ഫാഷൻ ഗോൾഡ്: പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങുമ്പോൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് അതിനെ തടയിടയാൻ ശ്രമിക്കുന്നു: എം സി ഖമറുദ്ദീൻ
Oct 3, 2020, 22:55 IST
ഉപ്പള: (www.kasargodvartha.com 03.10.2020) ഫാഷൻ ഗോൾഡ് പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങുമ്പോൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് അതിനെ തടയിടാനുള്ള നീക്കം കരുതിയിരിക്കണമെന്ന് എം സി ഖമറുദ്ദീൻ എം എൽ എ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ടവരുമായി വിശദമായ ചർച്ച നടത്തിവരുകയും ഓരോ പ്രശ്നങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയുമാണ്. എന്നാൽ ഈ പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കാൻ പാടില്ല എന്നാഗ്രഹിക്കുന്നവരും തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുന്നവരും ആണ് ഇത്തരം കള്ള പ്രചരണങ്ങൾക്ക് പിന്നിലെന്ന് ഖമറുദ്ദീൻ കുറ്റപ്പെടുത്തി.
മധ്യസ്ഥൻ മാഹിൻഹാജി പിന്മാറിയെന്നും പ്രശ്നപരിഹാരം ഒരിക്കലും നടക്കുകയില്ലെന്നും വ്യാപകമായ പ്രചാരണമാണ് ചിലർ മാധ്യമങ്ങളിലൂടെയും മറ്റും നടത്തിവരുന്നത്. ഫാഷൻ ഗോൾഡ് ജ്വല്ലറി നടത്തിയത് കമ്പനി ആയിട്ടാണ്. ഇതിന്റെ ചെയർമാൻ എന്ന നിലയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, എം ഡി എന്നിവരുമായും കൂടാതെ ആക്ഷൻ കൗൺസിൽ ഉൾപ്പെട്ടവരുമായും ചർച്ചചെയ്തു എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന് നീങ്ങുമ്പോഴാണ് ചിലർ ഇത്തരം കുപ്രചരണങ്ങൾ അഴിച്ചുവിടുന്നത്.
മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ തന്നെ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങളിൽ ആരും പെട്ടുപോകരുത് എന്നും ഖമറുദ്ദീൻ അഭ്യർത്ഥിക്കുന്നു. ചിലർ ഷെയർ ഹോൾഡേഴ്സിനെ നേരിട്ട് കണ്ട് നിങ്ങൾ കേസ് കൊടുത്താൽ മാത്രമേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂ എന്നും അല്ലാത്ത പക്ഷം നിങ്ങളുടെ പൈസ നഷ്ടപ്പെട്ടുപോവുമെന്നുമുള്ള പ്രചരണങ്ങൾ നടത്തി കേസുകൾ വർദ്ധിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഖമറുദ്ദീ ൻകുറ്റപ്പെടുത്തി.
ഏത് അന്വേഷണ ഏജൻസിയും നിഷ്പക്ഷമായും നീതിപൂർവ്വമായും അന്വേഷിച്ചു വ്യക്തിപരമായി താൻ ഇതിൽ നിന്ന് എന്തെങ്കിലും തട്ടിപ്പോ വഞ്ചനയോ നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാൽ തന്റെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ആരും അഭ്യൂഹങ്ങളിൽ വഞ്ചിതരാകരുതെന്നും പ്രശ്ന പരിഹാരത്തിന് സഹകരിക്കണമെന്നും ഖമറുദ്ദീൻ അഭ്യർത്ഥിച്ചു.
Keywords: Kerala, News, Kasaragod, Politics, Gold, Jewellery, Case, M.C.Khamarudheen, Muslim-league, Top-Headlines, Fashion Gold: Spreading rumours and trying to stop the problem as it moves towards solution: MC Qamaruddin.