ജി സുധാകരൻ വിട്ടുപോയാൽ പാർട്ടിക്ക് ക്ഷീണം: അനുനയിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങി
● ആസന്നമായ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് സിപിഎം നീക്കം.
● ജി. സുധാകരൻ കോൺഗ്രസ് വേദികളിൽ സജീവമായതാണ് വിഷയം ഗൗരവത്തിൽ എടുക്കാൻ കാരണം.
● മന്ത്രി സജി ചെറിയാനെതിരായ പ്രസ്താവനകളിൽ നടപടി പ്രതീക്ഷിച്ചിരുന്നു.
● വി.എസിൻ്റെ പേരിലുള്ള അവാർഡ് സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ജി. സുധാകരൻ സ്വീകരിച്ചു.
ആലപ്പുഴ: (KasargodVartha) ഒടുവിൽ പാർട്ടിക്കെതിരെ കടുത്ത നിലപാടെടുത്ത മുൻമന്ത്രി ജി സുധാകരന് തന്നെ വിജയം. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം സംസ്ഥാന നേതൃത്വം രംഗത്ത് വന്നു.
ജി സുധാകരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈവിട്ടുപോകരുത് എന്ന നിലപാടിലാണ് ഇപ്പോൾ സിപിഎം സംസ്ഥാന നേതൃത്വം. അദ്ദേഹത്തെ പിണക്കിയാൽ അത് ആലപ്പുഴയിൽ മാത്രം ഒതുങ്ങില്ലെന്നും, ആസന്നമായ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അത് പാർട്ടിക്ക് ക്ഷീണമാവുമെന്ന തിരിച്ചറിവുമാണ് ഇപ്പോൾ നേതൃത്വത്തിനുള്ളത്.
ഈ പശ്ചാത്തലത്തിൽ, അച്ചടക്ക നടപടിയെടുക്കാതെ അനുനയത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ആലപ്പുഴ ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജി സുധാകരൻ കോൺഗ്രസ് വേദികളിൽ സജീവമായതോടെയാണ് സിപിഎം നേതൃത്വം ഇപ്പോൾ ഈ വിഷയം ഗൗരവത്തിൽ എടുത്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരൻ നടത്തിയ പ്രസ്താവനകളിൽ സിപിഎം നേതൃത്വം അച്ചടക്ക നടപടി എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.
എന്നാൽ, ആലപ്പുഴയിൽ പാർട്ടി ഐക്യം ശക്തിപ്പെടണമെന്ന അഭിപ്രായമാണ് ഇപ്പോൾ സംസ്ഥാന നേതൃത്വത്തിലുള്ളത്. അത് ജി സുധാകരൻ ഇല്ലാതെ സാധ്യമല്ലെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്.
സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടു തുടങ്ങിയെന്നാണ് സൂചന. വി എസിന്റെ പേരിലുള്ള അവാർഡ് സമർപ്പണ ചടങ്ങിൽ പങ്കെടുക്കണമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ ക്ഷണം ജി സുധാകരൻ സ്വീകരിച്ചുവെന്നാണ് ഒടുവിലത്തെ വിവരം. ഈ പരിപാടിയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയും പങ്കെടുക്കുന്നുണ്ട്.
പാർട്ടി-സർക്കാർ പരിപാടികളിൽ തന്നെ ക്ഷണിക്കാത്തതാണ് ജി സുധാകരൻ നേതൃത്വവുമായി ഉടക്കിന് കാരണമായത്. പാർട്ടിയിൽ ഇല്ലാതെ തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണവും പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പോലും ജി സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു.
കോൺഗ്രസ് പരിപാടികളിൽ പങ്കെടുത്ത് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉയർത്തിയിരുന്നു. സജി ചെറിയാനും എ കെ ബാലനും ജി സുധാകരനെതിരെ കടുത്ത നിലപാട് എടുക്കുമ്പോൾ, ആലപ്പുഴ ജില്ലാ ഘടകം നടത്തുന്ന അനുനയ നീക്കം എത്രത്തോളം വിജയകരമാവുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: CPM attempts to placate G. Sudhakaran fearing electoral loss.
#GSudhakaran #CPM #Alappuzha #KeralaPolitics #PoliticalCrisis #CPMKerala






