city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajmohan Unnithan | ഹൈമാസ്റ്റ് വിളക്കിൽ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രടറിക്കെതിരെയും സമരം നടത്തിയ ഡിവൈഎഫ്ഐക്കെതിരെയും ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

Rajmohan Unnithan
'താൻ നടത്തിയ എല്ലാ പ്രവർത്തനങ്ങളും സുതാര്യം, ഒരു രൂപയുടെ ആരോപണം പോലും ആർക്കും ഉന്നയിക്കാൻ കഴിയില്ല'

കാസർകോട്:  (KasargodVartha) ഹൈമാസ്റ്റ് വിളക്കിൽ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രടറിക്കെതിരെയും, സമരം നടത്തിയ ഡിവൈഎഫ്ഐക്കെതിരെയും, അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി സ്ഥാനാർഥിയായിരുന്ന എം എൽ അശ്വിനിക്കെതിരെയും ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഇവർ ആരോപണം തെളിയിച്ചാൽ എംപി സ്ഥാനം രാജിവെക്കുമെന്നും പൊതുപ്രവർത്തനം തന്നെ നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rajmohan Unnithan

തനിക്കെതിരെ നടന്ന ആരോപണത്തിൽ കാസർകോട് ഡിസിസി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് എംപി ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയത്. പാർടിയിൽ നിന്നും പുറത്താക്കപ്പെട്ട ഒരാളുടെ വാക്ക് കേട്ട് ചാടിയിറങ്ങുന്നതിന് മുമ്പ് ഇതിന്റെ നിർവഹണം എങ്ങനെയാണെന്ന് അന്വേഷിക്കാൻ പോലും മെനക്കെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം വി ബാലകൃഷ്ണൻ മാസ്റ്ററെ ഉണ്ണിത്താൻ പരിഹസിച്ചു .

സമരം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ അറിവില്ലാത്ത പയ്യന്മാരാണെന്നും അവരെ വെറുതെ വിടാമെന്നും പറഞ്ഞ ഉണ്ണിത്താൻ, എം വി ബാലകൃഷ്ണൻ മാസ്റ്റർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എം എൽ അശ്വിനിയെയും വെറുതെ വിടാൻ തയ്യാറായില്ല. എംപിയുടെ ഫണ്ട് വിനിയോഗത്തിൽ എംപിക്ക് നേരിട്ട് ഒരു റോളുമില്ല. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കേണ്ട സ്ഥലം എവിടെയാണെന്ന് നിർദേശിക്കാനും അവ നടപ്പാക്കിയതായി അറിയിച്ചാൽ ഉദ്ഘാടനം ചെയ്യാനും മാത്രമേ എംപിക്ക് സാധിക്കൂ. ഇതിന്റെ തുക മുഴുവൻ ചിലവാക്കുന്നത് ജില്ലാ കലക്ടറാണ്.

എംപിക്ക് ഒരപേക്ഷ കിട്ടിയാൽ അതാത് തദ്ദേശ സ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്ത് ഭരണസമിതിയുടെ അംഗീകാരം വാങ്ങുകയാണ് ചെയ്യുന്നത്. അത് പിന്നീട് കലക്ടർക്ക് അയച്ചുകൊടുക്കുന്നു. നിർദേശിക്കപ്പെട്ട സ്ഥലം കലക്ടർ പരിശോധിച്ച ശേഷം ഉറപ്പുവരുത്താൻ പി ഡബ്ള്യു ഡിക്കും ബ്ലോക് ഡെവലപ്മെന്റ് ഓഫീസർക്കും കൈമാറുകയാണ് ചെയ്യുന്നത്. ഗുണമേന്മ ഉറപ്പുവരുത്താൻ അംഗീകാരമുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഉൾപെടെയുള്ള സ്ഥാപനങ്ങൾ പത്രപരസ്യം വഴി ടെൻഡർ ക്ഷണിച്ച് അതിന് അംഗീകാരം നൽകുന്നു. പദ്ധതി നിർവഹണം നടത്തേണ്ടതും തുക കൈമാറേണ്ടതും ജില്ലാ കലക്ടർമാരാണ്. പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ എംപിക്ക് എവിടെയാണ് പങ്കെന്നും ഉണ്ണിത്താൻ ചോദിച്ചു.

