Controversy | വിഷയം വയനാടും വികസനവുമല്ല; മോദി-പിണറായി ചർച്ച ഫലം കണ്ടു; മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് പുറത്ത്
● പ്രതിപക്ഷം ബിജെപി-സിപിഎം ധാരണ ആരോപിച്ച് രംഗത്ത്
● കോൺഗ്രസിലെ പോരിൽ പ്രതീക്ഷ വെച്ച് സിപിഎം
● വരും നാളുകൾ കേരള രാഷ്ട്രീയം മാറ്റത്തിനായി കാതോർക്കുകയാണ്
എംഎ മൂസ
തിരുവനന്തപുരം: (KasargodVartha) പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ച സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഭാഗമായല്ലെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിവെക്കുന്നതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്ഥാന ചലനമെന്നാണ് അവർ പറയുന്നത്.
വയനാട് പുനരധിവാസത്തിനുള്ള സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുന്നതിനും, സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ സഹായം ഉറപ്പുവരുത്തുന്നതിനും വേണ്ടിയായിരുന്നു ചർച്ച എന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാരിന് തലവേദനയായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റണമെന്ന ആവശ്യവുമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയതെന്നാണ് ഇപ്പോഴുയരുന്ന ആരോപണം.
മോദി-പിണറായി അന്തർധാര (സിപിഐഎം-ബിജെപി) ഒരിക്കൽ കൂടി ദൃഢമാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പ്രതിപക്ഷം ഇതിനകം തന്നെ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. നേരത്തെ ആർഎസ്എസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുകയും, രണ്ടാം പിണറായി സർക്കാറിന് വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് ആരോപണ വിധേയനായ എഡിജിപി അജിത് കുമാറിനെ അമിത് ഷായുടെ താൽപര്യപ്രകാരം ഡിജിപിയായി സംസ്ഥാന സർക്കാർ സ്ഥാന കയറ്റം നൽകിയെന്ന് ആക്ഷേപം ഉയർന്നിരുന്നു.
പിന്നീട് അദ്ദേഹത്തിന് ആരോപണങ്ങളിൽ നിന്ന് 'ക്ലീൻ ചിറ്റ്' നൽകി സംസ്ഥാന വിജിലൻസ് റിപ്പോർട്ട് നൽകുകയാണെന്നും റിപ്പോർട്ട് ഉണ്ടായി. തുടർന്ന് അംബേദ്കർ വിഷയത്തിലും പ്രതികരിക്കാതെ അമിത് ഷായുടെ കണ്ണുരുട്ടലിലും സംസ്ഥാന സിപിഎം നേതൃത്വം വഴങ്ങിയെന്നാണ് ആക്ഷേപം. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന് അനുകൂലമായി ഗവർണർ സ്ഥാനത്തുനിന്ന് ആരിഫ് മുഹമ്മദ് ഖാനെ നീക്കിയിരിക്കുന്നത്.
മൂന്നാം പിണറായി സർക്കാറിനുള്ള വാതിലുകൾ ബിജെപിക്ക് വേണ്ടി തുറന്നിടുകയാണ് സംസ്ഥാന സിപിഎം നേതൃത്വമെന്നാണ് ഇതിൽനിന്നൊക്കെ വ്യക്തമാവുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ മാസം ഒരു സ്വകാര്യ കമ്പനി നടത്തിയ സർവേ പ്രകാരം ഭരണവിരുദ്ധ വികാരം നിലനിൽക്കെ കേരളത്തിൽ ഇപ്പോൾ 85 സീറ്റുകളിൽ മാത്രം യുഡിഎഫ് മുന്നിട്ട് നിൽക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഒന്നു മുറുകെപ്പിടിച്ചാൽ മൂന്നാം പിണറായി സർക്കാർ തന്നെ വരാൻ സാധ്യതയുണ്ടെന്ന കണക്കു കൂട്ടലിലാണ് ഇപ്പോൾ ബിജെപി-സിപിഎം അന്തർധാര സജീവമാകുന്നതെന്നാണ് പ്രതിപക്ഷ വിമർശനം.
അതേസമയം കോൺഗ്രസിനകത്തെ 'വടംവലി' തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ സമുദായ നേതാക്കളെ പിടിച്ച് നടത്തുന്ന 'മുഖ്യമന്ത്രി പോരാട്ടം' തങ്ങളെ തുണക്കുമെന്ന വിശ്വാസമാണ് സിപിഎമ്മിനുള്ളത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള പോര് നോക്കിക്കാണുന്ന എഐസിസി സെക്രട്ടറി കെസി വേണുഗോപാലും, കെപിസിസി പ്രസിഡണ്ട് കെ സുധാകരനും മധ്യസ്ഥത വഹിച്ചു മുഖ്യമന്ത്രിസ്ഥാനം എഐസിസി യെ സ്വാധീനിച്ച് കൈക്കലാക്കാമെന്ന പൂതിയും മനസ്സിൽ വെച്ച് പുലർത്തുന്നുണ്ട്.
അതേസമയം കോൺഗ്രസിലെ പടല പിണക്കം നിരീക്ഷിച്ചുവരികയാണ് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം. നേരെയാവുന്നില്ലെങ്കിൽ നേരിന്റെ വഴി തങ്ങൾക്ക് അറിയാമെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയാതെ പറയുന്നുണ്ട്. അത് ഒരു മൂന്നാം മുന്നണി ആയാലും വേണ്ടില്ല എന്ന് അഭിപ്രായമാണ് മുസ്ലിം ലീഗിന് അകത്തുള്ളത്. സിപിഐ, ജനതാദൾ, ആർജെഡി, ഐഎൻഎൽ, ആർഎസ്പി തുടങ്ങിയ കക്ഷികളുമായി ചേർന്നുള്ള ഒരു മൂന്നാം മുന്നണിക്കുള്ള സാധ്യത മുസ്ലിംലീഗ് തള്ളിക്കളയുന്നുമില്ല. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യം മുസ്ലിംലീഗ് യുഡിഎഫ് യോഗത്തിൽ മുന്നോട്ടുവെച്ചാൽ ആശ്ചര്യപ്പെടേണ്ടതുമില്ല. എല്ലാംകൊണ്ടും വരും നാളുകളിൽ കേരള രാഷ്ട്രീയത്തിലെ മാറ്റത്തിനായി കാതോർക്കുകയാണ് ജനങ്ങൾ
#KeralaPolitics #ModiPinarayi #GovernorExit #Development #PoliticalControversy