ജി സുധാകരൻ രണ്ടും കൽപ്പിച്ച്; മുഖ്യമന്ത്രിയുടെ പരിപാടിയിൽ സംബന്ധിച്ചില്ല അനുനയ നീക്കവും പാളി; അടുത്ത നീക്കം എന്ത്?
● ജി സുധാകരൻ രണ്ടും കൽപ്പിച്ചാണ് പ്രതികരിക്കുന്നതെന്ന സന്ദേശമാണ് അദ്ദേഹത്തിൻ്റെ നടപടി നൽകുന്നത്.
● ജി സുധാകരൻ കോൺഗ്രസ് വേദികളിൽ സജീവമായതോടെയാണ് സി പി എം വിഷയം ഗൗരവത്തിലെടുത്തത്.
● സുധാകരനെ പിണക്കി നിർത്തിയാൽ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അത് പാർട്ടിക്ക് ക്ഷീണമാകുമെന്ന് സി പി എം നേതൃത്വം തിരിച്ചറിയുന്നു.
● സി പി എം അനുനയ നീക്കം പാളിയതോടെ ജി സുധാകരൻ്റെ അടുത്ത നീക്കത്തിനായി രാഷ്ട്രീയ കേരളം കാതോർക്കുന്നു.
ആലപ്പുഴ: (KasargodVartha) മുൻമന്ത്രിയും സി പി എം നേതാവുമായ ജി സുധാകരൻ്റെ കടുത്ത നിലപാടിനെ തുടർന്ന് പാർട്ടി നേതൃത്വത്തിൻ്റെ അനുനയ നീക്കങ്ങൾ പാളി. പി എം ശ്രീയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് മുഖം മങ്ങിയ സി പി എമ്മിനൊപ്പം കൂടാൻ തൽക്കാലം ജി സുധാകരനില്ലെന്ന സന്ദേശമാണ് അദ്ദേഹത്തിൻ്റെ പുതിയ നിലപാട് നൽകുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വേദി പങ്കിടാൻ ജി സുധാകരൻ എത്താതിരുന്നത് ഇതോടെ വലിയ രാഷ്ട്രീയ ചർച്ചയായി.
ജി സുധാകരൻ രണ്ടും കൽപ്പിച്ചാണ് ഇപ്പോൾ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൂടെയുള്ള പരിപാടിയിൽ പങ്കെടുക്കാതെ ഒഴിഞ്ഞു മാറിയത് ഇനി സി പി എമ്മിലേക്ക് ഇല്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്. നേരത്തെ സി പി എം ദേശീയ സെക്രട്ടറി എം എ ബേബിക്കൊപ്പമുള്ള സഖാവ് വി എസിൻ്റെ പേരിലുള്ള അവാർഡ് ദാന പരിപാടിയിൽ നിന്നും ജി സുധാകരൻ വിട്ടു നിന്നിരുന്നു.
സി പി ഐയുടെ എതിർപ്പ് അവഗണിച്ച് സി പി എമ്മും ഇടത് സർക്കാറും പി എം ശ്രീയിൽ ഒപ്പിട്ടതോടെ സർക്കാറിൻ്റെയും സി പി എമ്മിൻ്റെയും മുഖം മങ്ങിയ അവസ്ഥയിലാണുള്ളത്. ഇതിനുള്ളിലേക്ക് കയറി ചെല്ലാൻ ജി സുധാകരന് ഇപ്പോൾ താല്പര്യവുമില്ല.
ജി സുധാകരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈവിട്ടു പോകരുതെന്ന നിലപാടിലായിരുന്നു സി പി എം സംസ്ഥാന നേതൃത്വം. പിണക്കി നിർത്തിയാൽ അത് ആലപ്പുഴയിൽ മാത്രം ഒതുങ്ങില്ലെന്നും, ആസന്നമായ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അത് പാർട്ടിക്ക് ക്ഷീണമാവുമെന്ന തിരിച്ചറിവിലുമായിരുന്നു പാർട്ടി. ഈ തിരിച്ചറിവിലാണ് പാർട്ടി നേതൃത്വം അച്ചടക്ക നടപടിയെടുക്കാതെ അനുനയത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സി പി എം ആലപ്പുഴ ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഈ നീക്കമാണ് ഇപ്പോൾ വിജയിക്കാതെ പോയത്.
ജി സുധാകരൻ കോൺഗ്രസ് വേദികളിൽ സജീവമായതോടെയാണ് സി പി എം നേതൃത്വം വിഷയം ഗൗരവത്തിലെടുക്കാൻ ജില്ല നേതൃത്വത്തോടും ആവശ്യപ്പെട്ടത്. സി പി എം നേതൃത്വത്തിൻ്റെ അനുനയ നീക്കം പാളിയതോടെ ജി സുധാകരൻ്റെ അടുത്ത നീക്കം എന്താകുമെന്നറിയാൻ കാതോർക്കുകയാണ് രാഷ്ട്രീയ കേരളം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Former Minister G Sudhakaran skips CM's event, frustrating CPM's reconciliation efforts.
#GSudhakaran #CPM #PinarayiVijayan #KeralaPolitics #PMShri #Alappuzha






