Congress | പെരിയ കോൺഗ്രസിലെ തർക്കം സഹകരണ മേഖലയിലേക്കും; പ്രസിഡന്റ് വിളിച്ച ബാങ്ക് യോഗത്തിൽ ഡയറക്ടർമാർ ആരും പങ്കെടുത്തില്ല; ക്വാറം തികയാത്തതിനാൽ മാറ്റിവെച്ചു
എംപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് ഡിസിസി ജെനറൽ സെക്രടറി ധന്യ സുരേഷ്
പെരിയ: (KasargodVartha) കോൺഗ്രസിലെ (Congress) തർക്കം സഹകരണ മേഖലയിലേക്കും വ്യാപിച്ചു. പെരിയ സർവീസ് സഹകരണ ബാങ്ക് (Periya Service Co Operative Bank) പ്രസിഡണ്ടായ, കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ രാമകൃഷ്ണൻ പെരിയ വിളിച്ച യോഗത്തിൽ ഡയറക്ടർമാരാരും പങ്കെടുക്കാത്തതിനെ തുടർന്ന് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
ബുധനാഴ്ച രാവിലെ 11 മണിക്കാണ് ബാങ്ക് ഹാളിൽ ഡയറക്ടർ ബോർഡ് യോഗം (Board of Directors meeting) വിളിച്ചുചേർത്തിരുന്നത്. 11 അംഗ ഭരണസമിതിയിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ബാങ്ക് പ്രസിഡന്റ് രാമകൃഷ്ണൻ പെരിയയ്ക്ക് പുറമെ കെപിസിസി സെക്രടറിയായിരുന്ന (KPCC Secretary) ബാലകൃഷ്ണൻ പെരിയയുടെ മൂത്ത സഹോദരൻ രാജൻ പെരിയ, പ്രമോദ് പെരിയ എന്നിവരാണ് പ്രസിഡന്റിന്റെ പക്ഷത്തുള്ളത്. ഇതിൽ രാജൻ പെരിയ, പ്രമോദ് പെരിയ എന്നിവർ യോഗത്തിനെത്തിയില്ല.
ഇവരെ കൂടാതെ മറ്റ് എട്ട് ഡയറക്ടർമാരായ (Directors) ധന്യ സുരേഷ്, രതീഷ് കല്യോട്ട്, രവി കണ്ണോത്ത്, സരിത, ചന്ദ്രിക, കമലാക്ഷൻ, ബെന്നി കാഞ്ഞിരടുക്കം, രവീന്ദ്രൻ താന്നിയടി എന്നിവരാണ് യോഗത്തിൽ സംബന്ധിക്കാതിരുന്നത്. കൊല്ലപ്പെട്ട യൂത് കോൺഗ്രസ് പ്രവർത്തകൻ (Periya Twin Murders) ശരത് ലാലിന്റെ പിതാവ് സത്യനാരായണന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രി എംപിയും ഡിസിസി ജെനറൽ സെക്രടറി ധന്യ സുരേഷും ഒപ്പം ഡിസിസി പ്രസിഡന്റ് പി കെ ഫൈസലും ചേർന്ന് ഡയറക്ടർമാരെയെലാം വിളിച്ച് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഇവരെല്ലാം വിട്ടുനിന്നതെന്ന് ബാങ്ക് പ്രസിഡന്റ് രാമകൃഷ്ണൻ പെരിയ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ബാങ്കിന്റെ മിനുറ്റ്സിൽ യോഗം മാറ്റിവെച്ച കാര്യം രേഖപ്പെടുത്തി താൻ തിരിച്ചുപോവുകയായിരുന്നു. എംപിയും മറ്റും ചേർന്ന് ജാതീയത കളിക്കുകയാണ്. തനിക്കെതിരെ അവിശ്വാസം കൊണ്ടുവന്ന് ധന്യ സുരേഷിനെ പ്രസിഡന്റാക്കാനാണ് നീക്കം നടത്തുന്നത്. രണ്ടുപേർ മാത്രമാണ് ഇവരുടെ പക്ഷത്തുള്ളത്. ഇവരുടെ നീക്കം ചെറുക്കും. യോഗത്തിൽ സംബന്ധിക്കാൻ വരുന്നതിനിടയിൽ സംവരണ വിഭാഗം ഡയറക്ടർറായ കമലാക്ഷനെ മറ്റൊരു ഡയറക്ടറായ രതീഷ് കല്യോട്ട് യോഗത്തിനാണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചു.
അതേസമയം ഡിസിസിയുടെ തീരുമാന പ്രകാരം, പാർടിയിൽ നിന്ന് പുറത്താക്കിയവർ വിളിക്കുന്ന യോഗത്തിൽ സംബന്ധിക്കരുതെന്ന് എല്ലാവരെയും വിളിച്ച് പ്രസിഡന്റ് കർശന നിർദേശം നൽകിയിരുന്നതായി ഡയറക്ടർമാർ വ്യക്തമാക്കി. പാർടിയുടെ കാര്യത്തിലോ ബാങ്കിന്റെ കാര്യത്തിലോ ഇടപെടില്ലെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞിരുന്നതെന്നും ഇക്കാര്യത്തിൽ എംപിയെ വലിച്ചിഴക്കേണ്ടതില്ലെന്നുമാണ് ഡിസിസി ജെനറൽ സെക്രടറി ധന്യ സുരേഷ് കാസർകോട് വാർത്തയോട് പറഞ്ഞത്.
താനോ ശരത് ലാലിന്റെ പിതാവ് സത്യനാരായണനോ ആരെയും വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ഡിസിസിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തനറെ പേര് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിരുന്നുവെന്നും എന്നാൽ സീനിയർ നേതാക്കളെയാണ് പരിഗണിക്കേണ്ടതെന്ന് പറഞ്ഞ് താൻ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ധന്യ വ്യക്തമാക്കി.
ജാതീയത ഉയർത്തിക്കൊണ്ടുവന്ന് പാർടിയെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനം ആർക്കും നൽകാതെ ഇപ്പോഴും ഒഴിച്ചിട്ടത് പോലും തന്നെ പരിഗണിച്ചത് കൊണ്ടാണെന്നും ധന്യ പറഞ്ഞു. തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ഉയർന്ന സംവരണ വിഭാഗത്തിൽപെട്ട ഡയറക്റായ കമലാക്ഷന്റെ പ്രതികരണം ലഭിച്ചിട്ടില്ല.