‘സുയിപ്പാക്കി’: നാമനിർദ്ദേശം നൽകിയതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ എസ്എഫ്ഐ നേതാവ്
● 18 വർഷക്കാലം വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.
● എസ്.എഫ്.ഐ. കാറഡുക്ക ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
● മെമ്പർഷിപ്പ് നിഷേധിക്കപ്പെട്ടപ്പോൾ കൃപേഷ് ഹോട്ടൽ ജോലിക്ക് പോയിരുന്നു.
● പിന്നീട് വക്കീലായ ശേഷം പാർട്ടി മെമ്പർഷിപ്പിന് അപേക്ഷിച്ചെങ്കിലും വീണ്ടും നിഷേധിക്കപ്പെട്ടു.
● പബ്ലിക് പ്രോസിക്യൂട്ടർ പോലുള്ള സ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് നീക്കം എന്ന ആരോപണം പാർട്ടി നേതൃത്വം ഉയർത്തി.
കാസർകോട്: (KasargodVartha) വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ നീണ്ട 18 വർഷക്കാലം സജീവമായി പ്രവർത്തിച്ച മുൻ എസ്.എഫ്.ഐ. നേതാവും അഭിഭാഷകനുമായ അഡ്വ. കൃപേഷ് കാടകം, പാർട്ടി മെമ്പർഷിപ്പ് നിഷേധിക്കപ്പെട്ടതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് നിലവിലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തൻ്റെ ദീർഘകാലത്തെ ആത്മാർത്ഥമായ സംഘടനാ പ്രവർത്തനങ്ങളെയും പാർട്ടി വളണ്ടിയർ എന്ന നിലയിലുള്ള സേവനങ്ങളെയും പാർട്ടി നേതൃത്വം അവഗണിച്ചതിലുള്ള വേറിട്ട പ്രതിഷേധമാണിതെന്ന് കൃപേഷ് ഫേസ്ബുക്കിൽ നൽകിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
പാർട്ടിയിലെ ദീർഘകാല പാരമ്പര്യം
2012-ൽ എസ്.എഫ്.ഐ. കാറഡുക്ക ഏരിയ സെക്രട്ടറിയും കാസർകോട് ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു കൃപേഷ്. കാറഡുക്ക സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എസ്.എഫ്.ഐ. പ്രവർത്തനത്തിൽ സജീവമായിരുന്നു. യൂണിറ്റ് സെക്രട്ടറി സ്ഥാനം മുതൽ കാടകം ലോക്കലിൻ്റെ പ്രസിഡൻ്റ്, സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, പിറ്റേ വർഷം സെക്രട്ടറിയേറ്റ് മെമ്പർ, തുടർന്ന് വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി, പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം ജില്ലാ കമ്മിറ്റിയിൽ എത്തുന്നത്. ഒടുവിലാണ് അദ്ദേഹം ഏരിയ സെക്രട്ടറി പദവിയിലെത്തിയത്.

ഈ കാലഘട്ടത്തിൽ ഔദ്യോഗികമായി പാർട്ടി മെമ്പർ അല്ലായിരുന്നെങ്കിലും പാർട്ടി വളണ്ടിയറായാണ് പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ഡി.വൈ.എഫ്.ഐ. കാറഡുക്ക ബ്ലോക്ക് ക്ഷണിതാവ്, കാടകം വില്ലേജ് കമ്മിറ്റി ഉപഭാരവാഹി, യൂണിറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകളും ബാലസംഘം കാറഡുക്ക ഏരിയ പ്രസിഡൻ്റ്, വില്ലേജ് ഭാരവാഹി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന സമയത്ത് സംഘടന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മർദ്ദനങ്ങളും കേസുകളും സമരങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം ഓർക്കുന്നു.
മെമ്പർഷിപ്പ് നിഷേധവും രാജിയിലേക്കുള്ള വഴിയും
പാർട്ടി ഫ്രാക്ഷൻ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് കൃപേഷിൻ്റെ പാർട്ടി മെമ്പർഷിപ്പിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, തനിക്ക് പാർട്ടി മെമ്പർഷിപ്പ് തരാൻ സാധിക്കില്ലെന്ന് തൻ്റെ ബ്രാഞ്ച് (മൂടാംകുളം) അറിയിച്ചതായി അന്നത്തെ ലോക്കൽ സെക്രട്ടറിയും ഇന്നത്തെ സ്ഥാനാർത്ഥിയുമായ ഒരു നേതാവ് അദ്ദേഹത്തെ അറിയിച്ചു. ഇതിന് കാരണം വ്യക്തമാക്കാൻ നേതൃത്വം തയ്യാറായില്ലെന്നും, ബ്രാഞ്ചിലെ പ്രധാനികളോട് ചോദിച്ചപ്പോൾ 'പ്രവർത്തനം പോര' എന്നായിരുന്നു മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. മറ്റു മെമ്പർമാർക്ക് എന്തായിരുന്നു മാനദണ്ഡം എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല.
