city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജില്ലയിലെത്തി; പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്‌: (www.kasargodvartha.com 01.12.2020) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി എല്‍ റെഡ്ഡി തിങ്കളാഴ്ച വൈകീട്ടോടെ ജില്ലയിലെത്തി. ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമൊപ്പം പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറാണ്. കാസര്‍കോട് സി പി സി ആര്‍ ഐ ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുക.

പ്രശ്നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധന നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി, ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ മുട്ടം കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്ത് വോട്ടില്‍ താഴെ മാത്രം ഭൂരിപക്ഷമുള്ളതിനാല്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് ഈ സ്‌കൂളിലെ ബൂത്തുകള്‍. 

തുടര്‍ന്ന് മംഗല്‍പ്പാടി ജി.എച്ച്.ഡബ്ല്യു.എല്‍.പി സ്‌കൂള്‍, ജി.എല്‍.പി.എസ് മുളിഞ്ച, ഗവ. ഹിന്ദുസ്ഥാനി യു.പി. സ്‌കൂള്‍ കുറിച്ചിപ്പള്ള തുടങ്ങിയ സ്‌കൂളുകളിലെ ബൂത്തുകളും സന്ദര്‍ശിച്ചു. ചില ബൂത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള റാമ്പ് ഉള്‍പ്പെടെയുളള അപര്യാപത്തതകള്‍ പരിഹരിക്കാന്‍ സംഘം നിര്‍ദേശം നല്‍കി. കോവിഡ് സുരക്ഷയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും വേണ്ട നിര്‍ദേശവും നല്‍കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകള്‍, പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബൂത്തുകള്‍ എന്നിവയാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍. മുന്‍വര്‍ഷങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്ത ബൂത്തുകളാണ് വള്‍നറബിള്‍ ബൂത്തുകള്‍.

ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തൂകളാണുള്ളത്. ഇതില്‍  78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വള്‍നറബിള്‍ ബൂത്തുകളാണുള്ളത്. പരിശോധനയുടെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിന് പോലീസ് സുരക്ഷ കര്‍ശനമാക്കുന്നതും സി.സി.ടി.വി ക്യാമറകള്‍ സ്്ഥാപിക്കേണ്ടതും സംബന്ധിച്ച് കമീഷന്‍ തീരുമാനിക്കുക.


സ്പെഷ്യല്‍ തപാല്‍ വോട്ട്: തപാല്‍ ചര്‍ജ്ജ് ഈടാക്കില്ല

കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കുന്നവരില്‍ നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. കാലതാമസം ഒഴിവാക്കാനായി സ്പെഷ്യല്‍ തപാല്‍ വോട്ട് സ്പീഡ് പോസ്റ്റ് വഴി അയക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. സ്പീഡ് പോസ്റ്റിന്റെ ചെലവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് വഹിക്കുക. പോസ്റ്റ് മാസ്റ്റര്‍ ജനറലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്മീഷണര്‍ അറിയിച്ചു.

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ജില്ലയില്‍ ആരംഭിച്ചു.  പരപ്പ, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരപ്പ ജി എച്ച് എസ് എസിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസിലും, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കുമ്പള ജി എച്ച് എസ് എസിലുമാണ് പരിശീലനം നല്‍കുന്നത്.  പരിശീലനം ഡിസംബര്‍ രണ്ടിന് സമാപിക്കും. രാവിലെയും ഉച്ചയ്ക്കുമുള്ള രണ്ട് സെഷനുകളിലായിട്ടാണ് പരിശീലനം

കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഡിസംബര്‍ മൂന്ന്, നാല് തീയ്യതികളില്‍ നടക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കാസര്‍കോട് ഗവ  കോളേജിലും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പടന്നക്കാട് നെഹ്രു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലുമാണ് പരിശീലനം

തെരഞ്ഞെടുപ്പ് നിരീക്ഷകന്‍  പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കുന്ന കുമ്പള ജി എച്ച് എസ് എസ് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി എല്‍ റെഡ്ഡി സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അദ്ദേഹം വിലയിരുത്തി,മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി ശില്പ എന്നിവരും ക്ലാസുകള്‍ സന്ദര്‍ശിച്ച് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്കി. 

തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജില്ലയിലെത്തി; പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ചു



Keywords: Election, Local-Body-Election-2020, Politics, District, Kasaragod, Kerala, News, Top-Headlines, Election observer arrives in district.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia