സംസ്ഥാന നേതൃത്വത്തിലെ പിളർപ്; കാസർകോട്ട് ഐ എൻ എൽ നേതൃത്വം അഖിലേന്ത്യാ കമിറ്റിയുടെ പക്ഷത്തോടൊപ്പം
Jul 25, 2021, 19:50 IST
കാസർകോട്: (www.kasargodvartha.com 25.07.2021) ഐ എൻ എൽ സംസ്ഥാന നേതൃത്വത്തിലുണ്ടായ പിളർപിൽ കാസർകോട് ജില്ലയിലെ ഐ എൻ എൽ നേതൃത്വം അഖിലേന്ത്യാ കമിറ്റിയുടെ പക്ഷത്തോടൊപ്പം. അഖിലേന്ത്യാ കമിറ്റി ആരോടൊപ്പമാണോ അവരോടൊപ്പമാണ് കാസർകോട് ജില്ലാ കമിറ്റിയെന്ന് ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാടും ജനറൽ സെക്രടറി അസീസ് കടപ്പുറവും കാസർകോട് വാർത്തയോട് പറഞ്ഞു.
സംസ്ഥാന സെക്രടറിമാരിൽ ഒരാളായ കാസർകോട് നിന്നുള്ള എം എ ലത്വീഫിനും സമാന നിലപാടാണുള്ളത്.
സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്, ജനറൽ സെക്രടറി ഖാസിം ഇരിക്കൂർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ രണ്ട് വിഭാഗങ്ങളായി കഴിഞ്ഞ കുറെ ദിവസങ്ങളായി ശീതസമരത്തിലായിരുന്നു. സംസ്ഥാന ജനറല് സെക്രടറി ഒന്നും ചെവികൊള്ളുന്നില്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ പരാതി. മന്ത്രിയും സെക്രടറിയും കൂടി എല്ലാം തീരുമാനിക്കുകയാണെന്നാണ് പാർടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ ആരോപണം.
ഐ എൻ എലിലെ വിഭാഗീയത രൂക്ഷമായ അവസ്ഥയിൽ ഞായറാഴ്ച്ച ചേർന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിൽ അസാധാരണ സംഭവങ്ങളാണ് നടന്നത്. മന്ത്രി അഹ്മദ് ദേവർകോവിൽ അടക്കം സംബന്ധിച്ച യോഗത്തിൽ നേതാക്കൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും കയ്യാങ്കളിയുടെ വക്കോളം എത്തിയപ്പോൾ അബ്ദുൽ വഹാബ് യോഗം പിരിച്ചുവിടുകയും ചെയ്തു.
ഇതോടെ പ്രവർത്തകർ തമ്മിൽ പുറത്ത് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു ഏറ്റുമുട്ടി. അര മണിക്കൂറിലേറെ സംഘർഷം നീണ്ടു. ഇതിനിടയിൽ മന്ത്രി അഹ്മദ് ദേവർകോവിലിനെ പൊലീസ് സഹായത്തോടെ സ്ഥലത്ത് നിന്ന് മാറ്റി.
ഇതിനുശേഷം രണ്ട് വിഭാഗങ്ങളും വെവ്വേറെ യോഗം ചേർന്ന് പരസ്പരം പുറത്താക്കുകയായിരുന്നു. ഇതോടെ ഐ എൻ എൽ പിളരുകയും ചെയ്തു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലിയും പി എസ് സി നിയമനത്തിന് കോഴ വാങ്ങിയെന്നതും, ലീഗ് നേതാവായ വ്യവസായിയിൽ നിന്നും തെരഞ്ഞടുപ്പ് ഫൻഡ് കൈപ്പറ്റിയതടക്കമുള്ള ആരോപണവും പാർടിയിൽ ഉയരുന്നതിനിടെ തന്നെയാണ് ശക്തമായ വിഭാഗീയ പ്രവർത്തങ്ങളും നടന്നത്.
ദേശീയ നേതൃത്വത്തോടൊപ്പം നിൽക്കുന്ന മന്ത്രി അഹ്മദ് ദേവർ കോവിലിനും ഖാസിം ഇരിക്കൂറിനും ഒപ്പമുള്ള സംസ്ഥാന നേതൃത്വത്തോടൊപ്പം നിൽക്കാനാണ് കാസർകോട് ജില്ലാ കമിറ്റി ധാരണയിൽ എത്തിയിരിക്കുന്നത്. സംസ്ഥാന തലത്തിലുണ്ടായ പിളർപ് ജില്ലാ നേതൃത്വത്തെ ബാധിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. സംസ്ഥാന സെക്രടറി എം എ ലത്വീഫും, ജില്ലാ പ്രസിഡൻ്റ് മൊയ്തീൻ കുഞ്ഞി കളനാടും, ജനറൽ സെക്രടറി അസീസ് കടപ്പുറവും അടക്കമുള്ളവർ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.
Keywords: Kerala, News, Kasaragod, Top-Headlines, INL, Politics, Political party, Committee, District, INL Kasaragod district backs all India Committee. < !- START disable copy paste -->