George Kurian | കേരള സര്‍ക്കാര്‍ മോദിയുടെ സാമ്പത്തിക നയം കണ്ട് പഠിക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
കാസര്‍കോട്: (KasargodVartha) എന്നും കടത്തിനെ പറ്റിമാത്രം സംസാരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ സാമ്പത്തികനയം കണ്ട് പഠിക്കണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ഫിഷറീസ് ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സൃഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുസ്ഥിരമായ സാമ്പത്തിക നയം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ന് ഭാരതം പതിനൊന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. അടുത്തത് മൂന്നാം സ്ഥാനത്ത് എത്തുമെന്നുള്ളതാണ്. ഡിഎ കുടിശിക ലഭിക്കാത്തതിനെ കുറിച്ച് സംസ്ഥാന ഭരണകക്ഷിയോട് സംസാരിച്ചപ്പോള്‍ ശമ്പളം കിട്ടുന്നുണ്ടല്ലോ എന്ന മറുപടിയാണ് ലഭിച്ചത്. ഇതിന്റെ അര്‍ത്ഥം അതും കിട്ടുമോ എന്ന് സംശയിക്കണം. സാമ്പത്തിക കാര്യത്തില്‍ ചിന്താകുഴപ്പം ഉണ്ടായികഴിഞ്ഞാല്‍ ഒരു രാജ്യത്തിനും സംസ്ഥാനത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല.
സാമ്പത്തിക കാര്യത്തില്‍ കേരളത്തില്‍ പ്ലാന്‍ എയും ബിയും വരുന്നത് എങ്ങനെയെന്നും ഇടയ്ക്ക് വെച്ച് മാറാന്‍ പറ്റുന്ന ഫുട്‌ബോള്‍ കളിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
വരാന്‍ പോകുന്ന സമൂഹം സാമ്പത്തികമായിട്ട് എപ്പോഴും പരാശ്രയമുള്ളവരായിട്ട് മാറുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി മുന്നറിയിപ്പ് നല്‍കിയതാണ്. കടമാണ് തങ്ങളുടെ മൂലധനമെന്ന് പറയുന്ന സര്‍ക്കാരിന് സുസ്ഥിരമായിട്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ല. നരേന്ദ്ര മോദിയെ നോക്കൂ. വ്യക്തമായ നയം ഉണ്ട്. അവിടെ എബിസിഡിയൊന്നുമില്ല. ആ നയത്തിന്റെ അടിസ്ഥാനത്തിലാണ് പതിനൊന്നാം സ്ഥാനത്ത് നിന്ന് ഭാരതം അഞ്ചാം സ്ഥാനത്ത് എത്തിയത്. അവിടെ നിന്നും മൂന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചിന്തിക്കാവുന്നതിന് അപ്പുറത്തേക്ക് ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി ദരിദ്രമായ ഭാരതത്തില്‍ എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇന്ന് കണ്ട് കൊണ്ടിരിക്കുകയാണ്. പടപടിയായി ഭാരതം മുന്നോട്ട് പോകുകയാണ്. കിസാന്‍ സമ്മാന്‍നിധിയില്‍ 2000 രൂപ ലഭിക്കുന്നത് ഒരു കാലഘട്ടത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍, നടപ്പിലാക്കികൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ചും ഒരക്ഷരം എതിര്‍ത്ത് പറയാന്‍ പറ്റാത്തവിധം ഭാരതം സാമ്പത്തികമായി ഉയര്‍ന്നിരിക്കുകയാണ്. സാമ്പത്തിക നയത്തില്‍ വ്യക്തതയും ചങ്കൂറ്റവും വേണമെന്നാണ് പറയാനുള്ളത്. അസംഘടിതമേഖലയിലും ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ എതിപ്പുമായി മുന്നോട്ട് വരികയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.