കാസര്‍കോട്ട് എയിംസിനായുള്ള പോരാട്ടം തുടരുന്നു; ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് ഉമ്മന്‍ചാണ്ടി
കാസര്‍കോട്: (www.kasargodvartha.com 18.02.2021) എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ത്തിയുള്ള പോരാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ജനകീയ കൂട്ടായ്മ അംഗങ്ങള്‍ എയിംസിന്റെ ആവശ്യകത അവതരിപ്പിച്ചു. ജില്ലയിലെ ആരോഗ്യ മേഖലയുടെ പരിതാപകമായ അവസ്ഥകളും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും എന്‍ഡോസള്‍ഫാന്‍ പീഡിതരടക്കം ഗവേഷണ വിഷയങ്ങള്‍ ഏറെയുള്ളത് കൊണ്ട് എയിംസ് വരേണ്ടതിന്റെ ആവശ്യകതയും ഉമ്മന്‍ചാണ്ടിയെ അംഗങ്ങള്‍ ബോധ്യപ്പെടുത്തി നിവേദനം സമര്‍പിച്ചു.
ജില്ലയിലെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനും എയിംസ് സ്ഥാപിച്ചു കിട്ടുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി.
എയിംസ് ജനകീയ കൂട്ടായ്മ അംഗങ്ങളായ അഡ്വ. നിസാം ഫലാഹ്, സുലേഖ മാഹിന്‍, ഫരീന കോട്ടപ്പുറം, സിസ്റ്റര്‍ ജയ മംഗലത്, താജുദ്ദീന്‍ പടിഞ്ഞാര്‍, റാം കെ വി കെ, സിജോ അമ്പാട്ട്, ബാബു കെ കെ, കുഞ്ഞിക്കണ്ണന്‍ കോട്ടപ്പാറ, ബാബു അഞ്ചാം വയല്‍, അബ്ദുല്‍ ഖയൂം, മുകുന്ദന്‍, മറിയം, ഉമ്മുഹലീമ, ഖമറുന്നിസ, സൈഫുന്നിസ സംബന്ധിച്ചു.