ബിജെപി പ്രവര്‍ത്തകനില്‍ നിന്ന് കള്ളനോട് പിടികൂടിയ കേസ്; 'ഡ്യൂപ്ലികേറ്റ് ബ്രദേഴ്സ്' റിമാന്‍ഡില്‍
കൊടുങ്ങല്ലൂര്‍: (www.kasargodvartha.com 30.07.2021) അപകടത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനില്‍ നിന്ന് കള്ളനോട് പിടികൂടിയ കേസില്‍ 'ഡ്യൂപ്ലികേറ്റ് ബ്രദേഴ്സ്' റിമാന്‍ഡില്‍. ബിജെപി പ്രവര്ത്തകന് മേത്തല വടശേരി കോളനിയില്‍ താമസിക്കുന്ന കോന്നംപറമ്പില്‍ ജിത്തുവിന്റെ പക്കല്‍ നിന്ന് 1,78,500 രൂപയുടെ കള്ളനോട് കണ്ടെത്തിയ കേസ് അനേഷണത്തിലാണ് കള്ളനോട്ട് ശൃംഗലയിലെ ഡ്യൂപ്ലികേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീനാരായണപുരം പനങ്ങാട് അഞ്ചാം പരുത്തി സ്വദേശികളായ എരാശേരി വീട്ടില്‍ രാകേഷ് (37) സഹോദരന് രാജീവ് (35) എന്നിവരെയാണ് വ്യാഴാഴ്ച റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ ജില്ല ജയിലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലാണ് യുവമോര്‍ച്ചയുടെയും, ബിജെപിയുടെയും മുന്‍ ഭാരവാഹികള്‍ ആയിരുന്ന ഇവരെ ബാംഗ്ലൂരില്‍ നിന്നും പിടികൂടിയത്. 2017ല്‍ ഇവരുടെ വീട്ടില്‍ നിന്നും കള്ളനോടുകളും നോട് അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിന് പുറത്ത് പോയി കള്ളനോട് അടി തുടര്‍ന്നു.
മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനല്സുമായി ബന്ധപ്പെട്ട് കള്ളനോട് അടിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു. അന്തിക്കാട് കാഞ്ഞാണിയില്‍ വച്ച് 52 ലക്ഷത്തിന്റെ കള്ളനോടുമായി 2019 ല്‍ രാഗേഷിനെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളില്‍ കള്ളനോട് കേസില്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു.
ഇതിനിടയിലാണ് ബിജെപി പ്രവര്‍ത്തകനായ ജിത്തു ഇവരില്‍ നിന്ന് വാങ്ങിയ കള്ളനോടുമായി ബൈകില്‍ വരുമ്പോള്‍ അപകടത്തില്‍പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
Keywords: News, Kerala, Arrest, BJP, Top-Headlines, Politics, Police, Crime, Hospital, Treatment, 'Duplicate Brothers' arrested in counterfeit note case