വിജിലൻസിനോ ക്രൈംബ്രാഞ്ചിനോ അതല്ല ഇ ഡിക്കോ സിബിഐക്കോ വരെ അന്വേഷണം കൈമാറുന്നതിൽ തനിക്ക് യാതൊരു വിരോധവുമില്ല. പദ്ധതിയുടെ കാര്യത്തിൽ 10 രൂപയുടെ ചായ വാങ്ങി കഴിച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽ എംപി സ്ഥാനം രാജിവെക്കുന്നതോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും ഉപേക്ഷിക്കാമെന്നും ഉണ്ണിത്താൻ പറഞ്ഞു. പാർടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാൾക്ക് മറുപടി നൽകാൻ താൻ ആളല്ല. വിടുവായത്തത്തിന് മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല. കാസർകോട്ടെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് ഒരു ലക്ഷത്തിന് മുകളിൽ കിട്ടിയ ഭൂരിപക്ഷമെന്നും കാസർകോട്ട് ഒരു എംപിയുണ്ടെന്ന് 35 വർഷത്തിന് ശേഷം താൻ വിജയിച്ച ശേഷമാണ് ഇവിടത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് വർഷം എംപിയെന്ന നിലയിൽ കിട്ടിയ 17 കോടിയുടെ ഫണ്ടും മുൻ എംപി പി കരുണാകരൻ ചിലവഴിക്കാതിരുന്ന രണ്ടര കോടിയും അടക്കം 19.5 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് എംപി ഫണ്ടെന്ന നിലയിൽ ചിലവഴിച്ചത്. അല്ലാത്ത വികസനങ്ങൾ നിരവധിയുണ്ട്. കേരളത്തിൽ അഞ്ച് ആദർശ് സ്റ്റേഷൻ അനുവദിച്ചപ്പോൾ അതിൽ രണ്ടും കാസർകോട് മണ്ഡലത്തിൽ നേടിയെടുക്കാൻ കഴിഞ്ഞു. പയ്യന്നൂരും കാസർകോടും ആദർശ് സ്റ്റേഷനായി ഉയർത്തിയ കാര്യവും, നീലേശ്വരത്ത് മൂന്ന് ട്രെയിനുകൾക്കും, മംഗ്ളുറു വിട്ടാൽ കോഴിക്കോട് നിർത്തുന്ന മൂന്ന് വണ്ടികൾക്ക് കാസർകോട്ടും,  ചെറുവത്തൂരിൽ പരശുറാം എക്‌സ്പ്രസിനും, ഏഴിമലയിൽ തിരുവനന്തപുരം - മംഗ്ളുറു എക്‌സ്പ്രസിനും, പഴയങ്ങാടിയിൽ പ്രധാന വണ്ടിക്കും സ്റ്റോപ് അനുവദിച്ചതടക്കം നേരിട്ട് ഇടപെട്ട് ശ്രമങ്ങൾ നടത്തിയതായി എംപി വിവരിച്ചു.

കാസർകോട് ജില്ലയിൽ മാത്രം അഞ്ചിലധികം റെയിൽവേ ഗേറ്റുകൾക്ക് മേൽപാലം പണിയാൻ ടെൻഡർ നടപടി സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഗേറ്റുകളും ഒഴിവാക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പുതുതായി ആരംഭിച്ച ഷൊർണൂർ - കാസർകോട് ട്രെയിൻ കാസർകോട് വരെ നീട്ടുമെന്ന്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് നൽകിയ നിവേദനത്തെ തുടർന്ന് അറിയിച്ചിട്ടുണ്ട്. എംപിയെന്ന നിലയിൽ താൻ നടത്തിയ എല്ലാ പ്രവർത്തനങ്ങളും സുതാര്യമാണെന്നും ഒരു രൂപയുടെ ആരോപണം പോലും ആർക്കും ഉന്നയിക്കാൻ കഴിയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

മുമ്പുള്ള എംപിമാരെ കാണാൻ ബ്രാഞ്ച് സെക്രടറിയുടെയും ലോകൽ, ഏരിയ ജില്ലാ കമിറ്റികളുടെ കത്ത് ആവശ്യമായിരുന്നു. എന്നാൽ തന്നെ മണ്ഡലത്തിലെ ജനങ്ങൾക്ക് നേരിട്ട് സമീപിക്കാം. ആരുടേയും കത്ത് ആവശ്യമില്ല. താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ സിപിഎമിലെ അണികളാണ് അവരുടെ പാർടിയുടെ അടിത്തറ ഇളക്കിക്കൊണ്ട് ബിജെപിയിലേക്ക് പോയിരിക്കുന്നത്. വടകരയിൽ ശാഫി പറമ്പിലിനെതിരെ വ്യാജ കാഫിർ പോസ്റ്റ് ഇറക്കിയത് പോലെ, തന്നെ പോലെയുള്ള ഒരാളുടെ വേഷം കെട്ടിച്ച്  കുറി മായ്ച്ചുകളഞ്ഞും കയ്യിലെ ചരട് പൊട്ടിച്ചും ഇടത്തോട്ട് മുണ്ട് ഉടുപ്പിച്ചും വീഡിയോ ചെയ്ത് വർഗീയത പരത്താൻ സിപിഎം നടത്തിയ നെറികെട്ട കളികൾ കാസർകോട്ടെ ജനങ്ങൾ തിരിച്ചറിഞ്ഞതാണ് തന്റെ ഭൂരിപക്ഷം ഇത്രയും വർധിക്കാൻ കാരണമായതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

കെ സുധാകരൻ എംപിയുടെ വീട്ടിൽ കൂടോത്രം കണ്ടെത്തിയ സംഭവത്തിൽ ഇക്കാര്യത്തെ കുറിച്ച് ഉണ്ണിത്താനോട് ചോദിക്കൂ എന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപോൾ ഒന്നും പറയാനില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. വീഡിയോ ചാനലുകൾക്ക് കിട്ടിയത് കാസർകോട് നിന്നാണെന്ന് പറഞ്ഞ അദ്ദേഹം വീഡിയോ നൽകിയത് ആരാണെന്ന് പറഞ്ഞാൽ അതിന് മറുപടി നൽകുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, കോൺഗ്രസ് നേതാവ് എംസി പ്രഭാകരൻ എന്നിവരും രാജ്‌മോഹൻ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia