'സ്വന്തം കൊടിമരത്തില്‍ ഒരു സംഘടന കൊടി ഉയര്‍ത്തുന്നത് തടയുന്നത് ഫാസിസമാണ്, മനുഷ്യനെ കൊന്നുതള്ളിയ ഒരു പ്രസ്ഥാനത്തിനും ഇവിടെ വിശുദ്ധ വേഷം കെട്ടാന്‍ അവകാശവുമില്ല'; എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ശൗകത് നഈമി
കാസര്‍കോട്: (www.kasargodvartha.com 28.12.2020) സ്വന്തം കൊടിമരത്തില്‍ ഒരു സംഘടന കൊടി ഉയര്‍ത്തുന്നത് തടയുന്നത് ഫാസിസമാണെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ശൗകത് നഈമി. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് ശൗകത് നഈമി ഇക്കാര്യത്തില്‍ ശക്തമായി അപലപിക്കുന്നത്. മനുഷ്യനെ കൊന്നുതള്ളിയ ഒരു പ്രസ്ഥാനത്തിനും കൊടികള്‍ അഴിപ്പിക്കാന്‍ അവകാശമില്ലെന്നും അത്തരം വിശുദ്ധ വേഷം കെട്ടുന്നതിനോട് ശക്തമായി വിയോജിക്കുന്നുവെന്നും ശൗകത് നഈമി പറയുന്നു.
അരുംകൊല ചെയ്യാന്‍ പാകത്തില്‍ മനസ്സു മരവിച്ച നരാധമന് എങ്ങനെ എസ് കെ എസ് എസ് എഫിന്റെ കൊടി പിടിക്കാന്‍ അവസരമുണ്ടായി എന്നത് സംഘടന ചിന്തിക്കണം. സഹധര്‍മ്മിണിയെ വിധവയാക്കി, പിറക്കാന്‍ പോകുന്ന ഒരു കുഞ്ഞിനെ അനാഥനാക്കി കൊന്നു തള്ളിയ ഒരു ജീവന്‍ തിരിച്ചു നല്‍കാന്‍ ഒരു മാര്‍ഗവും ഇനി ഇല്ലാത്തതിനാല്‍, ആ കൊടും ക്രൂരതയുടെ ജാള്യത ഈ കൊടി ശീല വിവാദം ഉയര്‍ത്തിയിട്ടൊന്നും മറയ്ക്കാന്‍ കഴിയില്ലെന്നും ശൗകത് നഈമി പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് വിവാദങ്ങള്‍ പലതും ഉണ്ടാക്കാനും സുന്നികളെ അതിലേക്ക് വലിച്ചിഴക്കാനും കൗശലക്കാരായ രാഷ്ട്രീയക്കാര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ചതിക്കുഴി തിരിച്ചറിഞ്ഞ് കരുതലോടെ പ്രതികരിക്കാന്‍ എല്ലാ സുന്നി പ്രവര്‍ത്തകരും തയ്യാറാവണമെന്നും ശൗകത് നഈമി തന്റെ ഫെയ്‌സ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ശൗകത് നഈമിയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം;
എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ശൗകത് നഈമി ഉസ്താദ് എഴുതുന്നു...
സ്വന്തം കൊടിമരത്തില്‍ ഒരു സംഘടന കൊടി ഉയര്‍ത്തുന്നത് തടയാന്‍ മറ്റാര്‍ക്കും അവകാശമില്ല. അത് ഫാസിസമാണ്. ശക്തമായി വിയോജിക്കുന്നു.
ഒരു നിരപരാധിയെ ഒറ്റക്കുത്തിന് കൊന്ന കാപാലികന്റെ കയ്യില്‍ കണ്ട കൊടി ആ കൊലപാതകത്തിന്റെ വേദനയും അമര്‍ഷവും പേറി നില്‍ക്കുന്നവരുടെ മുന്നില്‍ ഉയര്‍ത്തപ്പെടുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് പെട്ടെന്നുണ്ടായ വൈകാരിക പ്രതികരണമായിട്ടാണ് ഇതിനെ മനസ്സിലാക്കുന്നത്. 'പെട്ടെന്നുള്ള വികാരം' എന്നതാണ് ഇവിടുത്തെ വില്ലന്‍. അല്ലാതെ, കൊന്നവര്‍ പിടിച്ച കൊടിയെല്ലാം അഴിപ്പിക്കാനാണെങ്കില്‍ ആരുടെയെല്ലാം കൊടികള്‍ അഴിപ്പിക്കേണ്ടിവരും. മനുഷ്യനെ കൊന്നുതള്ളിയ ഒരു പ്രസ്ഥാനത്തിനും ഈ വിഷയത്തില്‍ വിശുദ്ധ വേഷം കെട്ടാന്‍ യാതൊരു അവകാശവുമില്ല. ആ പേര് പറഞ്ഞ് കൊടികള്‍ അഴിപ്പിക്കാന്‍ അത്തരക്കാര്‍ മുതിരേണ്ടതില്ല.
