത് ലീഗ് നേതാക്കൾ പറഞ്ഞു.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബി ജെ പി, സി പി എം അംഗങ്ങൾ പരസ്പരം വോട്ടുനൽകി ചെയർമാൻ പദവികൾ പങ്കിട്ടെടുത്തത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ സി പി എം, ബി ജെ പി ജില്ലാ നേതൃത്വം തയ്യാറാവണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
Keywords: Kerala, News, Kasaragod, BJP, LDF, Muslim-league, SDPI, Political party, Politics, It is better to make BJP an LDF component party: Muslim League.
< !- START disable copy paste -->