Legal Action | വിദ്വേഷ പ്രസംഗം: ബിജെപി എംഎല്‍എ നിതേഷ് റാണെക്കെതിരെ കേസെടുത്ത് പൊലീസ്
മകനെ ശാസിച്ചതായി പിതാവും എംപിയുമായ നാരായണ്‍ റാണെ
മുംബൈ: (KasargodVartha) മുസ്ലീം മതവിശ്വാസികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മഹാരാഷ്ട്ര ബിജെപി എംഎല്‍എ നിതേഷ് റാണക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുന്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ മകനായ നിതേഷ് റാണെ സെപ്റ്റംബർ മൂന്നിന് നടന്ന സമ്മേളനത്തിൽ മതവിഭാഗത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നാണ് കേസ്.
അഹ്‌മദ് നഗർ ജില്ലയിലെ ശ്രീരാംപൂര്‍, തോഫ്ഖാന മേഖലകളില്‍ ഞായറാഴ്ച നടത്തിയ സകാല്‍ ഹിന്ദു സമാജ് ആന്ദോളന്റെ സമ്മേളനത്തിലാണ് കംകാവ്‌ലി എംഎല്‍എ മുസ്ലീം സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയത്. അടുത്തിടെ മുഹമ്മദ് നബിക്കും ഇസ്ലാം മതത്തിനും എതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ മഹന്ത് രാംഗിരി മഹാരാജിനെതിരെ ഒരക്ഷരം മിണ്ടരുതെന്ന് മുസ്ലീങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലാണ് നിതേഷ് പ്രസ്താവന നടത്തിയത്.
നിതേഷിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'നിങ്ങള്‍ക്ക് നിങ്ങളുടെ സമൂഹത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ മഹാരാജിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്', എന്നാണ് നിതേഷ് വീഡിയോയില്‍ പറയുന്നത്. ശ്രീരാംപൂര്‍, തോഫ്ഖാന പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് എഐഎംഐഎം വക്താവ് വാരിസ് പത്താന്‍, എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയോടും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടും അഭ്യര്‍ത്ഥിച്ചു.
മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ വര്‍ഷ ഗെയ്ക്വാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കറെ കണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന് നിതേഷ് റാണയ്ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം തന്റെ മകനെ ശാസിച്ചതായും വിഷയത്തില്‍ ഒരു മതത്തെയും വലിച്ചിഴക്കരുതെന്ന് പറഞ്ഞതായും രത്നഗിരി-സിന്ധുദുര്‍ഗ് എംപി നാരായണ്‍ റാണെ സംഭവത്തോട് പ്രതികരിച്ചു.
#NiteshRane, #HateSpeech, #BJP, #Maharashtra, #LegalAction, #PoliticalNews