അരുംകൊല ചെയ്യാന്‍ പാകത്തില്‍ മനസ്സു മരവിച്ച നരാധമന് എങ്ങനെ എസ് കെ എസ് എസ് എഫ് ന്റെ കൊടി പിടിക്കാന്‍ അവസരമുണ്ടായി എന്നത് ആ സംഘടന വിചിന്തനം നടത്തണം. ഒപ്പം ആ കൊടി കൊലപാതകത്തിന്റെ പഴി കേട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ (അതില്‍ കഴമ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും) അത് ഉയര്‍ത്തുന്നത് കൂടുതല്‍ പ്രകോപനം ഉണ്ടാക്കിയേക്കാം എന്ന ചിന്ത ഉണ്ടാവുകയും തല്‍കാലം വേണ്ടെന്നു വെക്കാനുള്ള വീണ്ടുവിചാരം കാണിക്കുകയും ആകാമായിരുന്നു.
കൊലപാതകത്തില്‍ മറുവിഭാഗം സമസ്തക്കോ എസ് കെ എസ് എസ് എഫ് എന്ന സംഘടനക്കോ പ്രാസ്ഥാനികമായി എന്തെങ്കിലും പങ്കുണ്ടെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല. അതിന്റെ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളെ ഞങ്ങള്‍ വിലമതിക്കുകയും ചെയ്യുന്നുണ്ട്. കൊലപാതകമൊന്നും അല്ലെങ്കിലും കൊടിയെക്കാള്‍ പവിത്രമായ പള്ളികളും മുസ്ഹഫുകളുമൊക്കെ നശിപ്പിക്കുന്ന പല പരിപാടികളും കഴിഞ്ഞ കാലങ്ങളില്‍ അവരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങളൊന്നും ഇനി ഉണ്ടാവില്ലെന്നും കൂടുതല്‍ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുയാണെന്നും തോന്നാവുന്ന വിധത്തിലുള്ള പല മാറ്റങ്ങളും പുതിയ നേതാക്കളില്‍ കണ്ട് സന്തോഷിക്കുകയായിരുന്നു. അതിന് ഒരു മാറ്റം വരാന്‍ ഈ കൊലപാതകവും കൊടി വിവാദവുമൊന്നും കാരണമാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
കൊടി ഇന്ന് അഴിപ്പിച്ചെങ്കില്‍ നാളെ കൂടുതല്‍ ഉയരത്തില്‍ വീണ്ടും ഉയര്‍ത്താവുന്നതേ ഉള്ളൂ. എന്നാല്‍, സഹധര്‍മ്മിണിയെ വിധവയാക്കി, പിറക്കാന്‍ പോകുന്ന ഒരു കുഞ്ഞിനെ അനാഥനാക്കി കൊന്നു തള്ളിയ ഒരു ജീവന്‍ തിരിച്ചു നല്‍കാന്‍ ഒരു മാര്‍ഗവും ഇനി ഇല്ലല്ലോ. അതിനാല്‍, ആ കൊടും ക്രൂരതയുടെ ജാള്യത ഈ കൊടി ശീല വിവാദം ഉയര്‍ത്തിയിട്ടൊന്നും മറയ്ക്കാന്‍ കഴിയില്ല. അതിന് മെനക്കെടുന്നവര്‍ വെറുതെ സമയം പാഴാക്കേണ്ടതില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരിയാണ്. രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് വിവാദങ്ങള്‍ പലതും ഉണ്ടാക്കാനും സുന്നികളെ അതിലേക്ക് വലിച്ചിഴക്കാനും കൗശലക്കാരായ രാഷ്ട്രീയക്കാര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ചതിക്കുഴി തിരിച്ചറിഞ്ഞ് കരുതലോടെ പ്രതികരിക്കാന്‍ എല്ലാ സുന്നി പ്രവര്‍ത്തകരും തയ്യാറാവണം.
കാസര്‍കോട് ജില്ലയിലെ ചീമേനി ചാനടുക്കം എന്ന ഞങ്ങളുടെ നാട്ടില്‍ ഒരു മത സംഘടനയുടെ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതവും ഇപ്പോഴുണ്ടായ ജാള്യതകള്‍ മറക്കാനും ചര്‍ച്ചകള്‍ വഴി തിരിച്ച് വിടാനും ഉദ്ദേശിച്ചുള്ളതാണ്. വ്യാജപ്രചാരണങ്ങളല്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് എസ് എസ് എഫ് ചാനടുക്കം യുണിറ്റ് കമറ്റി അറിയിച്ചു.