സിഎംആർഎൽ - എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടപടി; പിണറായി വിജയൻ്റെ വീട്ടിലെ തൂണിൽ ഇ ഡി സമൻസ് പതിച്ചു മടങ്ങി
● ജീവനക്കാർ നോട്ടിസ് കൈപ്പറ്റാത്തതിനെ തുടർന്നാണ് തൂണിൽ പതിച്ചത്
● പൊലീസിനെ കൂട്ടി ബലമായാണ് ഉദ്യോഗസ്ഥർ സമൻസ് പതിച്ചതെന്ന് വി ശിവൻകുട്ടി
● മുഹമ്മദ് റിയാസിനെതിരെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുത്തിരുന്നു
● കേസിൽ സുപ്രീം കോടതിയിൽ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇ ഡിയുടെ നീക്കം
തിരുവനന്തപുരം: (KasargodVartha) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എത്തി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസ് വീടിൻ്റെ മുന്നിലെ തൂണിൽ പതിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി.
പിണറായി വിജയനോ കുടുംബാംഗങ്ങളോ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ജീവനക്കാർ നോട്ടിസ് സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് വീടിനു മുന്നിലുള്ള തൂണിൽ നോട്ടിസ് പതിപ്പിച്ചത്. ഇതിനുപുറമെ തപാലിലും ഇ ഡി നോട്ടിസ് അയച്ചിട്ടുണ്ട്.
പോലീസിനെ കൂട്ടി ബലമായി സമൻസ് പതിച്ചു
ഇ ഡി എത്തിയ വിവരമറിഞ്ഞ് മുൻമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി. ഇ ഡി സംഘം ആദ്യമെത്തിയപ്പോൾ പിണറായി സ്ഥലത്തില്ലെന്നും കണ്ണൂരിലാണെന്നും അറിയിച്ചപ്പോൾ അവർ മടങ്ങിപ്പോയെന്ന് വി ശിവൻകുട്ടി പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർ തിരിച്ചുവന്ന ശേഷം സമൻസ് ഭിത്തിയിൽ പതിക്കുകയാണെന്നും സാക്ഷി ഒപ്പിട്ടു നൽകണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ ഇതു സമ്മതിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥർ വീണ്ടും മടങ്ങിയ ശേഷം പോലീസുകാരെയും കൂട്ടി തിരിച്ചുവന്ന് ബലമായി സമൻസ് പതിച്ചു മടങ്ങുകയായിരുന്നു.
'കേരളത്തിലെ പ്രതിപക്ഷ നേതാവ് നാടുവിട്ടു പോയ നേതാവൊന്നും അല്ലല്ലോ. സമയമെടുത്ത് നോട്ടിസ് നേരിട്ട് കൊടുക്കാൻ കഴിയുമായിരുന്നല്ലോ. പിണറായി വേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സംസ്ഥാന സർക്കാരും അതിനു കൂട്ടുനിൽക്കുന്നതുകൊണ്ടാണ് പോലീസുകാരെ അയച്ചിരിക്കുന്നത്', എന്ന് വി ശിവൻകുട്ടി ആരോപിച്ചു. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിലാണ് ഇ ഡി ഇത്തരത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ഇതേ വീട്ടിൽ റെയ്ഡിന് എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നത്.
സിഎംആർഎൽ കേസും നടപടികളും
സിഎംആർഎൽ - എക്സാലോജിക് ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയത്.
വിജിലൻസ് എഫ്ഐആറിൻ്റെ ചുവടുപിടിച്ച് രണ്ട് ഇസിഐആർ ആണ് ഇ ഡി രജിസ്റ്റർ ചെയ്തിരുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത വിജിലൻസിൻ്റെ നടപടികൾക്കെതിരെ പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടികളുമായി ഇ ഡി രംഗത്തെത്തിയിരിക്കുന്നത്.
കൂടുതല് വാർത്തകളും വിശേഷങ്ങളും അറിയാന് ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: ED pasted summons on Opposition Leader Pinarayi Vijayan's residence pillar.
#PinarayiVijayan #EnforcementDirectorate #CMRLCase #KeralaPolitics #TrivandrumNews #CPM #ExalogicCase #NationalNews #RenuNews