ഈ വിലയിരുത്തലിനെ തുടർന്ന്, തൻ്റെ പേരിൽ എസ്.എഫ്.ഐ. ഏരിയയ്ക്ക് യാതൊരു കോട്ടവും തട്ടാതിരിക്കാൻ അദ്ദേഹം സെക്രട്ടറി സ്ഥാനം രാജി വെച്ച് സുള്ള്യയിലേക്ക് ഹോട്ടൽ ജോലിക്കായി പോവുകയായിരുന്നു. അക്കാലത്തും ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായി രണ്ട് ടേം പ്രവർത്തിക്കുകയും, യൂണിറ്റ് സെക്രട്ടറിമാർ അവധിയിൽ ആയിരുന്നപ്പോൾ ചാർജ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2008-ൽ ഡി.വൈ.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയിലെത്തിയ അദ്ദേഹം 18 വർഷങ്ങൾക്ക് ശേഷവും ഇന്നും യൂണിറ്റ് കമ്മിറ്റി മെമ്പറാണ്.

പുതിയ നീക്കവും ഇരട്ടത്താപ്പും
സുള്ള്യയിലെ ഹോട്ടൽ ജോലിക്ക് ശേഷം, തന്നെ 'അനുഭാവി ലിസ്റ്റി'ൽ പേരിട്ട് വിളിക്കേണ്ടതില്ലെന്നും, മെമ്പർഷിപ്പ് വേണ്ടെന്നും കൃപേഷ് മൂടാംകുളം ബ്രാഞ്ചിനെ അറിയിച്ചു. തന്നെ ഒഴിവാക്കിയതിന് കാരണം പറയാത്തവരുടെ കൂടെ പ്രവർത്തിക്കാൻ പ്രയാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടൽ ജീവനക്കാരനായും കെ.എസ്.ആർ.ടി.സി. ബസ് കഴുകുന്ന തൊഴിലാളിയായും അദ്ദേഹം സുള്ള്യയിൽ തുടർന്നു.
വർഷങ്ങൾക്ക് ശേഷം എൽ.എൽ.ബി. പഠനം പൂർത്തിയാക്കി വക്കീലായി എൻറോൾ ചെയ്ത കൃപേഷിൻ്റെ വാർത്ത ശ്രദ്ധേയമായതോടെയാണ് വീണ്ടും മെമ്പർഷിപ്പ് വിഷയം സജീവമായത്. മറ്റൊരു നേതാവ് അദ്ദേഹത്തെ വിളിച്ച്, താൻ അഭിഭാഷകനായ സാഹചര്യത്തിൽ പാർട്ടിയുടെ മുഖമാകണമെന്നും, പുറത്ത് നിന്ന് ശബ്ദമുയർത്തുന്നതിന് പകരം അകത്ത് നിന്ന് 'പവർ ഉള്ള' ശബ്ദമാകണമെന്നും പറഞ്ഞ് മെമ്പർഷിപ്പിലേക്ക് ക്ഷണിച്ചു.
കൃപേഷ് കാടകം ലോക്കലിലെ നെല്ലിയടുക്ക ബ്രാഞ്ചിൽ നിന്ന് മെമ്പർഷിപ്പ് എടുക്കാൻ സമ്മതിച്ചെങ്കിലും, കുറച്ച് ദിവസത്തിന് ശേഷം അന്നത്തെ മുള്ളേരിയ ലോക്കൽ സെക്രട്ടറിയും ഇന്നത്തെ സ്ഥാനാർത്ഥിയുമായ നേതാവ് ഇടപെട്ട്, മുള്ളേരിയ ലോക്കലിലെ മറ്റൊരു ബ്രാഞ്ചിലേക്ക് വരാൻ ആവശ്യപ്പെട്ടു.

'സുയിപ്പിന് മേലെ സുയിപ്പ്': കത്തും പ്രതിരോധവും
ലോക്കൽ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച് കൃപേഷ് മുള്ളേരിയ ലോക്കലിലെ മുള്ളേരിയ ബ്രാഞ്ചിലൂടെ മെമ്പർഷിപ്പിന് അപേക്ഷിക്കാൻ തീരുമാനിക്കുകയും 2022-ന്റെ തുടക്കത്തിൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ബ്രാഞ്ച് സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. 2023 അവസാനിച്ചിട്ടും മെമ്പർഷിപ്പ് ലഭിക്കാതെ വന്നപ്പോൾ അന്വേഷിച്ചപ്പോൾ 'അത് നിനക്ക് തരണ്ടെന്ന് പറഞ്ഞിന്' എന്ന മറുപടിയാണ് ലഭിച്ചത്. ലോക്കൽ സെക്രട്ടറിയെ വിളിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞ് മാറുകയും തിരിച്ച് വിളിക്കാതെയിരിക്കുകയും ചെയ്തു.
