ലീഗ് രാഷ്ട്രീയം വിട്ട് എനിക്കൊരു ജീവിതമില്ല, വീട്ടിലെ ഭക്ഷണമേശയിൽ രാഷ്ട്രീയം കാണുന്നത് ശരിയല്ല; സി പി എം രാഷ്ട്രീയ സത്യസന്ധത കാണിക്കണം - മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി
Apr 3, 2021, 18:34 IST
കാസർകോട്: (www.kasargodvartha.com 03.04.2021) ലീഗ് രാഷ്ട്രീയം വിട്ട് തനിക്കൊരു ജീവിതമില്ലെന്നും ഈ സേവനം 50 കൊല്ലം മുമ്പ് തുടങ്ങിയതാണെന്നും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി കാസർകോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞാൻ എതിർ രാഷ്ടീയ ചേരിയിലേക്ക് പോകുമെന്ന് സി പി എമിന്റെ കേന്ദ്രങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. പല ആരോപണങ്ങളും ഉന്നയിച്ചിട്ടും തൃപ്തി വരാത്തതിനാലാണത്. ഇടതുപക്ഷത്തിന്റെ പ്രചാരണത്തില്‍ വിശ്വസിക്കരുത്. ഞാനും എൽ ഡി എഫ് കൺവീനർ വിജയരാഘവനും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. വീട്ടിലെ ഭക്ഷണമേശയിൽ രാഷ്ട്രീയം കാണുന്നത് ശരിയല്ല. പ്രവാസി ബിസിനസുകാരനാണ് ഞാൻ.രാഷ്ട്രീയവും സൗഹൃദവും കൂട്ടിക്കുഴയ്ക്കുന്ന ആളല്ല. അടിമുടി മുസ്ലീം ലീഗുകാരനാണ്. അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിന്റെ മറപിടിച്ച് സി പി എം കേരള ജനതയെ വഞ്ചിക്കുകയാണ്. സംഘപരിവാർ സൈദ്ധാന്തികൻ ആർ ബാല ശങ്കർ വെളിപ്പെടുത്തിയ സി പി എം - ബി ജെ പി ബന്ധം ഒരേ
സമയം ഇരു പാർടികളെയും വഞ്ചിക്കാൻ ഉദ്ദേശിച്ച് നേതൃത്വം തീരുമാനിച്ചുറപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സംരക്ഷകരായി അഭിനയിച്ച് ഒരേ സമയം ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും അവർ നില്ക്കുകയാണ്. അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലീം ലീഗിനു മേൽ വർഗീയത ആരോപിക്കുന്നവർ ചരിത്രം മനസിലാക്കാത്തവരാണ്. തുല്യതയുടേയും ജന സേവനത്തിന്റേയും രാഷ്ട്രീയമാണ് ഞങ്ങളുടേത്.
യു ഡി എഫ് ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പിനെ നേരിട്ട് ജയിക്കും. മുമ്പെങ്ങുമില്ലാത്ത ഐക്യമാണ്
ഇപ്പോഴുള്ളത്. പിണറായി സർകാരിനെ തൂത്തെറിയാൻ ജനം കാത്തിരിക്കുകയാണ്, പ്രവാസികൾ പ്രത്യേകിച്ചും. ലോക് ഡൗൺ കാലത്ത് നടത്തിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. പരാജയങ്ങളുടെ സർകാരായിരുന്നു പിണറായിയുടേത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ പോലും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗ് ആദ്യം മുതൽ തന്നെ ഉയർത്തിപ്പിടിക്കുന്നത് സൗഹാർദത്തിന്റേയും ജനക്ഷേമത്തിന്റേയും
രാഷ്ട്രീയമാണ്. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ജനം പുറം തള്ളും. പാണക്കാട് തങ്ങന്മാരുടെ നേതൃത്വം എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. സി പി എം നെറ് ആരോപണങ്ങൾ പലതും വില കുറഞ്ഞവയാണ് .വർഗീയ വാദത്തിനും തീവ്രവാദത്തിനും ഞങ്ങൾ എതിരാണ് - അദ്ദേഹം പറഞ്ഞു. മണ്ഡലങ്ങളിലെ സന്ദർശനങ്ങളിലൂടെ മനസിലാകുന്നത് യു ഡി എഫ് ഇക്കുറി ചരിത്ര വിജയം നേടുമെന്നാണെന്നും ബാവ ഹാജി പറഞ്ഞു.
Keywords: Kasaragod, Kerala, News, Politics, Muslim-league, CPM, President, State, I have no life without league politics, and it is not right to see politics at the dinner table; CPM must show political honesty - CP Bawa Haji, State Vice President, Muslim League.