Election Defeat | ഡൽഹി തിരഞ്ഞെടുപ്പ്: ബിജെപിക്ക് കളമൊരുക്കി ഇൻഡ്യ മുന്നണി തകർച്ച പൂർണമോ?

● ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വേർപിരിഞ്ഞു മത്സരിക്കുന്നു
● തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിക്കൊപ്പം
● ബിജെപിക്ക് ഇത് അനുകൂല സാഹചര്യമൊരുക്കുന്നു
● കോൺഗ്രസിന്റെ തുടർച്ചയായ പരാജയങ്ങൾ INDIA സഖ്യത്തിന്റെ ഭാവിയെ ബാധിക്കുന്നു.
ന്യൂഡൽഹി: (KasargodVartha) ഓരോ തിരഞ്ഞെടുപ്പിലെയും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാനാവാതെ കോൺഗ്രസും, ഇൻഡ്യ മുന്നണി സഖ്യവും. ഒറ്റക്കെട്ടായി മത്സരിക്കേണ്ട ഡൽഹിയിൽ ആം ആദ്മി പാർട്ടിയും, കോൺഗ്രസും നേർക്കുനേർ പോരാടുന്ന കാഴ്ച ഇന്ത്യ മുന്നണി സഖ്യത്തിന്റെ തകർച്ച പൂർണമാക്കുന്നു. ഇവിടെ ഇൻഡ്യ മുന്നണി കക്ഷികളായ തൃണമൂൽ കോൺഗ്രസും, സമാജ് വാദി പാർട്ടിയും കോൺഗ്രസിനെ വിട്ട് ഇൻഡ്യ മുന്നണി സഖ്യത്തിൽ ആം ആദ്മി പാർട്ടിയോടൊപ്പം ചേരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇൻഡ്യ മുന്നണി നേതൃത്വനിരയിലേക്ക് മമതാ ബാനർജിയെ ഉയർത്തിക്കൊണ്ടു വരണമെന്ന ആവശ്യം നിലനിൽക്കെയാണ് ഇങ്ങനെയൊരു സഖ്യം ഡൽഹിയിൽ ഇപ്പോൾ രൂപപ്പെട്ടിട്ടുള്ളത് എന്നുവേണം അനുമാനിക്കാൻ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി ഒന്നിച്ച് മത്സരിച്ചിട്ട് പോലും ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാൻ ആം ആദ്മി പാർട്ടിക്കോ, കോൺഗ്രസിനോ കഴിഞ്ഞിരുന്നില്ല. ഇത് ഇരു പാർട്ടികളുടെയും ഉൾപ്പോര് വ്യക്തമായതുമാണ്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിൽ അവസാന നിമിഷം ഉണ്ടായ പൊട്ടിത്തെറി ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്നതിൽ തർക്കമില്ലെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഈ വർഷം ഇനി വരാനിരിക്കുന്നത് ബിഹാർ തിരഞ്ഞെടുപ്പാണ്. കേന്ദ്ര ബജറ്റിൽ വാരിക്കോരി ബിഹാറിന് നൽകുക വഴി അവിടെയും നിതീഷ് കുമാറുമായുള്ള ബന്ധം ബിജെപി ദൃഢമാക്കി കഴിഞ്ഞു. ആർജെഡിക്ക് മേധാവിത്വമുള്ള ബിഹാറിൽ ഇൻഡ്യ സഖ്യം കോൺഗ്രസ് ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അത്ഭുതപ്പെടാനുമില്ല.
കോൺഗ്രസിന്റെ നേതൃത്വമില്ലായ്മ പാർട്ടിക്ക് എവിടെയും ക്ലച്ച് പിടിക്കുന്നില്ല. പറയാൻ കുറെ നേതാക്കൾ ഉണ്ടെങ്കിലും ഇൻഡ്യ മുന്നണി സഖ്യത്തെ ഒന്നിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവ് ഈ നേതാക്കൾക്കില്ലെന്നാണ് വിമർശനം. സോണിയാ ഗാന്ധിക്കും, പ്രിയങ്കയ്ക്കും, രാഹുലിനും സംഘടനാ വിഷയത്തിൽ ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാനും കഴിയുന്നുമില്ല.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇൻഡ്യ മുന്നണി സഖ്യവുമായി മുന്നോട്ടുപോകണമെന്ന നല്ല ആഗ്രഹമുണ്ട്. എന്നാൽ ഓരോ സംസ്ഥാനത്തെയും പ്രാദേശിക നേതാക്കളാണ് ഇതിന് വിലങ്ങ് തടിയാവുന്നത്. പരമാവധി കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതൽ മല്ലികാർജുൻ ഖാർഗെ സ്വീകരിക്കുന്ന നിലപാട്. എഐസിസി എടുക്കുന്ന ഒരു തീരുമാനങ്ങളും പ്രാവർത്തികമായി വരുന്നില്ല എന്നതാണ് ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം സംഘടന തലത്തിലെ ദൗർബല്യവും, പാളിച്ചയും.
കഴിഞ്ഞ 10 വർഷത്തിലേറെയായി പ്രതിപക്ഷത്തിരുന്നിട്ടും മുന്നണിയെ എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാനാവുമെന്ന് ഇതുവരെ പഠന വിധേയമാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. തുടരെ തുടരെയുള്ള പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോഴും ഒരു ആത്മപരിശോധനയ്ക്ക് പാർട്ടി മുതിരുന്നുമില്ല. ഹിന്ദി ഹൃദയ ഭൂമികയിൽ നിന്ന് വേണ്ടത്ര നേതാക്കളുടെ അഭാവമാണ് കോൺഗ്രസിന് സംഘടനാതലത്തിൽ ഉണർവേകുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത്.
