Budget | ഒരു കോടി യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ ഇൻ്റേൺഷിപ്പ് അവസരം! 5,000 രൂപ അലവൻസും മറ്റ് ആനുകൂല്യങ്ങളും; ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങൾ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ന്യൂഡെൽഹി: (KasargodVartha) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ ഇൻ്റേൺഷിപ്പ് അവസരം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഈ ഇൻ്റേൺഷിപ്പ് 12 മാസമായിരിക്കും. യുവാക്കൾക്ക് ബിസിനസിന്റെ യഥാർത്ഥ അന്തരീക്ഷം അനുഭവിക്കാനും വിവിധ തൊഴിലുകളിലെ വെല്ലുവിളികൾ നേരിടാനും അവസരം നൽകുകയാണ് ലക്ഷ്യം.
പദ്ധതി പ്രകാരം യുവാക്കൾക്ക് എല്ലാ മാസവും 5,000 രൂപ അലവൻസും നൽകും. മാത്രമല്ല ഇവർക്ക് ആറായിരം രൂപ ഒറ്റത്തവണ സഹായമായും നൽകും. കമ്പനികൾ പരിശീലന ചെലവുകളും ഇൻ്റേൺഷിപ്പ് ചെലവിന്റെ 10% വഹിക്കേണ്ടതുണ്ട്. യുവാക്കൾക്ക് അവരുടെ താൽപ്പര്യമുള്ള മേഖലയിൽ പ്രവൃത്തിപരിചയം നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ഈ പദ്ധതി അവസരം നൽകുമെന്നാണ് പ്രതീക്ഷ.
സർക്കാരിന്റെ പുതിയ പദ്ധതി
തൊഴിലും നൈപുണ്യ വികസനവും സർക്കാരിന്റെ ഒമ്പത് മുൻഗണനകളിൽ ഒന്നാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ ലക്ഷ്യം നേടാൻ, ആദ്യമായി ജോലി തേടുന്ന യുവാക്കൾക്ക് സഹായം നൽകുന്നതിനായി പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഔപചാരിക മേഖലയിൽ ആദ്യമായി ജോലി ആരംഭിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും. ഈ തുക മൂന്ന് ഗഡുക്കളായി നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറും.
പദ്ധതിയിലൂടെ ലഭിക്കുന്ന പരമാവധി സഹായം 15,000 രൂപ ആണ്. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്ക് ഈ സഹായം ലഭിക്കും. പ്രതിമാസ വരുമാനം 1,00,000 രൂപ വരെ ആയിരിക്കണം. ഇതുവഴി 2.10 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കുന്നു. പദ്ധതി ഈ പുതിയ പദ്ധതി തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തൊഴിലവസരങ്ങൾ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതിനായി രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. മൊത്തം 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കുമെന്നും അവർ അറിയിച്ചു.