കൃപേഷ് ഈ വിഷയം ഏരിയ കമ്മിറ്റിയെ കത്തിലൂടെ അറിയിച്ചു. കത്തിന് യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോൾ, പാർട്ടി കോൺഗ്രസ്സ് സമ്മേളനത്തിൻ്റെ ഭാഗമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഫോട്ടോയ്ക്ക് താഴെ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനെ പ്രതിരോധിക്കാൻ പാർട്ടി നേതൃത്വത്തിൽ നിന്ന് വന്ന വിശദീകരണം അദ്ദേഹത്തെ ഞെട്ടിച്ചു. ‘കൃപേഷിന് മെമ്പർഷിപ്പ് നൽകാത്തതല്ല, അവൻ വേണ്ട എന്ന് പറഞ്ഞതാണ്. അവൻ ഇപ്പോൾ മെമ്പർഷിപ്പ് ആവശ്യവുമായി വരുന്നത് അവന് പാർട്ടിയെക്കൊണ്ട് ആവശ്യമുള്ളതുകൊണ്ടാണ്. വക്കീലൊക്കെ ആയതല്ലേ, പബ്ലിക് പ്രോസിക്യൂട്ടറും, ബാങ്കിന്റെ പാനലും, കമ്മീഷനിലുമൊക്കെ കണ്ണ് വെച്ചുള്ള കളിയാണ് അവന്റേത്, പാർട്ടിക്ക് അതൊക്കെ നന്നായി അറിയാം.’ എന്നായിരുന്നു പ്രചാരണം.

നാമനിർദ്ദേശ പത്രികയിലൂടെ മറുപടി
ഈ ആരോപണങ്ങൾ കൂനിൽമേൽ കുരു പോലെയായെന്നും, തന്നെ വല്ലാതെ 'സുയിപ്പാക്കി' എന്നും കൃപേഷ് പറയുന്നു. ഈ തെറ്റിദ്ധാരണകൾ മാറ്റുന്നതിനായി, പബ്ലിക് പ്രോസിക്യൂട്ടറോ മറ്റെന്തെങ്കിലുമോ ആവാനല്ല താൻ സംഘടന പ്രവർത്തനത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമാക്കി മറ്റൊരു വിശാലമായ കത്ത് കൂടി അദ്ദേഹം ഏരിയ കമ്മിറ്റിക്ക് നൽകി. ആ കത്തിനും പ്രതികരണം ഇല്ലാതായപ്പോൾ അദ്ദേഹം അത് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇതിനെ തുടർന്ന് ഏരിയ കമ്മിറ്റി അംഗം അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്ന് നീക്കുകയും കത്ത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘ഈ സ്ഥാനാർത്ഥിത്വത്തിലൂടെ, നാമനിർദ്ദേശം നൽകലിലൂടെ ആ കറയൊന്ന് കഴുകണം, പബ്ലിക് പ്രോസിക്യൂട്ടർ എന്ന കറ, ബാങ്കിന്റെ പാനൽ എന്ന കറ, കമ്മീഷൻ എന്ന കറ.’ താൻ ഒരു പ്രതിഫലവും ആഗ്രഹിച്ചല്ല സംഘടന പ്രവർത്തനം നടത്തിയത്. ഇത് തൻ്റെ പ്രതിഷേധമാണ്, താൻ ഇതേ പാർട്ടിയാണ്, ‘ഞാൻ പാർട്ടിക്കേ കീഴ്പ്പെടു പാർട്ടിക്ക് മാത്രം’ എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. തനിക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിക്കാമെങ്കിലും പ്രതിഷേധം രേഖപ്പെടുത്താതെ മുന്നോട്ട് പോകാനാവില്ലെന്നും അഡ്വ. കൃപേഷ് കാടകം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.
കൃപേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
നോമിനേഷൻ നൽകി പ്രതിഷേധം രേഖപ്പെടുത്തുന്നു.
2012 ൽ ഞാൻ എസ് എഫ് ഐ കാറഡുക്ക ഏരിയ സെക്രട്ടറിയും കാസർഗോഡ് ജില്ല കമ്മിറ്റി അംഗവുമായിരുന്നു. കാറഡുക്ക സ്കൂളിൽ പഠിക്കുമ്പോ തുടങ്ങിയ എസ് എഫ് ഐ സംഘടനാ പ്രവർത്തനം യൂണിറ്റ് സെക്രട്ടറി ആയി കാടകം ലോക്കലിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി. ഏരിയ കമ്മിറ്റിയിലെത്തി പിറ്റേ വർഷം സെക്രട്ടറിയേറ്റ് മെമ്പറായി. പിന്നീടങ്ങോട്ടുള്ള സമ്മേളനങ്ങളിൽ വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി പ്രസിഡന്റ് ഒക്കെ ആയി ജില്ല കമ്മിറ്റിയിൽ എത്തി ഒടുവിലാണ് ഏരിയയുടെ സെക്രട്ടറി ആവുന്നത്.