ഉള്ള നേതാക്കൾക്കിടയിലെ ഉൾപ്പോര് കോൺഗ്രസിന്റെ പ്രതീക്ഷകളെ തകർക്കുകയും ചെയ്യുന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അമിത വിശ്വാസത്തിൽ എക്സിറ്റ് പോളുകളെ കാത്തിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്യുന്നത്. താഴെ തട്ടിലിറങ്ങി പ്രവർത്തിക്കാൻ കോൺഗ്രസ് ഇനിയും സജ്ജമായിട്ടുമില്ല. പ്രചാരണ തന്ത്രം ചലിപ്പിക്കാൻ കോൺഗ്രസിന് താഴെതട്ടിൽ പാർട്ടി ഘടകങ്ങളും, സംവിധാനങ്ങളുമില്ല. സോണിയയും, പ്രിയങ്കയും, രാഹുലും പ്രചാരണം നടത്തിയാൽ എല്ലാമായി എന്ന ചിന്തയാണ് ഇപ്പോഴും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾക്കുള്ളത്.
2023-24 കാലയളവിൽ നടന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലൊന്നും കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല എന്നതാണ് ഇൻഡ്യ സഖ്യത്തിൽ നിന്ന് പലകക്ഷികളും മാറി ചിന്തിക്കാൻ കാരണമായത്. ഡൽഹിയിൽ കൂടി കോൺഗ്രസ് പതറിയാൽ പിന്നെ ഇൻഡ്യ സഖ്യത്തിന്റെ നിലനിൽപ്പിനെ അത് ബാധിക്കും.ഇപ്പോൾതന്നെ മുന്നണിയോട് അകൽച്ചയിലാണ് തൃണമൂൽ കോൺഗ്രസ്. മുന്നണി യോഗങ്ങളിൽ പോലും മമതാബാനർജി പങ്കെടുക്കാറില്ല.
കോൺഗ്രസ് വെറും 'അദാനി' വിഷയം മാത്രം ഉന്നയിക്കുന്നുവെന്നാണ് മുന്നണിയിലെ സമാജ് വാദി, തൃണമൂൽ, എൻസിപി ശരത് പവാർ വിഭാഗം, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, ആർജെഡി തുടങ്ങിയ കക്ഷികൾക്കുള്ളത്. അതുകൊണ്ടുതന്നെയാണ് ഇൻഡ്യ സഖ്യത്തിന്റെ നേതാവായി മമതാ ബാനർജിയെ ഉയർത്തിക്കാട്ടണമെന്ന ആവശ്യം പോലും ഉന്നയിക്കാൻ ലാലു പ്രസാദ് യാദവും, ഉദ്ദവ് താക്കറും നിർബന്ധിതരായത്.
തിരഞ്ഞെടുപ്പ് മാനേജ്മെന്റ് വൈദഗ്ധ്യം കോൺഗ്രസ് ഇനിയും പരിശീലിക്കേണ്ടിയിരിക്കുന്നു. ഇൻഡ്യ എന്ന പ്രതിപക്ഷ സഖ്യത്തിൽ മറ്റു പാർട്ടികളെ ഉൾക്കൊള്ളാനുള്ള വിശാല ഹൃദയം കോൺഗ്രസ് നേതൃത്വത്തിന് ഇപ്പോഴില്ല. അതാണ് ഓരോ തെരഞ്ഞെടുപ്പുകളിലും വോട്ടുകൾ ചിന്നിച്ചിതറി ബിജെപിക്ക് സഹായകമാവുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇനിയും ഒറ്റയ്ക്ക് ജയിച്ചു കയറാമെന്ന ശുഭാപ്തി കോൺഗ്രസ് ഉപേക്ഷിച്ചേ പറ്റൂവെന്നും തുടർച്ചയായുള്ള തിരിച്ചടികൾ പാർട്ടിയെ കൂടുതൽ ക്ഷീണിപ്പിക്കുമെന്നും പാർട്ടിക്കുളിൽ തന്നെ പറയുന്നവരുണ്ട്.
കോൺഗ്രസ് നേതൃത്വത്തിന് ഇനിയും പുനരാലോചനയ്ക്ക് സമയമുണ്ട്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് ഡൽഹി സാക്ഷ്യം വഹിക്കേണ്ടിവരുമെന്നതിൽ സംശയമില്ല. അത് ഒരുപക്ഷേ കോൺഗ്രസിനെ മറ്റു സഖ്യകക്ഷികളിൽ നിന്ന് ഒറ്റപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. കോൺഗ്രസ് തോൽക്കുമ്പോൾ ഇവിഎം വിവാദം ഉണ്ടാക്കി തലയൂരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ആക്ഷേപവും സഖ്യകക്ഷികൾക്കുണ്ട്. ഇതിനൊക്കെ പരിഹാരം കാണാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയേണ്ടതുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Congress struggles to unite the INDIA alliance, facing leadership issues and constant defeats. The upcoming Delhi election results may determine its future.
#DelhiElection, #INDIAAlliance, #Congress, #MamataBanerjee, #ElectionDefeat, #BJP