മതേതര ചേരിയിലെ വഞ്ചകർ ആര്? ഇന്ത്യ മുന്നണിയിൽ തർക്കം മുറുകുന്നു
● 324 വോട്ടുകൾ പ്രതീക്ഷിച്ചിരുന്നത് 280-ൽ ഒതുങ്ങി.
● എൻഡിഎ സ്ഥാനാർത്ഥിക്ക് 452 വോട്ടുകൾ ലഭിച്ചു.
● സ്വന്തം പക്ഷത്തുള്ളവർ ചതിച്ചെന്ന് ഇന്ത്യാ മുന്നണി.
● സി പി രാധാകൃഷ്ണൻ തമിഴ്നാട്ടിൽ നിന്നുള്ളയാളാണ്.
ന്യൂഡൽഹി: (KasargodVartha) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ട് നേടി ആർഎസ്എസ്-ബിജെപി നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ സി പി രാധാകൃഷ്ണനെ വിജയിപ്പിക്കാൻ സാധിച്ചതിൽ എൻഡിഎ നേതൃത്വം സന്തോഷം പങ്കുവെക്കുമ്പോൾ, ഇന്ത്യാ മുന്നണി സഖ്യത്തിലെ സ്വന്തം വോട്ടുകൾ പോലും ലഭിക്കാതെ പോയതിലും മതേതര വോട്ടുകളിൽ വിള്ളലുണ്ടായതിലും ആശയക്കുഴപ്പത്തിലാണ് ഇന്ത്യ മുന്നണി നേതാക്കൾ. ആരാണ് പാലം പണിതതെന്ന തർക്കത്തിലാണ് ഇന്ത്യ മുന്നണി സഖ്യത്തിലെ നേതാക്കൾ.
ഏകദേശം 350 ഓളം വോട്ടുകളാണ് ഇന്ത്യാ മുന്നണി സഖ്യത്തിലെ സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശന റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. മുന്നണിക്ക് 324 വോട്ടുകളുണ്ടായിരുന്നു. ചില നിക്ഷ്പക്ഷ വോട്ടുകളും ഭിന്നിച്ചു നിൽക്കുന്ന എൻഡിഎ ഘടകകക്ഷി വോട്ടുകളും ഇന്ത്യാ സഖ്യം കണക്കുകൂട്ടിയിരുന്നു.
എന്നാൽ സ്വന്തം തട്ടകത്തിലുള്ള ചോർച്ച തടയാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല 'മോക്ക് പോൾ' പോലും ഗുണം ചെയ്തില്ല. മതേതര ചേരിയിൽ തന്നെ 'വഞ്ചകരുണ്ടെന്ന' നിഗമനത്തിലെത്താൻ ഇത് വഴിവെച്ചു. രാഹുൽ ഗാന്ധി നേരത്തെ സൂചിപ്പിച്ചതുപോലെതന്നെ 'ബിജെപിയെ സഹായിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട്' എന്നതിന് അടിവരയിടുന്നതാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
എൻഡിഎയുടെ ഭാഗത്ത് 375 വോട്ടുകളാണ് പ്രതീക്ഷിച്ചിരുന്നത്. സി പി രാധാകൃഷ്ണൻ വിജയിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇരു മുന്നണികളും ക്രോസ് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചിരുന്നു.
ഇതിൽ എൻഡിഎയ്ക്കാണ് വിജയിക്കാനായത്. അവർ പ്രതീക്ഷിച്ചതിനേക്കാൾ 75 വോട്ടുകൾ കൂടുതൽ നേടുകയും ചെയ്തു. ഇന്ത്യാ സഖ്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയതിലുള്ള സന്തോഷവും എൻഡിഎ പങ്കുവെക്കുന്നുണ്ട്. 452 വോട്ടുകൾ ബിജെപി പ്രതീക്ഷിച്ചിരുന്നില്ല.
ആരാണ് എൻഡിഎക്ക് വോട്ട് മറിച്ചതെന്ന കാര്യത്തിൽ ഇന്ത്യ സഖ്യത്തിൽ തർക്കമുണ്ട്. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെയിലേക്കാണ് പലരും വിരൽ ചൂണ്ടുന്നത്. എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി തമിഴ്നാട്ടിൽ നിന്നുള്ള സി പി രാധാകൃഷ്ണനായതിനാൽ ഡിഎംകെ ക്രോസ് വോട്ട് ചെയ്തിരിക്കാം എന്ന നിഗമനത്തിലാണ് ഇന്ത്യാ സഖ്യ ഘടകകക്ഷികൾക്കുള്ളത്.
ഇതുതന്നെയാണ് സി പി രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എൻഡിഎ ലക്ഷ്യമിട്ടതും. എന്നാൽ ഇന്ത്യാ സഖ്യത്തിലെ ശിവസേന ഉദ്ധവ് വിഭാഗമോ, എഎപിയോ വോട്ട് മറിച്ചിരിക്കാമെന്ന സംശയവും ഇന്ത്യാ സഖ്യ നേതാക്കൾക്കുണ്ട്. വരും ദിവസങ്ങളിൽ ഇത് ഇന്ത്യാ സഖ്യത്തിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
രാഷ്ട്രീയരംഗത്തെ ഈ നീക്കത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ കാഴ്ചപ്പാടുകൾ കമൻ്റ് ചെയ്യൂ.
Article Summary: India Alliance debates cross-voting in vice president election, with suspicion on DMK, Shiv Sena, and AAP.
#IndiaAlliance #VicePresidentElection #CrossVoting #DMK #ShivSena #AAP






