വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരവും വിതച്ച് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്നു; പി സി ജോര്‍ജിനെതിരെ നിയമ നപടി സ്വീകരിക്കണമെന്ന് ഐഎന്‍എല്‍
കൊച്ചി: (www.kasargodvartha.com 20.04.2021) പി സി ജോര്‍ജ് എം എല്‍ എയ്‌ക്കെതിരെ നിയമ നപടി സ്വീകരിക്കണമെന്ന് ഐ എന്‍ എല്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരവും വിതക്കാനും അതുവഴി സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനും പി സി ജോര്‍ജ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജന.സെക്രടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വോട് തട്ടുക എന്ന കുല്‍സിത രാഷ്ട്രീയ അജണ്ടയാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഈ വിഷയത്തില്‍ ആര്‍ എസ് എസിന്റെ വക്കാലത്താണ് പി സി ജോര്‍ജ് ഏറ്റെടുത്തിരിക്കുന്നതെന്ന് കത്തില്‍ പറഞ്ഞു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വൈരവും വിദ്വേഷവും പരത്തി സാമൂഹിക പ്രക്ഷുബ്ധത വിതക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കത്തില്‍ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെ, വ്യാപകമായ തോതില്‍ ഇവിടെ 'ലൗ ജിഹാദ്' അരങ്ങേറുന്നുണ്ടെന്നും ക്രൈസ്തവ, ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മതം മാറ്റാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ ദുഷ്പ്രചാരണം അങ്ങേയറ്റം അപലപനീയവും ഉത്ക്കണ്ഠാജനകവുമാണെന്ന് കത്തില്‍ വിശദമാക്കി.
രാഷ്ട്രീയപരമായി നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ സംഘ്പരിവാര്‍ ഏറ്റെടുത്ത് നടത്തുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹം പയറ്റുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഇദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ട്.
മതേതര ജനാധിപത്യ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു നിയമസഭാ സാമാജികന്‍, ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍ പറത്തുന്ന തരത്തില്‍ പ്രസ്താവന ഇറക്കുന്നത് തന്നെ മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയും നഗ്‌നമായ വര്‍ഗീയ പ്രീണനവുമാണ്.
അതുകൊണ്ട് പി സി ജോര്‍ജ് നടത്തുന്ന നിരുത്തരവാദപരവും വിഷലിപ്തവുമായ പ്രസ്താവനകള്‍ക്കും ദുഷ്പ്രചാരണങ്ങള്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിച്ച്, മതനിരക്ഷേ മൂല്യങ്ങള്‍ കാത്തൂസുക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ സംസ്ഥാന സര്‍കാര്‍ ഇത്തരം പ്രതിലോമപ്രവര്‍ത്തനങ്ങള്‍ ഒരു നിലക്കും അനുവദിക്കില്ലെന്ന് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നല്‍കണമെന്ന് മുഖ്യന്ത്രിയോട് ആവശ്യപ്പെട്ടു.
Keywords: News, Kerala, State, Kochi, Top-Headlines, Politics, INL, PC George, MLA, Vote, Social-Media, INL calls for legal action against PC George