Legal Action | നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നല്‍കണമെന്ന ഐസിസി പ്രോസിക്യൂട്ടറുടെ ആവശ്യം നിരസിച്ച് ഇസ്രായേല്‍
● ചീഫ് പ്രോസിക്യൂട്ടറായ കരീം ഖാനാണ് കോടതിയോട് ആവശ്യപ്പെട്ടത്.
● ഗസ്സയിലെ ഇസ്രായേല്‍ ക്രൂരത ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
● ഒക്ടോബര്‍ ഏഴിലെ ആക്രമണം അഭിമാനാര്‍ഹമാണെന്ന് ഹമാസ്.
ടെല്‍ അവീവ്: (KasargodVartha) ഗസ്സയിലെ ഇസ്രായേല്‍ ക്രൂരത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (Benjamin Netanyahu). ഇതിനിടെ ഗസ്സ യുദ്ധത്തിന്റെ പേരില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നല്‍കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യിലെ ചീഫ് പ്രോസിക്യൂട്ടറുടെ ആവശ്യം ഇസ്രായേല്‍ നിരസിച്ചു.
മെയ് മാസത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഗസ്സയില്‍ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അറസ്റ്റ് വാറണ്ട് നല്‍കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറായ കരീം ഖാന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ, ഹമാസിന്റെ മുന്‍നിര നേതാക്കളായ യഹ്യ സിന്‍വാര്‍, ഇസ്മായില്‍ ഹനിയ, മുഹമ്മദ് ഡെയ്ഫ് എന്നിവര്‍ക്കെതിരെ യുദ്ധക്കുറ്റങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ആരോപിച്ച് കരീം ഖാന്‍ വാറണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ യഹ്യ സിന്‍വാര്‍ മാത്രമാണ് നിലവില്‍ ജീവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ 31ന് ടെഹ്റാനില്‍ വെച്ച് ഹനിയ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 2ന് പ്രോസിക്യൂട്ടര്‍ ഹനിയക്കുള്ള അറസ്റ്റ് വാറണ്ട് അപേക്ഷ ഉപേക്ഷിച്ചതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ജൂലൈ 13ന് തെക്കന്‍ ഗാസയില്‍ നടന്ന ഒരു ആക്രമണത്തില്‍ മുഹമ്മദ് ഡെയ്ഫ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ അറിയിച്ചെങ്കിലും ഹമാസ് ഇത് നിഷേധിക്കുകയാണ് ഉണ്ടായത്.
അതേസമയം ഒക്ടോബര്‍ ഏഴിലെ ആക്രമണം അഭിമാനാര്‍ഹമാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പിലൂടെ പുതുചരിത്രം എഴുതുകയാണെന്നും ഹമാസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഹമാസിനെതിരായ ആക്രമണമെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ ഗസ്സയിലടക്കം ചെയ്തുകൂട്ടുന്ന ക്രൂരത ഇന്നും തുടരുകയാണ്.
തീവ്രവാദികളെ തകര്‍ത്തെറിയുമെന്നും നശിപ്പിക്കുമെന്നും അന്ന് പറഞ്ഞ നെതന്യാഹുവിന്റെ വാക്ക് കേവലം അവകാശവാദങ്ങളില്‍ ഒതുങ്ങുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയിലും ഫലസ്തീനിന്റെ വിവിധ പ്രദേശങ്ങളിലും ഹമാസ് പോരാളികള്‍ സംഘടിക്കുകയും ഇസ്രായേല്‍ സൈന്യത്തിനെതിരെ പോരാട്ടം നടത്തുന്നതായാണ് വിവരം.
#Israel #Netanyahu #ICC #Gaza #Hamas #WarCrimes