അപ്പോഴൊന്നും ഞാൻ പാർട്ടി മെമ്പർ അല്ല, പക്ഷേ പാർട്ടി വളണ്ടിയർ ആയിരുന്നു.
ഡി വൈ എഫ് ഐ കാറഡുക്ക ബ്ലോക്ക് ക്ഷണിതാവും കാടകം വില്ലേജ് കമ്മിറ്റിയുടെ ഉപ ഭാരവാഹിയും യൂണിറ്റ് സെക്രട്ടറിയുമൊക്കെ ആയിരുന്നു.
പാർട്ടി മെമ്പർ അല്ല, പക്ഷേ പാർട്ടി വളണ്ടിയർ ആയിരുന്നു.
ബാലസംഘം കാറഡുക്ക ഏരിയയുടെ പ്രസിഡണ്ടും വില്ലേജിന്റെ ഭാരവാഹിയും യൂണിറ്റ് സെക്രട്ടറിയുമൊക്കെ ആയിരുന്നു. പാർട്ടി മെമ്പർ അല്ല, പക്ഷേ പാർട്ടി വളണ്ടിയർ ആയിരുന്നു.
ഗവണ്മെന്റ് കോളേജിൽ പഠിക്കുമ്പോൾ സംഘടന പ്രവർത്തനത്തിന്റെ ഭാഗമായി ഒരുപാട് മർദ്ദനങ്ങൾ അതിന്റെ ഭാഗമായി കേസുകൾ സമര സംഘടന പ്രവർത്തനത്തിന്റെ ഭാഗമായും കേസുകൾ. പക്ഷേ
പാർട്ടി മെമ്പർ അല്ല, എന്നാൽ പാർട്ടി വളണ്ടിയർ ആയിരുന്നു.
ഇനിയാണ് കഥ ആരംഭിക്കുന്നത്. പാർട്ടി ഫ്രാക്ഷൻ വിളിക്കുമ്പോൾ അതിൽ പങ്കെടുക്കാൻ പറ്റാത്തത് കൊണ്ടാണ് എന്റെ പാർട്ടി മെമ്പർഷിപ്പിനെ കുറിച്ച് ചർച്ച ആവുന്നത്. എനിക്ക് പാർട്ടി മെമ്പർഷിപ്പ് തരാൻ പറ്റില്ല എന്ന് എന്റെ ബ്രാഞ്ച് (മൂടാംകുളം) അറിയിച്ച വിഷയം അന്നത്തെ പാർട്ടി ലോക്കൽ സെക്രട്ടറിയും ഇന്നത്തെ പാർട്ടി സ്ഥാനാർഥിയുമായ വിജയേട്ടൻ എന്നോട് പറയുന്നു. എന്താണ് കാരണം എന്നത് പറയുന്നുമില്ല. ബ്രാഞ്ചിലെ പ്രധാനികളോട് ചോദിച്ചപ്പോൾ നിന്റെ പ്രവർത്തനം പോര എന്നാണ് പറഞ്ഞത് ബാക്കി പാർട്ടി മെമ്പർമാർക്ക് എന്തായിരുന്നു മെമ്പർഷിപ്പിലേക്കുള്ള മാനദണ്ഡം എന്ന് ചോദിച്ചപ്പോൾ അതിന് മറുപടി ഇല്ല.

അത് അവിടെ കഴിഞ്ഞു. എസ് എഫ് ഐ ഏരിയ സെക്രട്ടറിയാണ് എന്റെ പ്രവർത്തനം പോര എന്ന വിലയിരുത്തൽ ഉള്ളത് കൊണ്ട് ഏരിയയിലെ എസ് എഫ് ഐക്ക് യാതൊരു കോട്ടവും തട്ടാതിരിക്കാൻ ഞാൻ സെക്രട്ടറി സ്ഥാനം രാജി വെച്ച് സുള്ള്യയിലേക്ക് ഹോട്ടൽ പണിക്കായി പോയി. അതിന് ശേഷം മുമ്പ് ഉണ്ടായിരുന്നത് പോലെയുള്ള സക്രിയമായ സംഘടന പ്രവർത്തനമില്ല എന്നാലും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായി പിന്നെയും രണ്ട് ടേം പ്രവർത്തിക്കുകയും സമ്മേളനം തെരഞ്ഞെടുത്ത യൂണിറ്റ് സെക്രട്ടറിമാർ ചെല ആവശ്യാർത്ഥം നാട്ടിൽ ഇല്ലാതിരിക്കുമ്പോൾ സെക്രട്ടറി ചാർജ് ഏറ്റടുക്കുകയും ചെയ്തിരുന്നു. 2008-ൽ ഡി വൈ എഫ് ഐ യൂണിറ്റ് കമ്മിറ്റിയിൽ എത്തിയ ഞാൻ ഇന്നും യൂണിറ്റ് കമ്മിറ്റി മെമ്പറാണ് നീണ്ട 18 വർഷങ്ങൾ......
