Allegation | കുമ്പള പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്: വിജിലന്‍സ് അന്വേഷണം വേണമെന്ന് എസ് ഡി പി ഐ
കുമ്പള പഞ്ചായത്തിൽ 12 ലക്ഷം രൂപയുടെ അഴിമതി ആരോപണം, എസ്ഡിപിഐ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു.
കുമ്പള: (KasaragodVartha) ഗ്രാമ പഞ്ചായത്തിൽ 12 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം ഉയർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ ആവശ്യപ്പെട്ടു.
ഒരു അക്കൗണ്ടന്റിന് ഇത്രയും വലിയ തുക സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അറിവില്ലാതെ വകമാറ്റാൻ സാധിച്ചത് ദുരൂഹതയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുന്നവർക്ക് സാമ്പത്തിക ക്രമക്കേട് അറിയാൻ സാധിച്ചില്ല എന്നത് വലിയ വീഴ്ചയാണെന്നും നാസർ ബംബ്രാണ കൂട്ടിച്ചേർത്തു. അക്കൗണ്ടന്റിനെ കൂടാതെ കൂടുതൽ ആളുകൾ ഇതിന്റെ ഭാഗമാണോ എന്നും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണ് എസ് ഡി പി ഐ യോഗത്തിലെ തീരുമാനം. യോഗത്തിൽ പാർട്ടി സെക്രട്ടറി മുസമ്മിൽ ബദ്രിയ നഗർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ മൻസൂർ കുമ്പള, മൊയ്‌ദു കൊടിയമ്മ, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി, ട്രഷർ നൗഷാദ് കുമ്പള എന്നിവർ സംബന്ധിച്ചു. ജോയിൻ സെക്രട്ടറി അഷ്‌റഫ് സിഎം നന്ദി പറഞ്ഞു.