കാസർകോട്ടെ വിധി നിർണ്ണയിക്കുക കാൽ ലക്ഷം കന്നി വോടർമാർ
Apr 3, 2021, 11:28 IST
കാസർകോട്: (www.kasargodvartha.com 03.04.2021) ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ പുതുതായി ചേർക്കപ്പെട്ടത് കാൽ ലക്ഷം കന്നി വോടർമാർ.
2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ഇപ്പോൾ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും ജില്ലയിൽ മൂന്ന് മുന്നണികൾ തമ്മിലുള്ള അന്തരം കുറഞ്ഞ സാഹചര്യത്തിൽ കന്നിവോടർമാർ ആരോട് കൂറുപുലർത്തുമെന്നത് കാത്തിരുന്നു കാണാം.
ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലാണ് യു ഡി എഫ് മുന്നിട്ടുനിന്നിരുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നപ്പോൾ ഇടതുമുന്നണിയും ബിജെപിയും ജില്ലയിൽ നില മെച്ചപ്പെടുത്തി. ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലും കൂടുതൽ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് സാധിച്ചു. അതിനാൽ തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും കാസർകോട്ടും മഞ്ചേശ്വരത്തും ബിജെപി
വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നുമുണ്ട്. രണ്ടിടത്തും ശക്തരായ സ്ഥാനാർഥികളെ തന്നെ ബിജെപി ഇറക്കിയതും ഈ ആത്മവിശ്വാസം മൂലമാണ്.
10,59,967 വോടർമാരുള്ള ജില്ലയിൽ 26339 പേരാണ് പുതിയ വോടർമാർ. മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡങ്ങളിലാണ് പുതിയ വോടർമാർ ഏറ്റവും കൂടുതൽ.
മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ വിജയത്തെ കന്നി വോടർമാർ കാര്യമായി സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ഈ മണ്ഡലങ്ങളിൽ ഏറ്റവും പുതിയ കണക്കുപ്രകാരം ഭൂരിപക്ഷം വളരെ കുറവാണ്. ജയിക്കുന്നവരെ തോൽപിക്കാനും തോറ്റവരെ ജയിപ്പിക്കാനും പുതിയ വോടർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
അതെസമയം പുതിയ വോടർമാർ തങ്ങൾക്ക് അനുകൂലമായി വോടുചെയ്യുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. മഞ്ചേശ്വരം- 4963, കാസർകോട്- 5725, ഉദുമ- 6115, കാഞ്ഞങ്ങാട്- 5056, തൃക്കരിപ്പൂർ- 4480 എന്നിങ്ങനെയാണ് പുതിയ വോടർമാർ.
Keywords: Kasaragod, Kerala, News, Manjeshwaram, Uduma, Kanhangad, Trikaripur, Niyamasabha-Election-2021, Politics, Top-Headlines, Four lakh first-time voters decide Kasargod fate.