സുള്ള്യയിൽ എത്തിയ ശേഷം എന്നെ അനുഭാവി ലിസ്റ്റിൽ പേരിട്ട് വിളിക്കുന്നു. കുറഞ്ഞ സമയത്ത് തന്നെ സുള്ള്യയിലെ ഹോട്ടലിൽ ചായ അടിച്ച് ഞാൻ മികച്ച ചായക്കാരനായി മാറി കൊണ്ടിരിക്കുന്ന എനിക്ക് ഇനി എന്തിനാണ് സഖാവേ.? അത് മാത്രവുമല്ല മൂടാംകുളം ബ്രാഞ്ചിൽ നിന്ന് ഇനി എനിക്ക് മെമ്പർഷിപ്പ് വേണ്ട എന്നതും കൂടി ഞാൻ കൂട്ടിച്ചേർത്തു. എന്തിന് ഒഴിവാക്കി എന്നതിന് കാരണം പറയാത്തവരുടെ കൂടെ പ്രവർത്തിക്കാൻ എനിക്ക് പ്രയാസമുണ്ട്. ഞാൻ ചായക്കാരനും ജ്യൂസ് മേക്കറും പൊറോട്ടക്കാരനും സപ്ലയറുമൊക്കെയായി സുള്ള്യയിൽ അങ്ങനെ വിരാജിക്കുകയും രാത്രികാലങ്ങൾ കാസർഗോഡ് കെ എസ് ആർ ട്ടി സി ഡിപ്പോയിൽ ബസ്സുകൾ കഴുകി ജീവിതം ആഘോഷിച്ച് തകർക്കുകയും ചെയ്തു.
കാലം കടന്ന് പോയി എൽ എൽ ബി ക്ക് ചേരുന്നു. ഹോട്ടലിന് അടുത്തായിരുന്നു കോളേജ്. കല്യാണം കഴിയുന്നു, കൊറോണ വരുന്നു, ചിങ്കു ജനിക്കുന്നു ഞാൻ വക്കീലായി എൻറോൾ ചെയ്യുന്നു എന്റെ എൻറോൾമെന്റ് വാർത്തയാവുന്നു. ശ്രീകണ്ഠൻ നായരുടെ ഒരു കോടിയിലൊക്കെ പങ്കെടുക്കുന്നു ആകെ മൊത്തം ജഗപൊക.
അതിന്റെ അലയൊലി കെട്ടടങ്ങുന്നതിന് മുമ്പാണ് ശങ്കരേട്ടൻ എന്നോട് പാർട്ടി മെമ്പർഷിപ്പിന്റെ കാര്യം പറയുന്നത്.
"നീ ആരോടാണ് ചൊടിച്ച് നിക്കുന്നതെന്നും, നീ ഇപ്പോ വക്കീലെല്ലം ആയതല്ലേ പാർട്ടിയുടെ മുഖം ആവണ്ടതല്ലേ നീ മെമ്പർഷിപ്പിലേക്ക് വരണം പാർട്ടിക്ക് പുറത്ത് നിന്നല്ല അകത്ത് നിന്ന് ശബ്ദമാവണം അതിനെ പവർ ഉള്ളൂ"
"ആരി എനിക്ക് മെമ്പർഷിപ്പ് തരും? മൂടാംകുളം ബ്രാഞ്ചിന്ന് എന്ക്ക് വേണ്ട. എന്ന ഒഴിവാക്കിയവരുടെ കൂടെ ഞാൻ ഇല്ല.
ലോക്കൽ കമ്മിറ്റി തെര്വോ?"
മൂടാംകുളത്ത് വേണ്ടെങ്കിൽ വേണ്ട നിൻക്ക് കാടകം ലോക്കലിലെ ഏത് ബ്രാഞ്ചിൽന്ന് വേണോങ്കിലും മെമ്പർഷിപ്പിലേക്ക് വരാം അതിന് വേണ്ട ഏർപ്പാട് ഏരിയ കമ്മിറ്റി അംഗം എന്ന നിലയിൽ ഞാൻ നടത്തി തരും. നിൻക്ക് എന്റെ ബ്രാഞ്ച് കോളിയടുക്കത്ത് വേണോ അതോ കാടകത്ത് വേണോ നിന്റെ ഓളെ നാട്ടില് വേണോ, കൊട്ടംകുഴിയില്?
അങ്ങനെയാണ് ഞാൻ മെമ്പർഷിപ്പിലേക്ക് വരാൻ തീരുമാനിക്കുന്നതും കാടകം ലോക്കലിലെ നെല്ലിയടുക്ക ബ്രാഞ്ചിൽ നിന്ന് മെമ്പർഷിപ്പിലേക്ക് വരാമെന്ന് ശങ്കരേട്ടനോട് സമ്മതിച്ചതും ഇതൊക്കെ നടക്കുന്നത് 2022 ലാണ്.
