city-gold-ad-for-blogger

ആഗോള അയ്യപ്പ സംഗമം: പാളിച്ചയിൽ മുറുമുറുപ്പ്; ഇടതുമുന്നണിയിലും സിപിഎം പ്രവർത്തകരിലും അതൃപ്തി

A political meeting hall with many empty chairs.
Photo Credit: Facebook/ Communist Party of India (Marxist)

● ശബരിമല വിഷയത്തിൽ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമം തിരിച്ചടിച്ചു.
● 'കാലിയായ കസേരകൾ' സിപിഎം നേതൃത്വത്തെ നിരാശപ്പെടുത്തി.
● എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ചങ്ങാത്തവും അതൃപ്തിക്ക് കാരണമായി.
● ഇത് ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്ന് വിലയിരുത്തൽ.

എം എ മുഹ്സിൻ 

പത്തനംതിട്ട: (KasargodVartha) ആഗോള അയ്യപ്പ സംഗമം ഇടതുമുന്നണി സർക്കാരിന് തിരിച്ചടിയായെന്ന വിലയിരുത്തലിൽ മുന്നണിയിലും സിപിഎം പ്രവർത്തകർക്കിടയിലും മുറുമുറുപ്പ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്ന ആക്ഷേപം ശക്തമായതോടെ ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെയാണ് പാർട്ടിയിൽ കലാപക്കൊടി ഉയരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നഷ്ടമായ ഹിന്ദു വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് പാർട്ടിക്കുള്ളിൽ തന്നെ എതിരഭിപ്രായം ഉണ്ടാക്കിയത്. ഹൈക്കോടതി പോലും അയ്യപ്പനെ 'ഷോകേസ്' ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടയിൽ, 'തത്വമസിക്ക് പ്രചരണമൊന്നും വേണ്ട, അതിനൊക്കെ ഏറെ ഉയരെയാണ് അത്' എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. ഈ പരിപാടിയുടെ സ്വഭാവമെന്താണെന്നുള്ള ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളും, ധൃതിപിടിച്ച് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതുമാണ് സിപിഎമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

'വേണ്ടിയിരുന്നില്ല' എന്ന തോന്നൽ പാർട്ടിക്കുള്ളിൽ എല്ലാവർക്കുമുണ്ട്. എന്നാൽ, അത് തുറന്നു പറയാൻ നേതാക്കളും അണികളും മടിക്കുകയാണ്. ആഗോള അയ്യപ്പ സംഗമത്തിലെ 'കാലിയായ കസേരകൾ' സിപിഎം നേതൃത്വത്തെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ഈ വിഷയം വരും ദിവസങ്ങളിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വലിയ ചർച്ചകൾക്ക് വേദിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ഈ നീക്കം യുഡിഎഫിനും ബിജെപിക്കും മുതലെടുക്കാനുള്ള അവസരമാണ് നൽകിയതെന്ന ആക്ഷേപവും പാർട്ടിക്ക് അകത്തുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിക്കലെത്തിനിൽക്കെ, ഭക്തിയും വിശ്വാസവും കേന്ദ്രീകരിച്ച് നടത്തിയ ഈ പുതിയ തന്ത്രം പാർട്ടിക്ക് ദോഷം ചെയ്തുവെന്ന് സിപിഎമ്മിൽ അഭിപ്രായം ഉയർന്നു കഴിഞ്ഞു.

അതിനിടയിൽ, എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി വേദിയിലെത്തിയതും പാർട്ടി പ്രവർത്തകർക്ക് അതൃപ്തിയുണ്ടാക്കി. നടേശനുമായുള്ള ചങ്ങാത്തമാണ് പ്രതീക്ഷിച്ചത്ര വിശ്വാസികൾ അയ്യപ്പ സംഗമത്തിന് എത്താത്തതിന് കാരണമെന്ന് സിപിഐഎം ചില നേതാക്കളും അണികളും വിശ്വസിക്കുന്നു. മാത്രവുമല്ല, ഇത് പാർട്ടിയുടെ ന്യൂനപക്ഷങ്ങൾക്കിടയിലുള്ള വിശ്വാസത്തിനും കോട്ടം തട്ടിയിട്ടുണ്ടെന്ന് പ്രവർത്തകർ കരുതുന്നു. ന്യൂനപക്ഷങ്ങളെ വിട്ട് ഭൂരിപക്ഷത്തെ ഒപ്പം നിർത്താൻ നടത്തിയ ശ്രമം 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന് സിപിഎം നേതാക്കൾ തന്നെ വിലയിരുത്തുന്നുണ്ട്.

ആഗോള അയ്യപ്പ സംഗമ വിഷയത്തിൽ സിപിഐക്കും വ്യത്യസ്തമായ നിലപാടുകളുണ്ട്. എന്നാൽ, അത് പരസ്യമായി പറയാതെ ഇടതുമുന്നണി യോഗത്തിൽ പറയാം എന്ന നിലപാടിലാണ് സിപിഐ.

ഈ വാർത്തയെക്കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുക.


Article Summary: 'Global Ayyappa Sangamam' causes disarray within LDF.

#AyyappaSangamam #CPM #KeralaPolitics #LDF #Sabarimala #Kerala

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia