Bank election | കുമ്പള സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ 'ഇൻഡ്യ മുന്നണി' മത്സരത്തിന്; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോൺഗ്രസ്, മുസ്ലിംലീഗ്, സിപിഎം, സിപിഐ, ജനതാദൾ തുടങ്ങിയ കക്ഷികളുടെ 11 അംഗ നോമിനികളാണ് മത്സരരംഗത്തുള്ളത്.
കുമ്പള: (KasargodVartha) കഴിഞ്ഞ പ്രാവശ്യം അട്ടിമറിയിലൂടെ ബിജെപി (BJP) ഭരണം പിടിച്ചെടുത്ത കുമ്പള സർവീസ് സഹകരണ ബാങ്ക് (Kumbla Service Co-operative Bank) ഭരണസമിതി തിരഞ്ഞെടുപ്പിൽ (Election) ഈ പ്രാവശ്യം ഭരണം തിരിച്ചു പിടിക്കാൻ 'ഇൻഡ്യ മുന്നണി' (INDIA bloc) 'കുമ്പള സേവ സഹകാരി കൂട്ടായ്മ' എന്ന പേരിൽ മത്സരരംഗത്തിറങ്ങി. 11 സ്ഥാനാർത്ഥികളെയും (Candidates) പ്രഖ്യാപിച്ചു. ഈ മാസം 14നാണ് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്. കോൺഗ്രസ് (Congress), മുസ്ലിംലീഗ് (Muslim League), സിപിഎം (CPM), സിപിഐ (CPI), ജനതാദൾ (Janata Dal) തുടങ്ങിയ കക്ഷികളുടെ 11 അംഗ നോമിനികളാണ് ഇൻഡ്യ മുന്നണിയിലേതായി മത്സരരംഗത്തുള്ളത്.
1952 ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് നിലവിൽ വന്നത്. മമ്മൂഞ്ഞിയായിരുന്നു ആദ്യകാല പ്രസിഡന്റ്. പിന്നീട് 1959 മുതൽ 2013 വരെ നീണ്ട 54 വർഷം വിശ്വനാഥ ആൾവയായിരുന്നു പ്രസിഡന്റ് പദവി വഹിച്ചത്. പിന്നീടങ്ങോട്ട് ബാങ്കിൽ രാഷ്ട്രീയ ചേരിതിരിവോടെയായിരുന്നു മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു വിഭാഗം ബിജെപിയുമായി ചേർന്ന് മത്സരിച്ചത് ബിജെപിക്ക് ഭരണം ലഭിക്കുന്ന അവസ്ഥയുണ്ടായി. ഇത് യുഡിഎഫിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.
കുമ്പള സേവ സഹകാരി കൂട്ടായ്മയിൽ ഇൻഡ്യ മുന്നണിയിലെ വിവിധ രാഷ്ട്രീയ പാർടികളെ പ്രതിനിധീകരിച്ച് ഗണേഷ് ഭണ്ഡാരി എം, രവിചന്ദ്ര കെ, ഗോപാലകൃഷ്ണ ഷെട്ടി, കെ കൃഷ്ണ, പ്രസാദ് കുമാർ, രവിചന്ദ്ര കെ, അംബിക, ധനലക്ഷ്മി, കെ പത്മനാഭ, അനിൽകുമാർ എസ്, ശ്വേത, ദാമോദര ഷട്ടി എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. ഇവർ ജനറൽ, വനിത, എസ് സി, എസ് ടി വിഭാഗങ്ങളിലായിട്ടാണ് മത്സരിക്കുന്നത്.