അത് കഴിഞ്ഞാണ് ട്വിസ്റ്റ്. മേൽ സംഭവത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അന്നത്തെ മുള്ളേരിയ ലോക്കൽ സെക്രട്ടറിയും ഇന്നത്തെ സ്ഥാനാർഥിയുമായ വിജയേട്ടൻ എന്നെ വിളിക്കുന്നു.
"നീ കാടകം ലോക്കലിൽ പോണ്ട നീ മുള്ളേരിയ ലോക്കലിൽ ബെർണം, നിന്ന ഈട ആവശ്യോണ്ട്. ഇത് പുതിയ ലോക്കൽ ആയതല്ലേ നമ്മക്ക് കൊർച്ച് ഇടപെടാനുണ്ട് നീ ആട പോണ്ട ഈട വേണം.
നിൻക്ക് മൂടാംകുളത്ത്ന്ന് മാത്രോല്ലേ മെബർഷിപ്പ് വേണ്ടാത്തത്, നീ മറ്റേത് ബ്രാഞ്ച്ന്ന് വേണോങ്കിലും വന്നോ, അടുക്കത്ത്ന്നോ, അടുക്കത്തോട്ടീന്നോ, ബാളക്കണ്ടത്ത്ന്നോ, മുള്ളർത്ത്ന്നോ...... എന്തായാലും നീ കാടകത്ത് പോണ്ട നിന്ന ഈട വേണം."
വിജയേട്ടന്റെ വർത്താനം കേട്ട ഞാൻ ശെരിക്കും ഫ്ലാറ്റായി എന്നാലും ശങ്കരേട്ടനോട് ചോയ്ച്ച് പറയാം എന്നതായിരുന്നു എന്റെ മറുപടി.
"നീ നോക്കി ചെയ്‌തോ, ഏട്ന്നായാലും മെമ്പർഷിപ്പിലേക്ക് വന്നാൽ മതിയല്ലോ. എന്നതായിരുന്നു ശങ്കരേട്ടന്റെ മറുപടി.
അങ്ങനെ കാടകം ലോക്കലിലെ നെല്ലിയടുക്ക ബ്രാഞ്ചിൽ നിന്ന് മെമ്പർഷിപ്പിലേക്ക് വരാനുള്ള എന്റെ തീരുമാനത്തെ ഭേദഗതി ചെയ്ത് അത് മുള്ളേരിയ ലോക്കലിലെ മുള്ളേരിയ ബ്രാഞ്ചിലൂടെ മെമ്പർഷിപ്പിലേക്ക് എന്ന പുതിയ തീരുമാനത്തിലെത്തുന്നു.
അന്ന് മുള്ളേരിയ ബ്രാഞ്ച് സെക്രട്ടറി അടുക്കത്തോട്ടിയിലെ സതീഷേട്ടനാണ് ലോക്കൽ സെക്രട്ടറി വിജയേട്ടന്റെ നിർദേശപ്രകാരം ബ്രാഞ്ച് സെക്രട്ടറി സതീഷേട്ടന് ഞാൻ എന്റെ ആധാർ കാർഡ് അയച്ച് കൊടുത്തു ഇത് 2022-ന്റെ തുടക്കത്തിലാണ്.
2022 കഴിഞ്ഞു
2023 ഫുള്ള് കഴിഞ്ഞു
2024 ന്റെ തുടക്കത്തിലാണ് ഞാൻ സതീഷേട്ടനെ വിളിച്ച് എന്റെ മെമ്പർഷിപ്പിന്റെ കാര്യം എന്തായി എന്നും എന്നെ ഇതുവരെ അനുഭാവികളുടെ യോഗത്തിനൊന്നും വിളിച്ചില്ലല്ലോ എന്നും ചോദിച്ചത്.
"അത് നിൻക്ക് തെർണ്ട എന്ന് പറഞ്ഞിന്" എന്നതായിരുന്നു സതീഷേട്ടന്റെ മറുപടി.
ഞാൻ ഉടനെ വിജയേട്ടനെ വിളിക്കുന്നു സംഭവം ചോദിക്കുന്നു. വിജയേട്ടൻ ഞാനൊന്നുമറിയില്ലേ രാമനാരായണ എന്ന മട്ടിൽ ഉരുണ്ട് കളിക്കുന്നു നിന്നെ ഞാൻ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത വിജയേട്ടൻ ഇതുവരെ എന്നെ തിരിച്ച് വിളിച്ചിട്ടില്ല.
അപ്പൊത്തന്നെ ശങ്കരേട്ടനെ വിളിച്ച് സംഭവം പറഞ്ഞു. "ഞാൻ പറഞ്ഞത് നീ കേട്ടിറ്റല്ലോ നീ വിജയന്റെ വാക്കും കേട്ട് ഓന്റെ ബേക്കിലെ പോയിലെ, വിജയൻ നിന്നോട് ഏറ്റിനോങ്കില് വിജയൻ നടത്തിത്തരണം." ശങ്കരേട്ടൻ നിലപാട് വ്യക്തമാക്കി.
