Threat | ഒളിച്ചിരിക്കാതെ യൂണിഫോമും, തൊപ്പിയും മാറ്റി കാഞ്ഞങ്ങാട് അങ്ങാടിയിൽ ഇറങ്ങണമെന്ന് ഡിവൈഎസ്പിയോട് ഡിവൈഎഫ്ഐ നേതാവിൻ്റെ വെല്ലുവിളി; ഒരു എസ്എഫ്ഐക്കാരൻ മതി കൈകാര്യം ചെയ്യാനെന്നും ഭീഷണി
● പ്രകോപിപ്പിച്ചത് പൊലീസ് ലാതി ചാർജ്
● നഴ്‌സിങ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം
● യൂണിഫോം അഴിച്ച് കാഞ്ഞങ്ങാട് അങ്ങാടിയിൽ ഇറങ്ങണമെന്നാണ് വെല്ലുവിളി
കാഞ്ഞങ്ങാട്: (KasargodVartha) മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധ മാർച് നടത്തിയവർക്കെതിരെ ലാതിചാർജിന് നേതൃത്വം നൽകിയ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ് .
യൂണിഫോമും, തൊപ്പിയും അഴിച്ചുമാറ്റി കാഞ്ഞങ്ങാട് അങ്ങാടിയിൽ ഇറങ്ങണമെന്നാണ് വെല്ലുവിളി. ഒരു എസ്എഫ്ഐക്കാരൻ മതി നിന്നെ കൈകാര്യം ചെയ്യാനെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട് പ്രസംഗത്തിൽ ഭീഷണിപ്പെടുത്തി. കാഞ്ഞങ്ങാട് ടൗണിൽ വെച്ച് ഡിവൈഎസ്പിയെ നേരിടുമെന്നും ബാബു പെരിങ്ങേത്തിനെത്തിരെ സർകാർ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് പ്രതിഷേധ മാർച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം അക്രമത്തിൽ കലാശിച്ചത്.
മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സംഭവം സഹപാഠികൾ കണ്ടതിനാലാണ് വിദ്യാർഥിനിയെ രക്ഷിക്കാനായത്. പെൺകുട്ടിയുടെ ആത്മഹത്യാശ്രമം ചൂണ്ടിക്കാട്ടി വിവിധ വിദ്യാർഥി സംഘടനകളും യുവജന സംഘടനകളും വ്യാപകമായാണ് പ്രതിഷേധ മാർച് സംഘടിപ്പിച്ചത്.
#Kerala #DYFI #police #protest #nursingstudent #suicide #violence #Kannur #India