Disqualified | ഈസ്റ്റ് എളേരി ഗ്രാമപഞ്ചായതിലെ 4 അംഗങ്ങളെ തിരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി; നടപടി നേരിട്ടത് ജയിംസ് പന്തമ്മാക്കൽ വിഭാഗത്തിലുള്ളവർ
പഞ്ചായത് പ്രസിഡണ്ട് കോൺഗ്രസിലെ ജോസഫ് മുത്തോലി നൽകിയ പരാതിയിലാണ് നടപടി
ഈസ്റ്റ് എളേരി: (KasargodVartha) ഗ്രാമപഞ്ചായതിലെ നാല് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി. പഞ്ചായത് മുൻ പ്രസിഡണ്ടും കോൺഗ്രസ് വിമതനുമായ ജെയിംസ് പന്തമ്മാക്കലിനെ അനുകൂലിക്കുന്നവരെയാണ് അയോഗ്യരാക്കിയത്. പന്തമാക്കലിന്റെ നേതൃത്വത്തിൽ ഡിഡിഎഫിന്റെ സ്ഥാനാർഥികളായി പഞ്ചായത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഒന്നാം വാർഡ് മെമ്പർ ജിജി തോമസ് തച്ചാർകുടി, മൂന്നാം വാർഡ് മെമ്പർ ഡെറ്റി ഫ്രാൻസിസ്, പത്താം വാർഡ് മെമ്പർ വിനീത് ടി ജോസഫ്, പതിനാലാം വാർഡ് മെമ്പർ ജിജി പുതിയ പറമ്പിൽ എന്നിവർക്കെതിരെയാണ് നടപടി.
ഇവരെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യത കൽപ്പിച്ചിട്ടുണ്ട്. പഞ്ചായത് പ്രസിഡണ്ട് കോൺഗ്രസിലെ ജോസഫ് മുത്തോലി നൽകിയ പരാതിയിലാണ് നടപടി. 2015 തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റായിരുന്ന ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തില്‍ ഡിഡിഎഫ് എന്ന മുന്നണി രൂപവത്കരിച്ചത്.
ഇപ്പോൾ ആയോഗ്യരാക്കപ്പെട്ട നാലുപേരും സ്വതന്ത്ര സ്ഥാനാർഥികൾ ആയിട്ടാണ് 2020ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ യുഡിഫ് ഘടക കക്ഷിയായ ആർഎംപിക്ക് അനുവദിച്ചിട്ടുള്ള ഫുട്ബോൾ ചിഹ്നം ആയി കിട്ടുന്നതിനുവേണ്ടി ആർഎംപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ കത്ത് വാങ്ങി റിടേണിങ് ഓഫീസർക്ക് ഹാജരാക്കിയിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫുട്ബാൾ ചിഹ്നം ഇവർക്ക് അനുവദിച്ചത്. ആർഎംപി ചിഹ്നത്തിലാണ് ഈ നാല് സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഡിഡിഎഫ് ഏഴ്, യുഡിഫ് ഏഴ്, എൽഡിഎഫ് - രണ്ട് എന്നിങ്ങനെയാണ് പഞ്ചയതിലെ കക്ഷി നില. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ജയിംസ് പാന്തമാക്കലും യുഡിഎഫിലെ ജോസഫ് മുത്തോലിയും തമ്മിലായിരുന്നു മത്സരം. യുഡിഎഫിന്റെ ഘടകക്ഷിയായ ആർഎംപി ചിഹ്‌നതിൽ മത്സരിച്ച നാല് പേരോടും യുഡിഫ് സ്ഥാനാർഥി ജോസഫ് മുത്തോലിക്ക് വോട് ചെയ്യണമെന്ന് ആർഎംപി സംസ്ഥാന ജെനറൽ സെക്രടറി എൻ വേണു വിപ് നൽകിയിരുന്നു.
എന്നാൽ ആ വിപ് പാലിക്കാൻ തങ്ങൾ ബാധ്യസ്ഥർ അല്ലെന്ന നിലപാട് ആണ് ഇവർ സ്വീകരിച്ചത്. 2020 ഡിസംബർ 30ന് നടന്ന തിരഞ്ഞെടുപ്പിൽ ജെയിംസ് പന്തമാക്കലിന് വോട് രേഖപ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരെ അഡ്വ. ജോസഫ് മുത്തോലി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.
ആർഎംപി സ്ഥാനാർഥികൾ ആയി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും, പിന്നീട് ആർഎംപി നേതൃത്വത്തിന്റെ നിർദേശം ലംഘിക്കുകയും ചെയ്യുന്നത്, കൂറുമാറ്റ നിരോധനത്തിന്റെ പരിധിയിൽ വരുമെന്നും ഇവരെ അയോഗ്യർ ആക്കണം എന്നുമാണ് ജോസഫ് മുത്തോലി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ മുൻപാകെ ആവശ്യപ്പെട്ടത്.
ഈ വാദത്തിൽ കഴമ്പ് ഉണ്ടെന്നും, ആർഎംപിയുടെ കത്ത് ഹാജരാക്കി ചിഹ്നം ലഭ്യമാക്കിയാൽ അവർ മെമ്പർമാർ ആയിരിക്കുന്ന കാലത്തോളം, പാർടി നിർദേശം പാലിക്കാൻ ബാധ്യസ്ഥർ ആണെന്നും, അഡ്വ. ജോസഫ് മുത്തോലിക്ക് പ്രസിഡന്റ് സ്ഥലത്തേക്ക് വോട് ചെയ്യണമെന്ന് നിർദേശം പാലിക്കാതിരുന്നത് കൂറുമാറ്റനിയമത്തിന്റെ പരിധിയിൽ വരുമെന്നും വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് കമീഷൻ നാല് പേരെ അയോഗ്യരാക്കിയിരിക്കുന്നതെന്ന് ജോസഫ് മുത്തോലി കാസർകോട് വാർത്തയോട് പറഞ്ഞു.