ബേജാറായി നല്ലോണം ബേജാറായി മെമ്പർഷിപ്പ് തെരാത്തതിലൊന്നുമല്ല, സുയിപ്പാക്കിയതോണ്ട്. വെള്ളം കുടിച്ച് വയറു നെറച്ച് കെടന്ന് ഉറങ്ങിയ എന്നെ വിളിച്ച് എണീപ്പിച്ച് നിലത്ത് ഇരുന്ന എന്നെ മേശക്ക് മുമ്പിലെ കസേരയിൽ ഇരുത്തി ഇല ഇട്ട് പറഞ്ഞത് ചോറില്ല എന്ന്.
എന്നെ സുയിപ്പ് ആക്കിയ വിഷയം പറഞ്ഞുകൊണ്ട് ഞാൻ ഏരിയ കമ്മിറ്റിക്ക് കത്ത് കൊടുത്തു. മൈൻഡ് ആക്കിയില്ല. മെയിൽ അയച്ച് ഓഫീസ് സെക്രട്ടറി അനുരാഗിനോട് ഡെലിവറി ചെക്ക് ചെയ്യാൻ വിളിച്ച് പറഞ്ഞു. മെയിൽ കിട്ടിയത് മാധവട്ടനോട് പറയാനും പറഞ്ഞു. നോ റെസ്പോണ്ട്. ഞാൻ മാധവട്ടനെ വിളിച്ച് പറഞ്ഞു "നിന്റെ കത്ത് കിട്ടീന് ഞാൻ വായിച്ചു, ആ നമ്മക്ക് നോക്കാം ഞാൻ വിളിക്കാം"
മാധവേട്ടന്റെ വിളിയും കാത്ത് പ്രതീക്ഷയോടെ ഞാൻ കൊറേ കാത്ത് നിന്നു. ഒന്നും സംഭവിക്കുന്നില്ല മാധവേട്ടനെ നേരിട്ട് കണ്ടു. കത്തിന്റെ കാര്യം പറഞ്ഞപ്പോൾ അത് വിജയനെ ഏർപ്പാടാക്കിനല്ലോ എന്നായിരുന്നു മറുപടി.
ഏത് വിജയൻ ഇന്നത്തെ സ്ഥാനാർഥി അന്നത്തെ ലോക്കൽ സെക്രട്ടറി. അതേ വിജയേട്ടനെതിരെയല്ലേ ഞാൻ കത്ത് കൊടുത്തത് ഇരക്ക് നീതി ലഭിക്കാൻ വേട്ടക്കാരനെക്കൊണ്ട് വിധി പറയിപ്പിച്ചാൽ എന്തായിരിക്കും എന്നത് സ്വാഭാവികമായി ചിന്തിക്കാവുന്നതേ ഉള്ളൂ.
യഥാർത്ഥത്തിൽ കൂനിൽമേൽ കുരു എന്നത് പോലെ സുയിപ്പിന് മേലെ സുയിപ്പ് ആയിപ്പോയി ഞാൻ. ആരോട് പറയാൻ ആര് കേക്കാൻ ഞാൻ മൂഞ്ചി.
അതിന് ശേഷം 24-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സമ്മേളനങ്ങൾ ആരംഭിച്ച് തുടങ്ങി.
മുള്ളേരിയ ബ്രാഞ്ച് സമ്മേളനം കോട്ടൂരിലെ ബാലകൃഷ്ണേട്ടൻ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ വിജയേട്ടൻ "ഇടത് പക്ഷം ഹൃദയം പക്ഷം" വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടു.
അതിന് താഴെ ഞാൻ ഒരു കമന്റ് ഇട്ടു
"മെമ്പർഷിപ്പ് തന്നിരുന്നെങ്കിൽ ഞാനും കൂടി പങ്കെടുക്കേണ്ടിയിരുന്ന സമ്മേളനമായിരുന്നു പക്ഷേ നിങ്ങൾ മൂഞ്ചിക്കുകയാണ് ചെയ്തത്"
മൂഞ്ചിക്കുക എന്ന വാക്ക് കണ്ടത് കൊണ്ടായിരിക്കും ഗ്രൂപ്പിലുള്ള ആളുകൾ ചറ പറ മെസേജ് അയക്കാൻ തുടങ്ങി ആ സമയത്ത് ഞാൻ കോടതിയിൽ ആയിരുന്നു റിപ്ലെ കിട്ടാത്തത് കൊണ്ട് കോളുകളും വന്നു തുടങ്ങി. ഫോൺ എടുക്കാനും റീപ്ലെ പ്രയാസമുള്ളത് കൊണ്ട് പാർട്ടിക്ക് കൊടുത്ത കത്തിന്റെ pdf ഞാൻ "ഇടത് പക്ഷം ഹൃദയം പക്ഷം" വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടു.
ഗ്രൂപ്പിലെ ആളുകൾക്ക് സംഭവം പിടികിട്ടി മാത്രമല്ല എനിക്ക് പാർട്ടി മെമ്പർഷിപ്പില്ല എന്ന വിവരം കൂടി എല്ലാവർക്കും അന്ന് അറിയുകയും ചെയ്തു.
സമ്മേളന കാലമാണല്ലോ പിന്നീട് നടന്ന സമ്മേളനങ്ങളിൽ എന്റെ കത്തും മെമ്പർഷിപ്പുമൊക്കെ ചർച്ചയായി.
അതിനെ പ്രതിരോധിച്ചതാണ് ഏറ്റവും മനോഹരമായത്
"കൃപേഷിന് മെമ്പർഷിപ്പ് നൽകാത്തതല്ല അവൻ വേണ്ട എന്ന് പറഞ്ഞതാണ്. അവൻ ഇപ്പോ മെമ്പർഷിപ്പ് ആവശ്യവുമായി വരുന്നത് അവന് പാർട്ടിയെക്കൊണ്ട് ആവശ്യമുള്ളത് കൊണ്ടാണ്. വക്കീലൊക്കെ ആയതല്ലേ പബ്ലിക് പ്രോസിക്യൂട്ടറും, ബാങ്കിന്റെ പാനലും, കമ്മീഷനിലുമൊക്കെ കണ്ണ് വെച്ചുള്ള കളിയാണ് ഓന്റത്, പാർട്ടിക്ക് അതൊക്കെ നന്നായി അറിയാം"
ഇപ്പോ എങ്ങനെ ഇരിക്ക്ന്ന്. ഞാൻ ആരായി. ഷഡ്ഢിയിൽ തൂറിയ അവസ്ഥയിലായി ഞാൻ.
ഇതൊന്നും ശെരിയല്ല എന്നും ഞാൻ എന്റെ കത്തിൽ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് എന്നും എനിക്ക് പബ്ലിക് പ്രോസിക്യൂട്ടറോ മറ്റെന്തെങ്കിലുമോ ആവാനല്ല ഞാൻ സംഘടന പ്രവർത്തനത്തിൽ ഏർപ്പെട്ടതെന്നുമൊക്കെ പറഞ്ഞു കൊണ്ട് ഒരു വിശാലമായ കത്ത് കൂടി ഞാൻ ഏരിയ കമ്മിറ്റിക്ക് കൊടുക്കുകയും ഒരു മൈൻഡും ചെയ്യാത്തത് കൊണ്ട് ആ കത്ത് ഞാൻ മേൽ പറഞ്ഞ വാട്സ്ആപ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു കാരണം എന്നെ തെറ്റിദ്ധരിച്ച ആളുകളുടെ തെറ്റിദ്ധാരണ മറ്റേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
അങ്ങനെ വീണ്ടും വാട്സാപ്പിൽ കത്ത് പോസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് ഏരിയ കമ്മിറ്റി ഒന്ന് അനങ്ങിയത് മാധവേട്ടൻ എന്നെ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തു കത്ത് വിജയേട്ടൻ ഡിലീറ്റും ചെയ്തു.
അതിന് ശേഷമാണ് ഞാൻ നോവൽ എഴുതിത്തുടങ്ങിയതും ചില ഭാഗങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും.
ഈ സ്ഥാനാർഥിത്വത്തോടെ, നോമിനേഷൻ നൽകലിലൂടെ ആ കറയൊന്ന് കഴുകണം, പബ്ലിക് പ്രോസിക്യൂട്ടർ എന്ന കറ, ബാങ്കിന്റെ പാനൽ എന്ന കറ, കമ്മീഷൻ എന്ന കറ. ഞാൻ ഒരു മൈ₹m ആഗ്രഹിച്ചല്ല സംഘടന പ്രവർത്തനം നടത്തിയത്.
ഇത് എന്റെ ഒരു പ്രതിഷേധമാണ് ഒരു വേറിട്ട പ്രതിഷേധം. ഞാൻ ഇതേ പാർട്ടിയാണ്
ഞാൻ പാർട്ടിക്കേ കീഴ്പ്പെടു പാർട്ടിക്ക് മാത്രം. നിങ്ങൾക്ക് പുതിയ ആരോപണങ്ങൾ ഉന്നയിക്കാം ക്രൂശിക്കാം എന്നാലും പ്രതിഷേധം രേഖപ്പെടുത്താതെ മുന്നോട്ട് പോകാനാവില്ല.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക. ഷെയർ ചെയ്യുക.
Article Summary: Former SFI leader Adv. Kripesh Kadakam files election nomination as a form of protest after being denied party membership multiple times.
#AdvKripeshKadakam #SFI #PoliticalProtest #ElectionNews #KeralaPolitics #Kasaragod






